പ്രിയങ്കയുടെ കരച്ചില്, ഒരുമണിക്കൂര്‍ ഷൂട്ട് നിര്‍ത്തിവെച്ചു; മാനവ് കൗള്‍
പ്രിയങ്ക ചൊപ്ര പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ജയ് ഗംഗാജല്‍
1 Dec 2021 3:03 AM GMT
ഫിൽമി റിപ്പോർട്ടർ

ഷൂട്ടിനിടെ പ്രിയങ്ക ചോപ്ര തന്നെ ചവിട്ടിയെന്ന് നടന് മാനവ് കൗള്‍. അതിനെതുടര്‍ന്ന് പ്രിയങ്ക കരയാന്‍ തുടങ്ങിയെന്നും ഒരുമണിക്കൂറോളം ഷൂട്ടിങ് നിര്‍ത്തിവെച്ചതായും മാനവ് പറഞ്ഞു. ബോളിവുഡ് ലൈഫിന് നല്കിയ അഭിമുഖത്തിലാണ് മാനവ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകാശ് ഝാ സംവിധാനം ചെയ്ത ക്രൈം ഡ്രാമ ചിത്രമാണ് ജയ് ഗംഗാജല്‍. 2003 ലാണ് ചിത്രം പുറത്തിറങ്ങിയത്. പ്രിയങ്ക ചോപ്ര, മാനവ് കൗള്‍, രാഹുല്‍ ഭട്ട്, ക്വീന്‍ ഹരീഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.
' ഞാനും പ്രിയങ്കയും ഒരു ഫൈറ്റ് സീന്‍ ചെയ്യുകയായിരുന്നു. എഴുന്നേറ്റ് എന്നെ ചവിട്ടേണ്ടതായിരുന്നു സീന്‍. എന്നാല്‍ അവള് അബദ്ധത്തില്‍ എന്റെ തൊണ്ടയിലാണ് ചവിട്ടിയത്. കുഴപ്പമില്ലായിരുന്നു. കാരണം ഒരു ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍, എന്തെങ്കിലും തെറ്റ് സംഭവിക്കുമെന്നും പരിക്കേല്‍ക്കുമെന്നും നമുക്കറിയില്ലല്ലോ. ഉടനെ അവള് കരയാന്‍ തുടങ്ങി. കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും അവള്‍ക്കത് ഏറെ സങ്കടമായിരുന്നു. ഒരുമണിക്കൂറോളം ഷൂട്ട് നിര്‍ത്തിവെച്ചു' മാനവ് പറഞ്ഞു.
പ്രിയങ്ക ചൊപ്രയുടെ പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ജയ് ഗംഗാജല്‍. എസ് പി ആഭ മാഥുര്‍ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. പൊലീസ് സേനയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും അഴിമതിക്കെതിരായ പോരാട്ടവുമാണ് ചിത്രത്തില്‍ പറയുന്നത്. പ്രകാശ് ഝാ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.