Top

'പൃഥ്വിരാജ്' '18 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമെന്ന് അക്ഷയ് കുമാര്‍; അത്രയും ദയനീയമെന്ന് നെറ്റിസണ്‍സ്

10 Jun 2022 10:54 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് 18 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമെന്ന് അക്ഷയ് കുമാര്‍; അത്രയും ദയനീയമെന്ന് നെറ്റിസണ്‍സ്
X

അക്ഷയ് കമാര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങുന്നത്. പിന്നാലെ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് അക്ഷയ് കുമാര്‍ പങ്കുവച്ച ട്വീറ്റ് ഇപ്പോള്‍ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

'18 വര്‍ഷത്തെ ഗവേഷണത്തിനും 2 വര്‍ഷത്തെ വിഎഫ്എക്‌സിനും മൂന്ന് കൊവിഡ് തരംഗത്തിനും ശേഷം ആ ദിവസം എത്തി. 'സാമ്രാട്ട് പൃഥ്വിരാജ്' നിങ്ങള്‍ക്കടുത്തുള്ള ബിഗ് സ്‌ക്രീനില്‍ എത്താന്‍ സമയമായി' എന്നായിരുന്നു ആക്ഷയ് കുമാറിന്റെ ട്വീറ്റ്. ഇതാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിലെ ചില ഭാഗങ്ങളുടെ സ്റ്റില്‍ പങ്കുവച്ചാണ് ആളുകള്‍ വിമര്‍ശനമുന്നയിക്കുന്നത്.

'ഇതിനെയാണ് ദയനീയമായ അഭിനയമെന്ന് വിളിക്കുന്നതെന്നാണ് ഒരാള്‍ അക്ഷയ് കുമാറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചത്. 18 വര്‍ഷത്തെ ഗവേഷണം നടന്നിട്ടും ഒരു കെട്ട് എങ്ങനെ കെട്ടണമെന്ന് അറിയില്ലെന്നാണ് സിനിമയില്‍ അക്ഷയ്കുമാറിനെ കെട്ടിവച്ചുള്ള ചിത്രം പങ്കുവച്ച് ഒരാള്‍ കുറിച്ചത്. 18 വര്‍ഷം ഗവേഷണം ചെയ്ത ചിത്രത്തിനേക്കാള്‍ 18000 മടങ്ങ് ഭേദമാണ് 'ചാല്‍ തു ഭി പഞ്ചായത്ത് സീസണ്‍ 2 എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

ചിത്രം തിയേറ്ററുകളില്‍ എത്തി കൃത്യമായി ഒരാഴ്ചയാകുമ്പോള്‍ 55 കോടിയാണ് ഇതുവരെയുള്ള കഌക്ഷന്‍. ചിത്രത്തിനായി അക്ഷയ് കുമാര്‍ വാങ്ങിയ പ്രതിഫലം പോലും സിനിമയ്ക്ക് കളക്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ശ്രദ്ധേയമാണ്. 60 കോടിയാണ് താരത്തിന്റെ പ്രതിഫലം. താരങ്ങളുടെ പ്രതിഫലം ഉള്‍പ്പെടെ 270-300 കോടിയാണ് ചിത്രത്തിന്റെ മുടക്ക് മുതല്‍. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ കണക്ക് കൂട്ടിയാല്‍ പോലും ചിത്രം 100 കോടിയിലധികം നഷ്ടമുണ്ടാക്കുമെന്നും അനലിസ്റ്റുകള്‍ അറിയിക്കുന്നു.

പ്രേക്ഷകര്‍ ഇല്ലാത്ത കാരണത്താല്‍ പലയിടങ്ങളിലായി പല ഷോകളും ഒഴിവാക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാകും പൃഥ്വിരാജ് എന്നാണ് അനലിസ്റ്റുകളുടെ കണക്ക്കൂട്ടല്‍.പൃഥ്വിരാജ് ചൗഹാന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Story Highlights; Netizens troll Akshay Kumar for saying it took 18 years of research to make Prithviraj

Next Story