'ഏറ്റവുമധികം പുതുമുഖ താരങ്ങള്‍ അരങ്ങേറ്റം കുറിച്ചത് അക്ഷയ് കുമാറിനൊപ്പം'; 'പൃഥ്വിരാജ്' മികച്ച തുടക്കമെന്ന് മാനുഷി ചില്ലര്‍
അക്ഷയ് കുമാറിനൊപ്പം ചലച്ചിത്ര ലോകത്തേക്ക് എത്തുന്ന 22മത്തെ പുതുമുഖമാണ് മാനുഷി
12 Jun 2022 4:19 PM GMT
ഫിൽമി റിപ്പോർട്ടർ

ഏറ്റവും മികച്ച അരങ്ങേറ്റമാണ് അക്ഷയ് കുമാറിനൊപ്പം 'സാമ്രാട്ട് പൃഥ്വിരാജി'ലൂടെ തനിക്ക് ലഭിച്ചതെന്ന് നടി മാനുഷി ചില്ലര്‍. ഒരു പുതുമുഖ താരം എന്ന നിലയില്‍ ഞാന്‍ അനുഭവിച്ചേക്കാവുന്ന ടെന്‍ഷനുകളെപ്പറ്റിയും എനിക്ക് നേരിടേണ്ട വെല്ലുവിളികളെപ്പറ്റിയും അക്ഷയ് കുമാര്‍ പൂര്‍ണ്ണ ബോധവാനായിരുന്നുവെന്നും തനിക്ക് യാതൊരു വിധ പരിഭ്രാന്തിയോ ആശയക്കുഴപ്പമോ ഉണ്ടാകാത്ത രീതിയില്‍ ആയിരുന്നു അദ്ദേഹം പെരുമാറിയതെന്നും മാനുഷി ചില്ലര്‍ പറഞ്ഞു.
അക്ഷയ് കുമാറിനൊപ്പം ചലച്ചിത്ര ലോകത്തേക്ക് എത്തുന്ന 22മത്തെ പുതുമുഖമാണ് താനെന്നും അദ്ദേഹത്തിന് ഒപ്പമാണ് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ താരങ്ങള്‍ അരങ്ങേറ്റം കുറിച്ചതെന്നും മാനുഷി പറഞ്ഞു. 2001 ല്‍ പുറത്തിറങ്ങിയ അജ്നബി എന്ന ചിത്രത്തിലൂടെ ബിപാഷ ബസു, 2003 ല്‍ പുറത്തിറങ്ങിയ അന്താസ് എന്ന ചിത്രത്തിലൂടെ ലാറാ ദത്ത്, പ്രിയങ്ക ചോപ്ര എന്നിവരും, 2006 ല്‍ പുറത്തിറങ്ങിയ ഗരം മസാലയിലൂടെ നീതു ചന്ദ്രയും അക്ഷയ് കുമാറിനൊപ്പം ബോളിവുഡില്‍ അരങ്ങേറിയ യുവ താരങ്ങളാണ്.
അക്ഷയ് കുമാര്‍ സെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ അദ്ദേഹം എന്ത് കൊണ്ടാണ് ഇപ്പോള്‍ ഈ സ്ഥാനത്ത് എത്തി എന്നതിനുള്ള ഉത്തരം ലഭിക്കുമെന്നും അത്രക്ക് പ്രൊഫഷണല്‍ ആയാണ് അദ്ദേഹം ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതെന്നും മാനുഷി കൂട്ടിച്ചേര്‍ത്തു. 2017 മിസ് വേള്‍ഡ് വിജയിയായ മാനുഷി ചില്ലറിന്റെ ആദ്യ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്.
അതേസമയം,ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴും 56 കോടി മാത്രമാണ് നേടാനായത്. 250 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് കളക്ഷന്‍ നേടാന്‍ കഴിയാതായതോടെ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തെത്തിയിട്ടുണ്ട്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയാണെന്നാണ് വിലയിരുത്തല്‍.
Story Highlights; Manushi Chhillar says she got her best debut with Akshay Kumar in 'Samrat Prithviraj'