Top

'ഇന്ത്യയുടെ ദേശീയ ഭാഷയാവേണ്ടത് സംസ്കൃതം'; ഹിന്ദി ഭാഷാ വിവാദങ്ങൾക്കിടെ കങ്കണ

29 April 2022 3:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയുടെ ദേശീയ ഭാഷയാവേണ്ടത് സംസ്കൃതം; ഹിന്ദി ഭാഷാ വിവാദങ്ങൾക്കിടെ കങ്കണ
X

മുംബൈ: രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം നിലനിൽക്കെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി കങ്കണ റണൗത്ത്. രാജ്യത്തെ രാഷ്ട്ര ഭാഷയാവേണ്ടത് ഹിന്ദിയോ ദക്ഷിണേന്ത്യൻ ഭാഷയോ അല്ലെന്നും സംസ്കൃതമാണെന്നുമാണ് കങ്കണ പറയുന്നത്. ഹിന്ദി, തമിഴ്, കന്നഡ ഭാഷകളേക്കാൾ മുമ്പേ നിലവിലുള്ളതാണ് സംസ്കൃത ഭാഷ. അതിനാൽ സംസ്കൃതമാണ് ദേശീയ ഭാഷയാവേണ്ടതെന്ന് നടി പറഞ്ഞു. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ അജയ് ദേവ്​ഗണും കന്നഡ നടൻ സുദീപും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കങ്കണ.

'ഈ പ്രശ്നത്തിന് നേരെയുള്ള ഒരു ഉത്തരം നൽകാനാവില്ല. എനിക്ക് രണ്ട് മിനുട്ട് തരികയാണെങ്കിൽ ഈ വിഷയത്തിലെ എന്റെ ചിന്തകൾ പറയാം. നമ്മളുടേത് ഒരുപാട് വൈവിധ്യങ്ങളും ഭാഷകളുമുള്ള രാജ്യമാണ്. രാജ്യം ഒന്നായിരിക്കാൻ വേണ്ടിയാണ് ഹിന്ദി രാഷ്ട്ര ഭാഷയാക്കിയത്. യഥാർത്ഥത്തിൽ തമിഴ് ഭാഷ ഹിന്ദിയേക്കാൾ പഴമയുള്ളതാണ്. പക്ഷെ അതിനേക്കാൾ പഴമയുള്ളതാണ് സംസ്കൃതം. സംസ്കൃതം ദേശീയ ഭാഷയാവണമെന്നാണ് ഞാൻ കരുതുന്നത്. കാരണം കന്നഡ, തമിഴ്, ഹിന്ദു, ​ഗുജറാത്തി തുടങ്ങിയ ഭാഷകളെല്ലാം സംസ്കൃതത്തിൽ നിന്നാണ് വന്നത്. സംസ്കൃതം ഒഴിവാക്കി ഹിന്ദി ദേശീയ ഭാഷയാക്കിയതെന്തിനെന്നതിന് എനിക്ക് ഉത്തരമില്ല. അത് ആ സമയത്തെടുത്ത തീരുമാനമാണ്,' കങ്കണ പറഞ്ഞു.

ഈ പ്രശ്‌നത്തിന് ഒരുപാട് തലങ്ങളുണ്ട്. ഭാഷയെ പറ്റി പറയുമ്പോള്‍ ഇതിനെപറ്റിയെല്ലാം അറിഞ്ഞിരിക്കണം. തമിഴ് ഭാഷയ്ക്കായി നേരത്തെ ഒരു മുന്നേറ്റം നടന്നിരുന്നു. അവര്‍ക്ക് പ്രത്യേക രാജ്യം വേണമായിരുന്നു. ബംഗാളില്‍ ഹിന്ദി ഒരു ഭാഷയായി കാണില്ലെന്ന് പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ തിരസ്‌കരിക്കുന്നത് ഹിന്ദിയെ അല്ല. ഡല്‍ഹി ഭരണ കേന്ദ്രമാവുന്നതിനെയാണെന്നും കങ്കണ പറഞ്ഞു.

'ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയാണ് ആശയ വിനിമയം ബന്ധിപ്പിക്കുന്നതിന് രാജ്യത്ത് ഇപയോഗിക്കുന്നത് ഇംഗ്ലീഷ് ഇത്തരമൊരു ലിങ്കായി തുടരണോ ഇല്ലെങ്കില്‍ ഹിന്ദിയോ, സംസ്‌കൃതമോ, തമിഴോ ആ ലിങ്ക് ആവണോ എന്ന ചോദ്യവാണിവിടെ ഉയരേണ്ടത്. നിലവില്‍ ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്. അജയ് ദേവഗണ്‍ അത് ചൂണ്ടിക്കാണിച്ചതില്‍ തെറ്റില്ല. പക്ഷെ സുദീപ് പറഞ്ഞതിന്റെ വികാരവും ഞാന്‍ മനസ്സിലാക്കുന്നു. അദ്ദേഹം പറഞ്ഞതും തെറ്റല്ല,' കങ്കണ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ'പാന്‍ഇന്ത്യ' എന്ന പദത്തിന്റെ ഉപയോഗത്തെക്കുച്ച് സുദീപ് സംസാരിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രം 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' ഉത്തരേന്ത്യയില്‍ പോലും മികച്ച പ്രകടനം കാഴ്ചവച്ചതിനെക്കുറിച്ചുള്ള ഒരു അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് സുദീപ് പറഞ്ഞു, 'ഒരു കന്നഡ സിനിമ പാന്‍ ഇന്ത്യ തലത്തിലാണ് നിര്‍മ്മിച്ചതെന്ന് എല്ലാവരും പറയുന്നു, പക്ഷേ അതില്‍ ചെറിയ തിരുത്തുണ്ട് ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ല എന്നതാണത്' എന്നായിരുന്നു സുദീപിന്റെ പരാമര്‍ശം.

സുദീപിന്റെ ഈ പരാമര്‍ശത്തില്‍ പ്രതികരണവുമായി അജയ് ദേവ്ഗണ്‍ രംഗത്തെത്തിയിരുന്നു. 'നിങ്ങളുടെ അഭിപ്രായത്തില്‍ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളുടെ മാതൃഭാഷാ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്? ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണ്.' എന്നായിരുന്നു സുദീപിന്റെ വീഡിയോ പങ്കുവച്ച് അജയ് ട്വീറ്റ് ചെയ്തത്. ഹിന്ദിയിലായിരുന്നു നടന്റെ ട്വീറ്റ്.

STORY HIGHLIGHT: KANGANA SAYS SANSKRIT SHOULD BE NATIONAL LANGAUAGE

Next Story