Top

'അക്ഷയ് കുമാർ ആരും കേൾക്കാതെ വിളിക്കും, പക്ഷെ ഒരു ട്വീറ്റ് ചെയ്യില്ല'; ആരോപണവുമായി കങ്കണ

15 May 2022 8:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അക്ഷയ് കുമാർ ആരും കേൾക്കാതെ വിളിക്കും, പക്ഷെ ഒരു ട്വീറ്റ് ചെയ്യില്ല; ആരോപണവുമായി കങ്കണ
X

ബോളിവുഡ് താരങ്ങൾ പരസ്പരം സിനിമകളെ പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകളെ അവ​ഗണിക്കുകയാണെന്ന് നടി കങ്കണ റണൗത്ത്. തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങൾക്ക് ബോളിവുഡിൽ വിലക്ക് ഭീഷണി വരെയുണ്ടെന്നും കങ്കണ ആരോപിക്കുന്നു. അക്ഷയ് കുമാർ, അജയ് ദേവ്​ഗൺ എന്നീ നടൻമാരുടെ പേരെടുത്ത് പറഞ്ഞാണ് കങ്കണയുടെ വിമർശനം.

'അജയ് ദേവ്​ഗൺ ഒരിക്കലും എന്റെ സിനിമയെ പ്രൊമോട്ട് ചെയ്യില്ല. മറ്റുള്ളവരുടെ സിനിമകൾ ചെയ്യുമായിരിക്കും. അക്ഷയ് കുമാർ തന്നെ വിളിക്കും. ആരും കേൾക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നൊക്കെ പറയും. പക്ഷെ സിനിമയുടെ ട്രെയ്ലർ ട്വീറ്റ് ചെയ്യില്ല,' കങ്കണ പറഞ്ഞു.

അമിതാബ് ബച്ചൻ തന്റെ പുതിയ ചിത്രം ധാക്കഡിന്റെ ടീസർ ട്വിറ്ററിൽ പങ്കുവെക്കുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത കാര്യവും നടി ചൂണ്ടിക്കാട്ടി. എന്താണ് താരങ്ങളുടെ ഈ മനോഭാവത്തിന് കാരണമെന്ന് ചോദിച്ചപ്പോൾ തനിക്കറിയില്ല അവരോട് തന്നെ ചോദിക്കണമെന്നാണ് കങ്കണ പറഞ്ഞത്.

'ഞാൻ അഭിനേതാക്കളെ പിന്തുണയ്ക്കുന്നത് പോലെ അവർ എന്നെയും പിന്തുണയ്ക്കണമെന്നാണ് ഞാൻ കരുതുന്നത്. കശ്മീർ ഫയൽസിനെ ആദ്യം പ്രശംസിച്ചയാളാണ് ഞാൻ. സിദ്ധാർത്ഥ് മൽഹോത്രയെ ഞാൻ അഭിനന്ദിച്ചു. അതും കരൺ ജോഹറുടെ ചിത്രം. ഞാൻ ഇതെല്ലാം പരസ്യമായാണ് ചെയ്യുന്നത്. ശാന്തമായ കോളുകളിലൂടെ അല്ല. ഇത്തരം ബന്ധം അവർക്കിടയിൽ ഉണ്ട്. പക്ഷെ എന്റെ കാര്യം വരുമ്പോൾ അവർ മിണ്ടില്ല. പക്ഷെ അത് മാറുമെന്ന് എനിക്കുറപ്പുണ്ട്,' കങ്കണ പറ‍ഞ്ഞു. ആക്ഷൻ സ്പൈ ത്രില്ലറായ ധാക്കഡാണ് കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മെയ് 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Story Highlight: Kangana against Akshay Kumar and Ajay devgn

Next Story