Top

'തെന്നിന്ത്യയില്‍ അല്‍ഫോന്‍സ് പുത്രനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹം'; 'പ്രേമം' ഇഷ്ട ചിത്രമെന്ന് ജാന്‍വി കപൂര്‍

19 July 2022 2:36 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യയില്‍ അല്‍ഫോന്‍സ് പുത്രനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹം; പ്രേമം ഇഷ്ട ചിത്രമെന്ന് ജാന്‍വി കപൂര്‍
X

തെന്നിന്ത്യന്‍- ബോളിവുഡ് സിനിമകള്‍ കൂടുതലായി താരതമ്യം ചെയ്യപ്പെടുന്ന കാഴ്ചയാണ് ഇന്നുള്ളത്. ബോളിവുഡ് സിനിമകളുടെ തുടര്‍ച്ചയായ പരാജവും തെന്നിന്ത്യന്‍ സിനിമകളുടെ വിജയവും ഇതിന് കാരണമാണ്. ഇപ്പോള്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുള്ള തെന്നിന്ത്യന്‍ സംവിധായകനെക്കുറിച്ച് പറയുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. അല്‍ഫോന്‍സ് പുത്രനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രമുണ്ടെന്നും 'പ്രേമം' ഇഷ്ട ചിത്രമാണെന്നും പറയുകയാണ് ജാന്‍വി.

'കൊലമാവ് കോകില' എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 'ഗുഡ് ലക്ക് ജെറി'യാണ് ജാന്‍വിയുടെ പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇഷ്ട സംവിധായകനെക്കുറിച്ചും സിനിമയെക്കുറിച്ചും ജാന്‍വി സംസാരിച്ചത്. ജയ കുമാരി/ ജെറി എന്നാണ് ജാന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോള്‍ ജെറിയും കുടുംബവും ചേര്‍ന്ന് മയക്കുമരുന്ന് കടത്തുന്നതും പിന്നീടുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

സിദ്ധാര്‍ഥ് സെന്‍ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എല്‍ റായ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പങ്കജ് മേത്തയുടേതാണ് തിരക്കഥ. ദീപക് ഡോബ്രിയാല്‍, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്ലാക്ക് ഹ്യൂമര്‍ വിഭാഗത്തിലുള്ള 'ഗുഡ് ലക്ക് ജെറി' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 29ന് റിലീസ് ചെയ്യും.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' ആണ് അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രം. പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്രകഥാപാത്രളായി എത്തുന്നത്. ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story Highlights; Janhvi Kapoor wants to work with Alphonse Puthren

Next Story