പാലഭിഷേകം വേണ്ട, അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക; ആരാധകരോട് സല്മാന് ഖാന്
ആരാധാകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ നിരന്തര ഇടപെടലിലാണ് താരം
29 Nov 2021 3:03 AM GMT
ഫിൽമി റിപ്പോർട്ടർ

സല്മാന് ഖാന്റെ പുതിയ ചിത്രം ആന്റിം: ദി ഫൈനല്‍ ട്രൂത്ത് പുറത്തിറങ്ങിയ സന്തോഷത്തിലാണ് ആരാധകര്‍. താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളും ലഭിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററിലെത്തിയ സല്മാന്ഖാന് ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ആരാധാകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ നിരന്തര ഇടപെടലിലാണ് താരം. തിയറ്ററിന് മുന്നിലെ തന്റെ ഫ്ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ഇത്തവണ താരത്തിന്റെ പ്രതികരണം.
'ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര് ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല് നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക' ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ചിത്രത്തിന്റെ സ്ക്രീനിങ്ങിനിടെ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച ആരാധകര്‍ക്കുള്ള മറുപടിയുമായും സല്മാന്ഖാന് രംഗത്തെത്തിയിരുന്നു. തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കരുതെന്നും അത് അപകടമാണെന്നും സല്മാന് ഖാന് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. മാത്രമല്ല പടക്കം അകത്തേക്ക് കയറ്റുന്നില്ലെന്ന് തിയേറ്ററിലെ സുരക്ഷാജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും താരം ആവിശ്യപ്പെട്ടു.