Top

'ഒരു വര്‍ഷം നാല് സിനിമകള്‍ ചെയ്യും, എന്തിന് ചോദ്യം ചെയ്യുന്നു'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍

'ബച്ചന്‍ പാണ്ഡെ', 'സമ്രാട്ട് പൃഥ്വിരാജ്', 'രക്ഷാ ബന്ധന്‍', 'രാം സേതു' എന്നിങ്ങനെ നാല് സിനിമകളാണ് അക്ഷയ് കുമാറിന്റേതായി ഈ വര്‍ഷം തിയേറ്റുകളില്‍ എത്തിയത്

13 Nov 2022 9:50 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരു വര്‍ഷം നാല് സിനിമകള്‍ ചെയ്യും, എന്തിന് ചോദ്യം ചെയ്യുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍
X

ഈ വര്‍ഷം റിലീസിനെത്തിയ നാല് അക്ഷയ് കുമാര്‍ ചിത്രങ്ങളും തിയേറ്ററുകളില്‍ വലിയ പരാജയമായിരുന്നു. പിന്നാലെ താരത്തിനെതിരെ വിമര്‍ശനവും ശ്കതമായി. നടന്‍ വര്‍ഷത്തില്‍ നാലോ അഞ്ചോ സിനിമകള്‍ ചെയ്യുന്നതാണ് ഇത്തരത്തില്‍ സിനിമകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചിരുന്നു. തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. താന്‍ ഒരു വര്‍ഷത്തില്‍ നാല്, അഞ്ച് സിനിമകള്‍ ചെയ്യുന്നത് എന്തുകൊണ്ടാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്ന് അക്ഷയ് കുമാര്‍ പ്രതികരിച്ചു.

താന്‍ ഇനിയും സിനിമകളും പരസ്യങ്ങളും ചെയ്യുമെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. 'താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. ഞാന്‍ ആരുടെയും ഒന്നും മോഷ്ടിക്കുന്നില്ല. ഞാന്‍ എന്റെ ജോലി ചെയ്യും. ഒരു ജോലി ചെയ്യാന്‍ അവസരം കിട്ടിയാല്‍ ആരാണ് അത് വേണ്ടെന്ന് വയ്ക്കുക. ഞാന്‍ നാല് സിനിമകള്‍ ചെയ്യും. അതിനായി അമ്പത് ദിവസം ആവശ്യമെങ്കില്‍ 90 ദിവസം ഞാന്‍ നല്‍കും' അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് നടന്റെ പ്രതികരണം.

'ബച്ചന്‍ പാണ്ഡെ', 'സമ്രാട്ട് പൃഥ്വിരാജ്', 'രക്ഷാ ബന്ധന്‍', 'രാം സേതു' എന്നിങ്ങനെ നാല് സിനിമകളാണ് അക്ഷയ് കുമാറിന്റേതായി ഈ വര്‍ഷം തിയേറ്റുകളില്‍ എത്തിയത്. 'ചുട്പുത്‌ലി' എന്ന ചിത്രം ഒടിടി റിലീസ് ആയും എത്തി. തിയേറ്റുകളില്‍ എത്തിയ നാല് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. സമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തോടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആദിത്യ ചോപ്ര നടനെതിരെ രംഗത്തത്തിയിരുന്നു. ഒരേ സമയം മറ്റ് പ്രൊജക്ടുകളുടെ ഭാഗമായതിനാല്‍ സമ്രാട്ട് പൃഥ്വിരാജിലെ കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തിന് മീശ പോലും വളര്‍ത്താനായില്ലെന്നായിരുന്നു വിമര്‍ശനം.

രാം സേതുവാണ് അക്ഷയ് കുമാറിന്റേതായി റിലീസ് ചെയ്ത് അവസാന ചിത്രം. ഒക്ടോബര്‍ 25ന് തിയേറ്റുകളില്‍ എത്തിയ ചിത്രത്തിന് 80 കോടിക്ക് അടുത്ത് മാത്രമാണ് ഇതുവരെ കളക്ട് ചെയ്യാനായത്. രാം സേതുവില്‍ ആര്‍ക്കിയോളജിസ്റ്റ് ആയാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്നു. അഭിഷേക് ശര്‍മയാണ് തിരക്കഥയും സംവിധാനവും. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

Story Highlights; Akshay Kumar is reacts people criticising him for working too much

Next Story