മലയാളത്തിന്റെ ഉമ്മറത്ത് ചാരുകസേരയിട്ടിരിക്കുകയാണ് ആ സുൽത്താൻ, മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും

'ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി, എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി'
മലയാളത്തിന്റെ ഉമ്മറത്ത് ചാരുകസേരയിട്ടിരിക്കുകയാണ് ആ സുൽത്താൻ, മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും

വൈക്കം മുഹമ്മദ് ബഷീ‍ർ എന്ന് സുൽത്താന്റെ കഥകളെ മാറോട് ചേ‍ർത്തുപിടിച്ച, ഇന്നും വായിച്ച് വായിച്ച് ആ സ്മൃതിയിൽ അലിഞ്ഞുതീരാൻ കൊതിക്കുന്ന മലയാളികൾ അനവധിയാണ്. സരളമനോഹര ഭാഷയിൽ സാധാരണ മനുഷ്യന്റെ വേദനകളും വേവലാതികളും ആവിഷ്കരിച്ചുകൊണ്ട് മലയാളത്തെ, വായനക്കാരെ വിസ്മയിപ്പിച്ച ബഷീറിന്റെ സ്ഥാനം ഇമ്മിണി ബലുതാണ്.

കഥകൾ പറഞ്ഞ് പറഞ്ഞ് സ്വയം കഥയായ് മാറിയ ഇതിഹാസമെന്നും പ്രണയനായകനെന്നും അ​ദ്ദേഹത്തെ വായിച്ചവ‍ർ പറഞ്ഞു. കേരളത്തിന്റെ മണ്ണും മണവും കാറ്റും സുഗന്ധവും നിഴലും വെളിച്ചവും ആകാശവും ഭൂമിയും മലയാളികളുടെ ഉള്ളിൽ വാ​ഗ്മയ ചിത്രമായി നിറഞ്ഞു നിൽക്കുന്നു. ബഷീറിന്റെ കൃതികള്‍ വായിച്ചപ്പോഴാണ് ലോകത്തോളം വലുതാണ് നമ്മളെന്ന് മലയാളിക്ക് തോന്നിയത്.

മലയാളം അറിയാവുന്ന ആർക്കും വഴങ്ങും ബഷീർ സാഹിത്യം. നർമ്മം തുളുമ്പുന്ന ഭാഷയ്ക്കുള്ളിലെ മർമസ്പർശിയായ സങ്കടങ്ങള്‍ അദ്ദേഹം കോറിയിട്ടു. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും സ്വവര്‍ഗ്ഗാനുരാഗികളും പട്ടിണിക്കാരുമെല്ലാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി. ചിലപ്പോഴൊക്കെ അദ്ദേഹം തന്നെയായി. അണ്ണാനും ആടും ഓന്തും ഉറുമ്പും പാമ്പും ചിത്രശലഭവുമടക്കം അങ്ങനെ ഈ ഭൂമിയിലെ സകല ജീവജാലങ്ങളോടും കൂട്ടുകൂടിയ കഥാപരിസരങ്ങള്‍ ചിലപ്പോഴൊക്കെ വായനക്കാരുടെയും പ്രിയപ്പെട്ടവരായി.

ഇച്ചിരിപ്പിടിയോളം ബുദ്ധിവെച്ച് ആലോചിച്ചു നോക്കുമ്പോൾ അത്ഭുതകരവും സുന്ദരവും ഗംഭീരവുമായ മഹാസംഭവമാകുന്നു ജീവിതം...

വായിക്കാൻ കൗതുകം തോന്നിപ്പിക്കുന്ന കുണ്ട്രപ്പി, ബുസ്സാട്ടോ, ഡ്രങ്ക് ഡിങ്കാഹോ, ഹുലീ ഹലീയോ, ഹുലാലോ തുടങ്ങിയ എത്രയെത്ര വാക്കുകളാണ് അദ്ദേഹം മലയാളത്തിന് സമാനിച്ചത്. പട്ടിണിക്കാരുടെയും പണക്കാരുടെയും പൊങ്ങച്ചക്കാരുടെയും പോക്കറ്റടിക്കാരുടെയുമടക്കം വ്യത്യസ്ത ജീവിതങ്ങളായിരുന്നു ഓരോ ബഷീർ കഥകളും.

ജയിൽ ജീവിത കാലത്ത് അദ്ദേഹം രചിച്ത 'മതിലുകൾ' പ്രണയത്തിന്റെ മറ്റൊരു നി‍ർവചനം കൂടിയായിരുന്നു. ഒരു മതിലിനപ്പുറം തന്റെ നാരായണിക്കായി കാത്തിരുന്ന ബഷീ‍‍ർ പറഞ്ഞു പ്രണയത്തിന് സൗന്ദര്യമില്ല, ശരീരമില്ല, പ്രായമില്ല...

ജോലിയന്വേഷിച്ച് ജയകേസരിയിലെത്തിയ ബഷീറിനോട്, 'ജോലിയില്ല, പകരം കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം' എന്ന് പത്രാധിപര്‍ പദ്മനാഭ പൈ പറഞ്ഞപ്പോള്‍, 'ന്നാ പിന്നെ അങ്ങനെയാവട്ടെ' എന്നായി ബഷീറും. അങ്ങനെപത്മനാഭ പൈ പത്രാധിപരായിരുന്ന 'ജയകേസരി'യിൽ പ്രസിദ്ധീകരിച്ച 'തങ്കം' ആദ്യം പ്രസിദ്ധീകരിച്ച കഥയായി.

പാത്തുമ്മയുടെ ആട്, സ്ഥലത്തെ പ്രധാന ദിവ്യൻ, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, പ്രേമലേഖനം, മതിലുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, പൂവൻപഴം, ബാല്യകാലസഖി, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം (നീലവെളിച്ചം എന്ന ചെറുകഥ), കഥാബീജം (നാടകത്തി​​​​ന്റെ തിരക്കഥ), ജന്മദിനം, ഓർമക്കുറിപ്പ്, അനർഘനിമിഷം, വിഡ്ഢികളുടെ സ്വർഗം, പാവപ്പെട്ടവരുടെ വേശ്യ, ജീവിത നിഴൽപ്പാടുകൾ, വിശപ്പ്, താരാസ്‌പെഷൽസ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ഓർമയുടെ അറകൾ ‍(ഓർമക്കുറിപ്പുകൾ) ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ശിങ്കിടി മുങ്കൻ, ചെവിയോർക്കുക! അന്തിമകാഹളം..., സർപ്പയജ്​ഞം (ബാലസാഹിത്യം), യാ ഇലാഹി (മരണശേഷം പ്രസിദ്ധീകരിച്ചത്) മലയാള സാഹിത്യം ബഷീറില്‍ നിന്നും വായിച്ചു തുടങ്ങിയാല്‍ ആരും മലയാളത്തെ പ്രണയിച്ചുപോകും.

14 നോവലുകളും 13 ചെറുകഥകളും 11 വിവർത്തനങ്ങളുമാണ് ബഷീറിന്റെ സാഹിത്യ ലോകത്തിനുള്ള സംഭാവനകൾ. സ്വന്തം കൃതികൾ സിനിമയായപ്പോൾ കഥയും തിരക്കഥയുമൊരുക്കി അഭിനയവും പയറ്റിനോക്കി. മൂന്ന് പതിറ്റാണ്ടിനിപ്പുറവും വായിച്ചുതീരാത്ത ഒരു കാലത്തിന്‍റെ ഇമ്മിണി വല്യ അടയാളമായി വൈക്കം മുഹമ്മദ് ബഷീര്‍ ജനമനസ്സുകളില്‍ ജീവിക്കുകയാണ്, ഒരു ഇതിഹാസമായി...

ഞാൻ എഴുത്തുകാരനായത് യാദൃച്ഛിക സംഭവമൊന്നുമല്ല. ഒമ്പത് കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി, രാജ്യങ്ങൾ അടച്ചു വലവീശിയമാതിരിയാണ് കറങ്ങിയത്. അനിശ്ചിതമായ കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോൾ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി; സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി, എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി.
വൈക്കം മുഹമ്മദ് ബഷീർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com