കറുപ്പിനും വെളുപ്പിനുമല്ല മാ‍‌ർക്കിടുന്നത് 'ആകാര സുഷമ'യ്ക്ക്; സത്യഭാമ തെറ്റിദ്ധരിച്ച സൗന്ദര്യം

കറുപ്പും വെളുപ്പും നോക്കി മാർക്കിടണമെന്ന് സത്യഭാമ തെറ്റിദ്ധരിച്ചിരിക്കുന്ന ആ കോളത്തിൽ യഥാർത്ഥത്തിൽ 'ആകാര സുഷമ' കണക്കാക്കിയാണ് മാർക്കിടേണ്ടത്
കറുപ്പിനും വെളുപ്പിനുമല്ല  മാ‍‌ർക്കിടുന്നത് 'ആകാര സുഷമ'യ്ക്ക്; സത്യഭാമ തെറ്റിദ്ധരിച്ച സൗന്ദര്യം

സൗന്ദര്യമാണല്ലോ കുറച്ച് ദിവസമായി ചർ‌ച്ച, അതും ന‍ർത്തകരുടെ സൗന്ദര്യം. കലയ്ക്ക് കറുപ്പ് വേണ്ട വെളുപ്പ് മതിയെന്ന് സത്യഭാമ എന്ന നൃത്താധ്യാപിക മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റബോധമേതുമില്ലാതെ വിളിച്ച് പറയുമ്പോൾ കലയ്ക്കെന്തിന് നിറമെന്ന് കേരളം ഒന്നാകെ ചോദിച്ചു. കലോത്സവങ്ങളിലെ നൃത്തമത്സരങ്ങളിൽ സൗന്ദര്യമെന്നൊരു കോളമുണ്ടെന്ന സത്യഭാമയുടെ വാദത്തിലെ വസ്തുതയെന്താണ്. ഏറ്റവുമാദ്യം വരുന്ന ഈ കോളം ന‍ർത്തകർ കറുപ്പാണോ വെളുപ്പാണോ എന്ന് നോക്കി മാർക്കിടാനുള്ളതാണെന്ന സത്യഭാമാധികളുടെ ധാരണയെ പൊളിച്ചടുക്കേണ്ടതുണ്ട്.

കലോത്സവങ്ങളിലെ നൃത്ത മത്സരങ്ങളിൽ അങ്ങനെയൊരു കോളമുണ്ട്. അഞ്ച് ഘടകങ്ങളായാണ് നൃത്ത മത്സരങ്ങളിൽ മാർക്കിടുന്നത്. അതിലെ ആദ്യ കോളം സൗന്ദര്യത്തിന് വേണ്ടി തന്നെയുള്ളതാണ്. എന്നാലത് സത്യഭാമ പറഞ്ഞത് പോലെ കറുപ്പും വെളുപ്പും നോക്കി മാർക്കിടാനുള്ളതല്ല. അതാണ് ആകാര സുഷമ. കറുപ്പും വെളുപ്പും നോക്കി മാർക്കിടണമെന്ന് സത്യഭാമ തെറ്റിദ്ധരിച്ചിരിക്കുന്ന ആ കോളത്തിൽ യഥാർത്ഥത്തിൽ 'ആകാര സുഷമ' കണക്കാക്കിയാണ് മാർക്കിടേണ്ടതെന്ന് പറയുന്നു നർത്തകിയും നൃത്താധ്യാപികയുമായ ഡോ. ​ഗായത്രി സുബ്രഹ്മണ്യം.

ഒരു കല അവതരിപ്പിക്കപ്പെടുമ്പോൾ, അതിന്റെ ചിട്ടകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ ഭാവപ്രകടനം, മുദ്രകളുടെ ശുദ്ധി, ചുവടുവെപ്പ് എന്നിവയ്ക്കൊപ്പം തന്നെ വേഷത്തിനും മുഖത്തെഴുത്തിനും കഥകളിയിലെ ചുട്ടികുത്ത് പോലെ തന്നെ പ്രാധാന്യമുണ്ട്.

എന്താണ് ആകാര സുഷമ?

ഒരു നർത്തകി അല്ലെങ്കിൽ നർത്തകൻ വേദിയിലെത്തുമ്പോൾ ആ വ്യക്തിയുടെ വേഷം, മുഖത്തെഴുത്ത്, എന്നിവ പരിശോധിച്ചാണ് ആകാര സുഷമ കണക്കാക്കുന്നത്. ഏറെ ലളിതമായി പറഞ്ഞാൽ, കുച്ചുപ്പുടിയുടെ വേഷം ധരിച്ച് ഒരിക്കലും ഭരതനാട്യം കളിക്കില്ല. കേരളനടനത്തിന്റെയും മോഹിനിയാട്ടത്തിന്റെയും വസ്ത്രങ്ങൾ വേറെയാണ്. അതും അണിയുന്ന ആഭരണങ്ങളുടെയോ വസ്ത്രത്തിന്റെയോ വിലയോ മേന്മയോ നോക്കിയല്ല, വൃത്തിയാണ് ഇവിടെ കണക്കാക്കുന്നത്. അതിൽ നർത്തകർ കറുത്തതെന്നോ വെളുത്തതെന്നോ നോക്കുന്നില്ലെന്നും ഡോ. ​ഗായത്രി സുബ്രഹ്മണ്യം പറയുന്നു.

ഡോ. ​ഗായത്രി സുബ്രഹ്മണ്യം
ഡോ. ​ഗായത്രി സുബ്രഹ്മണ്യം

കലോത്സവവേദിയിൽ ഒരു കല അവതരിപ്പിക്കപ്പെടുമ്പോൾ, അതിന്റെ ചിട്ടകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ ഭാവപ്രകടനം, മുദ്രകളുടെ ശുദ്ധി, ചുവടുവെപ്പ് എന്നിവയ്ക്കൊപ്പം തന്നെ വേഷത്തിനും മുഖത്തെഴുത്തിനും പ്രാധാന്യമുണ്ട്, കഥകളിയിലെ ചുട്ടികുത്ത് പോലെ തന്നെ.

ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിൽ നർ‌ത്തകീ ലക്ഷണം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ലക്ഷണമൊത്ത നർത്തകിയെന്നാൽ വെളുപ്പ് നിറമുള്ളവളാണെന്ന് ആ ഗ്രന്ഥത്തിലെവിടെയും പരാമർശമില്ല. എന്നാൽ വിനയവും വിവേകവുമാണ് നർ‌ത്തകീ ലക്ഷണമായി ഭരതമുനി വിവക്ഷിക്കുന്നത്.

"അംഗപ്രത്യംഗസമ്പന്നാ

ചതു: ഷഷ്ടി കലാന്വിതാ

ചതുരാ പ്രശ്രയോപേതാ

സ്ത്രീ ദോഷൈശ്ച നിവർത്തിതാ..."

ഒരു നർ‌ത്തകിയുടെ അം​ഗപ്രത്യാം​ഗങ്ങൾ ലക്ഷണമൊത്തവയായിരിക്കണം. അറുപത്തിനാല് കലകളിലും പരിചിതയായിരിക്കണം, നൃത്തഗീതങ്ങളിൽ നിപുണയും പ്രയോഗജ്ഞാനത്തോട് കൂടിയവളുമാകണം. ഉത്സാഹിയും അതേസമയം വിനയത്തോട് കൂടിയവളുമാകണം നർത്തകിയെന്നാണ് ഭരതമുനി നാട്യശാസ്ത്രത്തിൽ ന‍ർത്തകീ ലക്ഷണമായി പറയുന്നത്.

നിറഭേദമില്ലെന്ന് പറയുമ്പോഴും പല മനുഷ്യരുടെയുമുള്ളിൽ കറുപ്പിനോടുള്ള തൊട്ടുകൂടായ്മയും കറുത്ത നിറമുള്ളവരെ അധഃകൃതരായി കാണുന്നതുമടക്കം വർണവെറി ഇന്നും നിലനിൽക്കുന്നവെന്ന പൊള്ളുന്ന യാഥാർത്ഥ്യമാണ് സത്യഭാമ.

നാട്യശാസ്ത്രത്തിൽ മാത്രമല്ല, ഭരതനാട്യത്തിന്റെ ആധികാരിക ​ഗ്രന്ധമായ, നന്ദികേശ്വരൻ രചിച്ച അഭിനയദർപ്പണത്തിൽ നർത്തകിയുടെ ലക്ഷണമായി പറയുന്നത് ഇങ്ങനെയാണ്,

" തൻവി രൂപവതീ ശ്യാമ പീനോന്നതാ പയോധരാ

പ്രഗല്ഭ സരസ കണ്ഠാ കുശലാ ഗ്രഹമോക്ഷയോഹോ

വിശാലാ ലോചനാ ഗീതാ വാദ്യ താലാ അനുവർത്തനീ

പരാർദാര്യ ഭൂഷ സമപന്നാ പ്രസന്നാ മുഖപങ്കജ

ഏവം വിധാ ഗുണോ പേതാ നർത്തകീ സാമുദീരിതാ”

ഇവിടെയും കറുത്ത നിറം പാടില്ലെന്ന പരാമർശമില്ല. പകരം "തൻവി രൂപവതീ ശ്യാമ" എന്ന് പറയുന്നുണ്ട് താനും. നർ‌ത്തകിയുടെ നിറം ശ്യാമ വർ‌ണമാണ്, അതായത് ഇരുണ്ട നിറം. അപ്പോഴെങ്ങിനെയാണ് കറുത്ത നിറമുള്ളവർ മത്സരരം​ഗത്തേക്ക് വരേണ്ടതില്ലെന്ന വിവക്ഷയിലേക്കെത്തുന്നത്? നിറഭേദമില്ലെന്ന് പറയുമ്പോഴും പല മനുഷ്യരുടെയുമുള്ളിൽ കറുപ്പിനോടുള്ള തൊട്ടുകൂടായ്മയും കറുത്ത നിറമുള്ളവരെ അധഃകൃതരായി കാണുന്നതുമടക്കം വർണവെറി ഇന്നും നിലനിൽക്കുന്നവെന്ന പൊള്ളുന്ന യാഥാർത്ഥ്യമാണ് സത്യഭാമ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com