വിമർശന മൂർച്ചയുള്ള ജോക്ക്

അറബ് വസന്തം പോലെ ചെക്ക് വസന്തകാലത്ത് വിരിഞ്ഞ പൂ മൊട്ടുകളായി കുന്ദേരയുടെ രചനകളെ പ്രത്യക്ഷത്തില്‍ വിശേഷിപ്പിക്കാം. എന്നാല്‍ ആഖ്യാനത്തിനു പിന്നിലൊളിപ്പിച്ച മുള്‍മുനമൂർച്ചയാണ് കുന്ദേരയുടെ നോവലുകൾ. ജർമൻ അധിനിവേശത്തിന് മുൻപ് തുടങ്ങിയ എഴുത്തുകൾ.
വിമർശന മൂർച്ചയുള്ള ജോക്ക്

ദ ജോക്ക് - പഴയ ചെക്കോസ്ലവാക്യയിൽ നിന്നും ലോകം അറിഞ്ഞ നോവൽ. 'Unbearabe Lightness of Being' എഴുതിയ അതെ തൂലിക. അറബ് വസന്തം പോലെ ചെക്ക് വസന്തകാലത്ത് വിരിഞ്ഞ പൂ മൊട്ടുകളായി കുന്ദേരയുടെ രചനകളെ പ്രത്യക്ഷത്തില്‍ വിശേഷിപ്പിക്കാം. എന്നാല്‍ ആഖ്യാനത്തിനു പിന്നിലൊളിപ്പിച്ച മുള്‍മുനമൂർച്ചയാണ് കുന്ദേരയുടെ നോവലുകൾ. ജർമൻ അധിനിവേശത്തിന് മുൻപ് തുടങ്ങിയ എഴുത്തുകൾ. സജീവ ചെക്ക് കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകനായ മിലന്‍ കുന്ദേര തന്റെ എഴുത്തുകൾ രാഷ്ട്രീയ നോവലുകൾ അല്ല എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും രാഷ്ട്രീയം അല്ലാതെ ആ നോവലുകളിൽ പ്രതിഫലിക്കുന്നത് തത്വചിന്തകളും നീഷേയുടെ സ്വാധീനവും മാത്രമാണ്.

ചെക്ക് റിപ്പബ്ലിക്കിലെ ബോറെമിയയിൽ ആയിരുന്നു കുന്ദേരയുടെ ജനനം. പരിപൂർണ്ണ കമ്മ്യുണിസ്റ്റ് സര്‍വാധിപത്യത്തിൽ അമർന്ന ചെക്ക് സമൂഹത്തിന്റെ നേർചിത്രമാണ് മിലൻ കുന്ദേര വരച്ചു വെക്കുന്നത്. നിഷ്പക്ഷമായി നിര്‍ഭയനായി. ഒടുവിൽ ചെക്ക് പൗരത്വം ഉപേക്ഷിച്ചു ഫ്രാൻസിൽ അഭയാര്‍ഥിയായി കഴിയേണ്ടി വന്നു കുന്ദേരയ്ക്ക്.

1948ൽ സോവിയറ്റ് പിന്തുണയോടെ ചെക്കോസ്ലാവാക്യയില്‍ നടന്ന കമ്മ്യുണിസ്റ്റ് ഭരണ അട്ടിമറി മുതൽ 1989 വരെയുള്ള 40 വർഷം ചെക്കോസ്ലാവാക്യ ഭരിച്ചത് സോവിയറ്റ് പിന്തുണയുള്ള കമ്മ്യുണിസ്റ്റ് ഭരണമാണ്. സോവിയറ്റ് ഉപഗ്രഹ രാജ്യമായി മാറിയ ചെക്കോസ്ലൊവോക്യയിൽ ആണ് കഥ നടക്കുന്നത്. രാജ്യത്തിന് കുറുകെ 'ഇരുമ്പു കർട്ടൻ' വീഴുകയും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്ന് സംശയിക്കപ്പെടുന്നവർ എല്ലാം തന്നെ രാജ്യദ്രോഹികൾ ആയി മാറുകയും ചെയ്തിരുന്നു. സർക്കാർ സംവിധാനത്തിന്റെ ഉരുക്കു മുഷ്ടിക്കുള്ളിൽ വിദ്യാഭ്യാസമടക്കമുള്ള മേഖലകൾ പുനർനിർമ്മിക്കപ്പെട്ടു. 1990കളുടെ തുടക്കത്തിൽ രക്തം ചൊരിയാതെ നടന്ന വെൽവെറ്റ് വിപ്ലവം ചെക്കോസ്ലാവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ നിഷ്കാസിതമാക്കി. തൊട്ടുപിന്നാലെ ചെക്കോസ്ലാവാക്യ എന്ന ഏകീകൃതരാജ്യം വംശീയാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടതും ചരിത്രം.

കുന്ദേരയുടെ ജോക്ക് എന്ന നോവലിലേക്ക് വന്നാൽ അവിടെയും കമ്യൂണിസ്റ്റ് ചെക്കോസ്ലാവാക്യയെന്ന ആക്ഷേപഹ്യത്തിൻ്റെ കണ്ണാടിക്കാഴ്ച വായിച്ചെടുക്കാൻ കഴിയും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അനേക തമാശകൾ നിറഞ്ഞതാണ് നോവൽ. എന്നാൽ പ്രധാനപ്പെട്ട രണ്ടു തമാശകൾ നായകൻ ലുഡ്‌വിക് ജാനിന്റെ ജീവിതം തന്നെ വഴിതിരിച്ചു വിടുന്നതാണ് ഇതിവൃത്തം. വളരെ സരസനും ഊർജസ്വലനും പരിഹാസ ശീലമുള്ളവനും സ്ഥിരോത്സാഹിയും സർവോപരി സ്വതന്ത്ര ചിന്താഗതിക്കാരനും ആയ, പാർട്ടിയെ തുറന്നു വിമർശിക്കാൻ മടിയുമില്ലാത്ത സഖാവാണ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ലുഡ്‌വിക് ജാൻ. എന്നാൽ അയാളുടെ കാമുകി ഹെലെന കടുത്ത കമ്മ്യൂണിസ്റ്റ് വിശ്വാസിയും എന്നെങ്കിലും വിപ്ലവത്തിലൂടെ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരും എന്ന് ഉറച്ചു വിശ്വസിക്കുന്ന പാർട്ടി മെമ്പറും.

ഒന്നാമത്തെ തമാശ

പാർട്ടി ക്‌ളാസുകളിൽ മുടങ്ങാതെ പങ്കെടുക്കുന്ന ഹെലെന ഞായറാഴ്ച കുർബാനയും കുമ്പസാരവും പാർട്ടി ക്‌ളാസുകൾ പോലെ ഒരിക്കലും മുടക്കാറില്ല. ദിവസേന കണ്ടുമുട്ടാൻ കഴിയാത്ത രീതിയിൽ പാർട്ടി പരിപാടികളിൽ മുഴുകി ജീവിക്കുന്ന ഹെലനയോട് അല്പം വിമർശന ബുദ്ധിയോടെയാണ് ലുഡ്‌വിക് സംസാരിക്കാറുള്ളത്. ഒരിക്കൽ പാർട്ടി ക്യാമ്പിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഹെലെനക്ക് ലുഡ്‌വിക് പ്രണയ ലേഖനം അയക്കുന്നു. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ' എന്ന തിരുവചനം അല്പം മാറ്റി 'അമിത ശുഭാപ്തി വിശ്വാസം മനുഷ്യനെ മയക്കുന്ന കറുപ്പാണ്; ആരോഗ്യമുള്ള മനസിനെയും അത് വിഡ്ഢിത്തം കൊണ്ട് നാറ്റിക്കും. ട്രോട്സ്കി നീണാൾ വാഴട്ടെ.' എന്ന് ഹാസ്യരസം കലർത്തി കാമുകിക്ക് അയക്കുന്ന കത്ത് പാർട്ടി വിശ്വാസിയായ അവൾ സംഗതി മനസിലാകാത്തത് കൊണ്ട് കൂടുതൽ വ്യക്തതയ്ക്ക് പാർട്ടി സെക്രട്ടറിയെ കാണിക്കുന്നു. പോരെ പൂരം. കത്തിൽ തമാശ ഒന്നും കാണാത്ത പാർട്ടി സെക്രട്ടറി, പാർട്ടി വിരുദ്ധനും തൊഴിലാളി വർഗ വിരോധിയും സർവോപരി രാജ്യ ദ്രോഹിയും ബൂർഷാസി മനസിന് ഉടമയും എന്ന് മുദ്രകുത്തി സഖാവ് ലുഡ്‌വിക്കിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു. കൂടാതെ യൂണിവേഴ്സിറ്റിയിലെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും നീക്കി വർഗ വഞ്ചകനായ കുലംകുത്തിയാക്കി, ശിക്ഷയായി കൽക്കരി ഖനിയിലേക്ക് 7 വർഷം കഠിന ജോലിക്ക് വിധിച്ചു പറഞ്ഞയയ്ക്കുന്നു.

രണ്ടാമത്തെ തമാശ

കോൺസൻട്രേഷൻ ക്യാമ്പിൽ കഠിന ജോലിയിൽ ഏർപ്പെടുമ്പോഴും തന്റെ ഈ വിധിക്ക് കാരണമായ സെക്രട്ടറിയോട് പ്രതികാരം ചെയ്യാൻ ലുഡ്‌വിക് ഉറപ്പിക്കുന്നു. വർഷങ്ങൾ കഴിഞ്ഞു കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നും പുറത്തു വന്ന ലുഡ്‌വിക് കാണുന്നത് തന്റെ കാമുകി ഹെലന പാർട്ടി സെക്രട്ടറിയെ തന്നെ വിവാഹം ചെയ്തു ജീവിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ്. അയാളോടുള്ള പ്രതികാരത്തിനായി ഹെലനയെ വീണ്ടും പ്രണയിച്ചു വശത്താക്കാൻ തന്നെ ലുഡ്‌വിക് തീരുമാനിക്കുന്നു. അവർ തമ്മിലുള്ള പ്രണയം വീണ്ടും മൊട്ടിടുന്നു. ഹെലനയും സെക്രട്ടറിയും ( സഖാവ് പാവേൽ സിമനേക് ) തമ്മിൽ അത്ര നല്ല വൈവാഹിക ജീവിതം അല്ല എന്ന അറിവ് അയാളിൽ കൂടുതൽ ആവേശം നിറയ്ക്കുന്നു.

ഒടുവിൽ പാർട്ടി സെക്രട്ടറിയെ ഉപേക്ഷിച്ചു ഹെലന ലുഡ്‌വിക്കിന്റെ ഭാര്യയായി ജീവിതം ആരംഭിക്കുന്നു. തന്റെ പ്രതികാരം പൂർത്തിയായി എന്ന് ആശ്വസിച്ചിരുന്ന ലുഡ്വിക്ക് സെക്രട്ടറിയുടെ ഭാര്യയെ അടിച്ചു മാറ്റിയതിലൂടെ അയാളോട് പ്രതികാരം ചെയ്യുകയല്ല അയാളെ സഹായിക്കുകയായിരുന്നു എന്ന് ഹെലനയോടൊപ്പം ജീവിച്ച ഏതാനും ആഴ്ചകൾക്കുളളിൽ തന്നെ മനസിലായി തുടങ്ങുന്നു. മഹാ വാഴക്കാളിയും സംശയ രോഗിയുമായി ഹെലന ഒരിക്കലും സെക്രട്ടറിക്കോ ലുഡ്വിക്കിനോ ഒരു നിമിഷം സമാധാനം കൊടുത്തിരുന്നില്ല.

എല്ലാം നശിച്ചു ചിന്തയിൽ മുഴുകിയിരിക്കുന്ന ലുഡ്‌വിക്ക് കാര്യങ്ങളെ താത്വികമായി അവലോകനം ചെയ്തു തുടങ്ങുമ്പോൾ നോവൽ അവസാനിക്കുന്നു. ഇത്തരം തമാശകളും അതിന്റെ പരിണിത ഫലങ്ങളും അവ തുടങ്ങി വച്ച ആളുകളുടെ കുഴപ്പം കൊണ്ട് ഉണ്ടാകുന്നതല്ല മറിച്ചു ചില ചരിത്രപരമായ അനിവാര്യതകൾ ആണ് (ചരിത്രത്തിന്റെ വൈരുദ്ധ്യാത്മക വ്യാഖ്യാനത്തെയാണ് കുന്ദേര ഇവിടെ പരിഹസിക്കുന്നത്) മാറ്റാൻ കഴിയാത്ത വിധിയെ കുറിച്ച് ദുഖിച്ചിട്ട് കാര്യമില്ല എന്ന ദുഃഖ സത്യത്തിൽ എത്തി ചേരുകയാണ് ലുഡ്‌വിക്.

ഒരു രാഷ്ട്രീയ നോവൽ കൂടിയായ 'The Joke ' ഏകാധിപത്യത്തിന്റെ മറ്റൊരു മുഖം കൂടിയാണ് കാണിച്ചു തരുന്നത്. ഏകാധിപത്യത്തിന് വിമർശനാത്മകമായ തമാശകൾ പോലും അസഹിഷ്ണുത സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവ്. ഒരു സിസ്റ്റത്തോട് എതിർക്കുമ്പോൾ കേവലനായ വ്യക്തി എത്ര ദുർബലൻ ആണെന്ന് തിരിച്ചറിവ്. രാഷ്ട്രീയവും ഒരു മതമാണ് അതും മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന പ്രഖ്യാപനം ആണ് ഈ നോവൽ. പരിഹാസം ഒരായുധം ആണെന്നും അവനവനെ തന്നെ പരിഹസിച്ചു ചിരിക്കാൻ കഴിയുന്നവൻ സ്വയം വിമർശകൻ ആണെന്നും. അവൻ സ്വതന്ത്രൻ ആണെന്നും കുന്ദേര കാണിച്ചു തരുന്നു. ചെറിയ തമാശയെപ്പോലും അത്യധികം അസഹിഷ്ണുതയോടെ കാണുന്ന സെക്രട്ടറിയും സ്വയം വിഡ്ഢിത്തരങ്ങൾ ഓർത്തു ചിരിക്കുന്ന ലുഡ്വിക്കും രണ്ട് സമീപനങ്ങൾ ആണെന്നും നോവൽ കാണിച്ചു തരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com