യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പകയില്‍ രണ്ട് വയസുള്ള കുട്ടിയെ യുവാവ് നിലത്തെറിഞ്ഞ് കൊന്നു, സംഭവം യുപിയില്‍

എട്ട് തവണ കുട്ടിയെ പ്രതി നിലത്തെറിയുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്

ലഖ്‌നൗ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ യുവതിയുടെ രണ്ട് വയസുള്ള കുട്ടിയെ യുവാവ് നിലത്തെറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സംഭവത്തില്‍ 24 വയസുള്ള ജിതേന്ദ്ര പഥക് എന്ന വിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ആരവിന്റെ അമ്മയും അധ്യാപികയുമായ രതി ദേവിയെ പ്രതി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ അഭ്യര്‍ത്ഥന നിരസിച്ചു. ഈ കാരണത്താലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ രതിയും അമ്മ പിങ്കി ദേവിയും വീട്ടിലുണ്ടായിരുന്നില്ല. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു രതി. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ,

രതി തന്റെ ബന്ധുവിന്റെ വീട്ടിലാണെന്ന് മനസ്സിലാക്കിയ വിരാജ് വെള്ളിയാഴ്ച അവിടെ എത്തി. കുട്ടിക്ക് മിഠായി വാങ്ങിക്കൊടുത്തിട്ട് വരാമെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷമാണ് വിരാജ് ആരവിനെ കൂടെ കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പ്രതി കുട്ടിയെ വിജനമായ ഒരു വഴിയിലൂടെ കൊണ്ടുപോവുകയും പലതവണ നിലത്തെറിയുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എട്ട് തവണ കുട്ടിയെ പ്രതി നിലത്തെറിയുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ കുടുംബാംഗങ്ങള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

സംഭവത്തില്‍ ഷിക്കോഹാബാദ് പൊലീസ് ബിഎന്‍എസ് സെക്ഷന്‍ 103(1), കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Two-Year-Old Child died After mother Rejected Marriage Proposal

To advertise here,contact us