FCI ധാന്യ സംഭരണത്തിൽ കുത്തക കോർപ്പറേറ്റുകളുടെ വിപണി കേന്ദ്രീകരണം RSS-BJP സർക്കാരിൻ്റെ രഹസ്യ നീക്കം; AIKS

ഭക്ഷ്യസുരക്ഷാ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും അഖിലേന്ത്യാ കിസാൻ സഭ വ്യക്തമാക്കി

ന്യൂഡൽഹി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 'ഹബ് ആൻഡ് സ്‌പോക്ക്' ധാന്യസംഭരണ (സൈലോ) പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന ഇരട്ടത്താപ്പിനെക്കുറിച്ചുള്ള ന്യൂസ് ലോൺ‌ഡ്രിയുടെ വെളിപ്പെടുത്തൽ ​ഗുരുതരമെന്ന് അഖിലേന്ത്യാ കിസാൻ സഭ. പൊതു ഭക്ഷ്യസുരക്ഷാ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും അഖിലേന്ത്യാ കിസാൻ സഭ പ്രസ്താവനയിൽ വ്യക്തമാക്കി. എഫ്‌സി‌ഐ ധാന്യ സംഭരണത്തിൽ സർക്കാ‍ർ പിന്തുണയുള്ള ഈ വിപണി കേന്ദ്രീകരണം ഇന്ത്യൻ കൃഷിയെ കോർപ്പറേറ്റ് വത്കരിക്കാനുള്ള ആർ‌എസ്‌എസ്-ബിജെപി സർക്കാരിന്റെ രഹസ്യ നീക്കമാണെന്നും എഐകെഎസ് കുറ്റപ്പെടുത്തി.

അദാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡും ലീപ് ഇന്ത്യ ഫുഡ് & ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് 16,500 കോടിയിലധികം രൂപയുടെ 134 സൈലോ കരാറുകളിൽ 110 എണ്ണം എങ്ങനെ നേടിയെന്ന് വ്യക്തമാക്കുന്നതാണ് ന്യൂസ് ലോൺ‌ഡ്രി നടത്തിയ അന്വേഷണമെന്നാണ് എഐകെഎസ് ചൂണ്ടിക്കാണിക്കുന്നത്. മൊത്തം 60 ലക്ഷം മെട്രിക് ടൺ ധാന്യങ്ങളിൽ ഏകദേശം 46.5 ലക്ഷം മെട്രിക് ടൺ ഈ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ധാന്യ സംഭരണ കേന്ദ്രങ്ങളിലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും എഐകെഎസ് പറയുന്നു.

'എഫ്‌സി‌ഐ കർഷകരിൽ നിന്ന് മിനിമം താങ്ങുവിലയ്ക്ക് (എം‌എസ്‌പി) ധാന്യം സംഭരിക്കുകയും ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏകദേശം 81 കോടി ആളുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയുടെ ധാന്യ വിതരണ ശൃംഖലയെ വൻതോതിൽ പുനർരൂപകൽപ്പന ചെയ്യുന്നതിനും ആധുനികവൽക്കരിക്കുന്നതിനും വേണ്ടിയാണ് എഫ്‌സി‌ഐ 20,000 കോടി രൂപയുടെ സൈലോ നവീകരണ പരിപാടി ആരംഭിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ കാര്യക്ഷമവും സുസ്ഥിരവുമായ സംഭരണവും നീക്കവും ഉറപ്പാക്കുന്നതിനാണ് ഇത് ചെയ്യുന്നത് എന്ന് പറയപ്പെടുന്നു. ഭക്ഷ്യസുരക്ഷയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, ഏതെങ്കിലും ഒരു കമ്പനി എല്ലാ പദ്ധതികളും കൈയടക്കുന്നത് തടയാൻ 'കുത്തക വിരുദ്ധ' വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് എഫ്‌സി‌ഐ ആദ്യം നിർദ്ദേശിച്ചിരുന്നു. എന്നാൽ നീതി ആയോഗും സാമ്പത്തിക കാര്യ വകുപ്പും പിപിപിഎസിയുടെ ഔദ്യോഗിക യോഗത്തിൽ അദാനിയുടെ നിർദ്ദേശപ്രകാരം 'കുത്തക വിരുദ്ധ' വ്യവസ്ഥ ഇല്ലാതാക്കാൻ ഒത്തുചേർന്ന'തായും എഐകെഎസ് കുറ്റപ്പെടുത്തി.

'സൈലോ ആധുനികവൽക്കരണ പരിപാടിയുടെ 'ഒന്നാം ഘട്ടത്തിന്റെ രണ്ടാം റൗണ്ടിലെ എല്ലാ കരാറുകളും അദാനി നേടി' എന്ന് റിപ്പോർട്ട് കാണിക്കുന്നു. രണ്ടാം ഘട്ടത്തോടെ ഒരു ഇരട്ടത്താപ്പ് ഉയർന്നുവന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആധുനിക ധാന്യ സംഭരണ ​​പദ്ധതിയിൽ അദാനിയും ലീപ്പും ആധിപത്യം സ്ഥാപിച്ചു. കേർപ്പറേറ്റ് കമ്പനികൾക്ക് അനുകൂലമായ ചില നിബന്ധനകളും വ്യവസ്ഥകളും കേന്ദ്ര സർക്കാർ രൂപപ്പെടുത്തിയെന്നും അതുവഴി പൊതുമേഖലാ കമ്പനികൾ, ചെറുകിട കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ മുതലായവയെ ഒഴിവാക്കിയെന്നും' പ്രസ്താവന വിമർശിക്കുന്നുണ്ട്. കാർഷിക ലോജിസ്റ്റിക്സിലും സംഭരണത്തിലും വൈദഗ്ദ്ധ്യം നേടിയ ലീപ് ഇന്ത്യയ്ക്ക് വിദേശ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുടെ (യുകെ പിന്തുണയുള്ള നീവ് ഫണ്ടും ഡാനിഷ് എസ്‌ജിഡി ഫണ്ടും) ശക്തമായ പിന്തുണയുള്ളതായി എഐകെഎസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുത്തക വിരുദ്ധ വ്യവസ്ഥ ഉടനടി പുനഃസ്ഥാപിക്കണമെന്നും കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ ധാന്യ സംഭരണ ശേഷിയുടെ വിഹിതം പരിമിതപ്പെടുത്തണമെന്നും പ്രസ്താവനയിൽ എഐകെഎസ് ആവശ്യപ്പെട്ടു. വിപണി കേന്ദ്രീകരണത്തെ തടയുന്ന 'കുത്തക വിരുദ്ധ' വ്യവസ്ഥയും മറ്റ് വ്യവസ്ഥകളും ഇല്ലാതാക്കിയതിൽ പിപിപിഎസിക്കുള്ള പങ്കിനെക്കുറിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം നടത്തണമെന്നും എഐകെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദീർഘകാലത്തേക്ക് കോർപ്പറേറ്റ് കുത്തകകൾക്ക് കൈമാറുന്നതിന് പകരം പൊതുനിക്ഷേപത്തിലൂടെ എഫ്സിഐയുടെ സ്വന്തം സംഭരണ ​​ശേഷി ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എഐകെഎസ് ചൂണ്ടിക്കാണിച്ചു. രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെ ഈ കൊള്ളയെ ചെറുക്കാൻ കർഷക ജനവിഭാഗങ്ങളും കർഷക തൊഴിലാളികളും എല്ലാ ജനാധിപത്യ ശക്തികളും രം​ഗത്തിറങ്ങണമെന്നും അഖിലേന്ത്യാ കിസാൻ സഭ ആഹ്വാനം ചെയ്തു.

Content Highlights: AIKS has accused the RSS-BJP government of secretly pushing corporate monopolization in FCI grain storage and procurement. This move threatens India’s food security and farmers’ interests by handing over public food grain management to big corporates.

To advertise here,contact us