ബിഹാർ എസ്ഐആർ: സുപ്രീംകോടതി ഉത്തരവ് നിർണായകമായി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്ടലാക്ക് നടപ്പായില്ല: പ്രതിപക്ഷം

വോട്ട് അധികാര യാത്രയും വോട്ട് ചോരി ആരോപണവും ജനങ്ങളെ ബോധവത്ക്കരിക്കാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ

പാട്‌ന: ബിഹാറില്‍ പുതുക്കിയ വോട്ടര്‍പട്ടിക പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടുകള്‍ കൂട്ടമായി ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്ടലാക്ക് നടപ്പായില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നു. വിഷത്തില്‍ സുപ്രീംകോടതി ഇടപെടൽ നിര്‍ണായകമായെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നു. വോട്ട് അധികാര യാത്രയും വോട്ട് ചോരി ആരോപണവും ജനങ്ങളെ ബോധവത്ക്കരിക്കാന്‍ കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിഗമനം.

ഇന്നലെയായിരുന്നു ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പുതുക്കിയ കരട് വോട്ടര്‍ പട്ടികയിന്മേലുള്ള പരാതികള്‍ പരിഹരിച്ച ശേഷമായിരുന്നു അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. പുതുക്കിയ വോട്ടർ പട്ടികയിൽ 7.42 കോടി പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. നേരത്തേ ഇത് 7.89 കോടിയായിരുന്നു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 68.66 ലക്ഷം പേർ പുറത്തായിരുന്നു. എന്നാൽ അന്തിമ വോട്ടർ പട്ടികയിൽ 47ലക്ഷം പേർ മാത്രമാണ് പുറത്തായത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്ടലാക്ക് നടപ്പായില്ലെന്ന പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.

പുതുക്കിയ വോട്ടര്‍ പട്ടികയില്‍ നിരവധി പാകപ്പിഴകളുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പുതുക്കിയ വോട്ടര്‍പട്ടിക സുതാര്യമല്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. 68 ലക്ഷത്തോളം വോട്ടര്‍മാരെ ഒഴിവാക്കുകയും 21.53 ലക്ഷത്തോളം പേരെ പുതിയതായി ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നും ഇത് നീതി കേടാണെന്നും ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് കുമാര്‍ പറഞ്ഞു. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് ശേഷം വലിയ രീതിയില്‍ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതില്‍ സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.. 4.6 ലക്ഷം വോട്ടര്‍മാരെയാണ് ഒറ്റയടിക്ക് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ ഒന്നിന് ശേഷം 4.6 ലക്ഷം വോട്ടര്‍മാരെ എങ്ങനെ ഉള്‍പ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ദളിത്, ന്യൂനപക്ഷം, പിന്നാക്ക വിഭാഗങ്ങളെ അടക്കം ഒഴിവാക്കിക്കൊണ്ടാണ് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ ജനതാദള്‍ വക്താവ് ശക്തി സിംഗ് യാദവ് പറഞ്ഞു. ഓരോ മണ്ഡലങ്ങളില്‍ നിന്നും പതിനായിരത്തോളം വോട്ടുകള്‍ നീക്കം ചെയ്തതായി വ്യക്തമായിട്ടുണ്ടെന്നും ശക്തി സിംഗ് പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളി. പ്രതിപക്ഷത്തിന്റെ വോട്ട് കൊള്ള ആരോപണത്തിനുള്ള ഉചിതമായ മറുപടിയാണ് പുതുക്കിയ വോട്ടര്‍ പട്ടിക എന്നായിരുന്നു ബിജെപി വക്താവ് പ്രഭാകര്‍ മിശ്ര പറഞ്ഞത്. പട്ടികയില്‍ പുതിയതായി ഉള്‍പ്പെട്ടവരില്‍ അധികവും പിന്നാക്ക, ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു ജെഡിയു വക്താവ് എംഎല്‍സി നീരജ് കുമാര്‍ പറഞ്ഞത്. പ്രതിപക്ഷത്തിന്റെ വോട്ട് കൊള്ള ആരോപണത്തിനുള്ള ശക്തമായ മറുപടിയാണ് പുതുക്കിയ വോട്ടര്‍ പട്ടികയെന്നും നീരജ് കുമാര്‍ പറഞ്ഞു.

അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉടന്‍ ലഭ്യമാക്കും. നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുക്കിയ വോട്ടര്‍ പട്ടിക ഉപയോഗിക്കുമെന്ന് ബിഹാര്‍ മുഖ്യ തെരഞ്ഞെുപ്പ് ഓഫീസര്‍ പറഞ്ഞിരുന്നു.

നേരത്തേ എസ്‌ഐആര്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടിരുന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ എസ്‌ഐആറുമായി മുന്നോട്ടുപോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശത്തെ തടയില്ലെന്നും എന്നാല്‍ ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പദ്ധതി പൂര്‍ണമായും റദ്ദാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജസ്റ്റിസുമാരായ സുരൃകാന്ത്, ജോയ് മല്യ ബഗ്ചി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു എസ്‌ഐആറിനെതിരായ ഹര്‍ജി കേള്‍ക്കവെ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഒക്ടോബര്‍ ഏഴിന് കോടതി അന്തിമ വാദം കേള്‍ക്കും. അന്ന് കോടതി പട്ടിക പരിശോധിക്കുകയും തുടര്‍നടപടികള്‍ തീരുമാനിക്കുകയും ചെയ്യും. അതേസമയം ഒക്ടോബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ചേരുന്നുണ്ട്. 470 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ യോഗത്തില്‍ പങ്കെടുക്കും.

Content Highlights- opposition on bihar new voters list

To advertise here,contact us