തന്ത്രിക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ല; ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ല: കോടതി

തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിലാണ് കൊല്ലം വിജിലൻസ് കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി കൊല്ലം വിജിസൻസ് കോടതി. തന്ത്രി ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്ന് കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ തന്ത്രി അനുവാദം നൽകിയത് അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടിയാണെന്ന വാദവും കോടതി ശരിവെച്ചു. പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തന്ത്രി പറഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി.ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങൾ തന്ത്രി ചെയ്ത് നൽകണമെന്നും തന്ത്രി ദേവസ്വം ക്രമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കോടതി വീക്ഷിച്ചു.

കട്ടിളപ്പാളി കൊണ്ടുപോകാൻ ദേവസ്വം ബോർഡ് തന്ത്രിയുടെ അനുജ്ഞ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. പോറ്റിയും തന്ത്രിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നതിനും തെളിവില്ല. പോറ്റിയുമായി അടുത്ത ബന്ധമില്ലെന്ന തന്ത്രിയുടെ വാദം പ്രതിരോധിക്കാനും പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധം കണ്ടെത്താനും പ്രത്യേക അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല തന്ത്രിയും പോറ്റിയും ഒരേ കാലയളവിൽ ശ്രീറാംപുര ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ദേവസ്വം വിജിലൻസ് തയ്യാറാക്കിയ രണ്ട് റിപ്പോർട്ടുകളിലും തന്ത്രിക്കെതിരെ പരാമ‍ർശമില്ലെന്നും കോടതി കണ്ടെത്തി. തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിലാണ് കൊല്ലം വിജിലൻസ് കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ.

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ കഴിഞ്ഞ ദിവസമാണ് തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. 41 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

കേസില്‍ ഇതുവരെ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി തന്ത്രിക്ക് ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. തന്ത്രിക്കെതിരായ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു കോടതി വിധി.

Content Highlights: Kollam Vigilance Court clarifies that Thantri Kantarar Rajeevara had no malicious intent in Sabarimala gold robbery case

To advertise here,contact us