എത്ര സ്റ്റോറി വന്നാലും കാര്യമില്ലെന്ന് ശിവൻകുട്ടി, ഒന്നാം ഭാഗം പോയതു പോലെ രണ്ടാം ഭാഗവും പോകുമെന്ന് സജി ചെറിയാൻ

കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: വിവാദമായ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നാണ് കേരള സ്റ്റോറി പറഞ്ഞുവെക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണിതെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിമർശനം.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ നിയമപരമായും ന്യായമായും അവരെ സംരക്ഷിക്കുകതന്നെ ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. എത്ര സ്റ്റോറി വന്നാലും ഇവിടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം പറയുന്നത് ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ കേരളം നമ്പർ വൺ ആണെന്നാണ്. വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറി ആണിത്. നാട്ടിലെ ജനാധിപത്യ സംവിധാനത്തിൽ അതിന്റെ ബദൽ സ്റ്റോറി ഇറക്കാനുള്ള അവകാശം നമുക്കുണ്ടല്ലോ. യഥാർത്ഥ കേരള സ്റ്റോറി അതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിന്റെ മതനിരപേക്ഷതയിലും വികസനനേട്ടത്തിലും അസൂയ ഉള്ളവരാണ് സിനിമയ്ക്ക് പിന്നിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 'കേരളത്തെ അപകീർത്തിപ്പെടുത്താനും. മതനിരപേക്ഷതയിലും ജനാധിപത്യ സംവിധാനങ്ങളുടെ കാര്യത്തിലും വികസനത്തിലും കേരളം നേടിയ നേട്ടങ്ങളെല്ലാം രാജ്യത്തെ പലർക്കും അസൂയ ഉണ്ടാക്കുന്നതാണ്. കേരളത്തെ മോശമാക്കി കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ചില സിനിമകളിലൂടെ നടത്തുന്നത്. അതൊന്നും കേരളം അംഗീകരിക്കില്ല. കേരള സ്റ്റോറിയുടെ ഒന്നാം

ഭാഗം എങ്ങനെ പോയോ, രണ്ടാം ഭാഗവും അതേ പോലെ പോകും' സജി ചെറിയാൻ പറഞ്ഞു.

സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്നും നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ബീഫ് എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. ഇതോടെ രൂക്ഷ വിമർശനവും പരിഹാസങ്ങളുമാണ് സിനിമക്കെതിരെ ഉയരുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് ഈ രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമന്റുകൾ. എന്നാൽ അതിന് പുറമെ ട്രെയിലറിലെ ഒരു സീനിന് മലയാളികളുടെ കയ്യിൽ നിന്നും കണക്കിന് ട്രോളുകളും ലഭിക്കുന്നുണ്ട്.

ചിത്രത്തിൽ കേരളത്തിൽ നിന്നുമുള്ള ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് ഏറ്റവുമധികം ട്രോളുയരുന്നത്. ബീഫിനോടുള്ള പ്രിയം മുതൽ ബീഫ് വിഭവങ്ങൾ വരെയാണ് ട്രോളുകളിലും കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ഫെബ്രുവരി 27നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlights: V Sivankutty and saji cherian strongly criticizes the second part of the controversial Kerala Story movie

To advertise here,contact us