കൊല്ലം: കൊട്ടാരക്കരയില് നിന്ന് മൂന്ന് തവണ എംഎല്എയായ അയിഷ പോറ്റി സിപിഐഎം വിട്ട് കോണ്ഗ്രസില് ചേര്ന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഐഷ പോറ്റി കോണ്ഗ്രസില് ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാണ് ഇന്ന് അവസാനമായത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില് ഐഷ പോറ്റി കൊട്ടാരക്ക മണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ത്ഥിയാവും. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെയാണ് ഐഷ പോറ്റിയെ പാര്ട്ടിയിലെത്തിക്കുന്നത് വേഗത്തിലാക്കാന് കോണ്ഗ്രസ് ശ്രമിച്ചത്.
2016ല് മൂന്നാം തവണ ജനവിധി തേടി ഇറങ്ങിയ ഐഷ പോറ്റി വിജയിച്ചു കയറിയത് 42,632 വോട്ടുകള്ക്കാണ്. എന്നാല് 2021ല് അയിഷ പോറ്റി മാറി കെ എന് ബാലഗോപാല് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി വന്നു. കെ എന് ബാലഗോപാലിന് യുഡിഎഫ് സ്ഥാനാര്ത്ഥിയായി വന്ന ആര് രശ്മി മികച്ച മത്സരമാണ് സമ്മാനിച്ചത്. 10,814 വോട്ടുകള്ക്ക് കെ എന് ബാലഗോപാല് വിജയിച്ചു കയറിയെങ്കിലും അയിഷ പോറ്റി 2016ല് നേടിയ ഭൂരിപക്ഷത്തില് വലിയ ഇടിവാണ് സംഭവിച്ചത്. 31,818 വോട്ടിന്റെ കുറവാണ് ബാലഗോപാലിന്റെ ഭൂരിപക്ഷത്തില് ഉണ്ടായത്.
ആര് രശ്മി മികച്ച മത്സരം കാഴ്ചവച്ചെങ്കിലും വിജയിക്കാന് കഴിഞ്ഞില്ല. ബാലഗോപാല് നേടിയ 10,814ന്റെ മേല്ക്കൈ അയിഷ പോറ്റിയിലൂടെ മറികടക്കാന് കഴിയുമെന്ന കണക്കുകൂട്ടലാണ് ഒപ്പം ചേര്ത്തുനിര്ത്താന് കോണ്ഗ്രസിനെ പ്രേരിപ്പിച്ചത്.
മത്സരിച്ച ഓരോ തവണയും ഭൂരിപക്ഷം ഉയര്ത്തുകയാണ് അയിഷ പോറ്റി ചെയ്തത്. 2006ലെ കന്നിപോരാട്ടത്തില് ആര് ബാലകൃഷ്ണപ്പിള്ളയെ 12,087 വോട്ടുകള്ക്കാണ് അയിഷ പോറ്റി പരാജയപ്പെടുത്തിയത്.
Content Highlights: why aisha potty joined congress party