'മുന്നണി മാറ്റം അഭ്യൂഹം മാത്രം'; എൽഡിഎഫ് വിടുമെന്ന വാർത്ത തള്ളി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എൽഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

'ഞാനോ പ്രമോദ് നാരായണനോ പ്രതികരണം നടത്തിയിട്ടില്ല. ഇന്നലത്തെ ഉപവാസ സമരത്തില്‍ ഞങ്ങളെല്ലാവരും പങ്കെടുത്തല്ലോ. മധ്യമേഖലാ ജാഥയില്‍ ഇല്ലെന്ന് എന്തിനു പറയണം. ചെയര്‍മാന്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണവും ചെയര്‍മാന്‍ നല്‍കിയതാണ്', റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സഭയും മേലധ്യക്ഷന്മാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ജെ ബി കോശി കമ്മീഷന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിച്ച് വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. എല്ലാദിവസവും ചെയര്‍മാനുമായി സംസാരിക്കുന്നുണ്ടെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമായിരിക്കും പരിപാടികളില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. സീറ്റുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് നേതാക്കള്‍ അറിയിച്ചതായാണ് വിവരം. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ജില്ലാ നേതൃത്വങ്ങള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ സംസാരിച്ചതായാണ് വിവരം. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തില്‍ അഭിപ്രായം തേടിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചതെന്നാണ് വിവരം.

Content Highlights: Kerala minister Roshy Augustine responded to reports about news about alliance change

To advertise here,contact us