മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.

കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഐഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആ വാര്‍ത്തകള്‍ നിഷേധിച്ച ഐഷ പോറ്റി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പാര്‍ട്ടി വിടുകയായിരുന്നു.

മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായി ഐഷ പോറ്റി തെരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ഐഷ പോറ്റി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2011ല്‍ തന്റെ ഭൂരിപക്ഷം 20,592 ആയി വര്‍ധിപ്പിച്ചു. 2016ലും 42,632 എന്ന വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. കഴിഞ്ഞ തവണ കെ എന്‍ ബാലഗോപാലിനെ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചതോടെ നേതൃത്വത്തോട് ഇടയുകയും അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.

യുഡിഎഫിന്റെ കോട്ടയായിരുന്ന കൊട്ടാരക്കര മണ്ഡലത്തില്‍ വന്‍ സ്വാധീനമുണ്ടായിരുന്ന നേതാവാണ് ഐഷ പോറ്റി. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഐഷ പോറ്റി അനാരോഗ്യം ചൂണ്ടിക്കാട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും കൊട്ടാരക്കര ഏരിയാ കമ്മിറ്റിയില്‍ നിന്നും ഐഷയെ സിപിഐഎം ഒഴിവാക്കിയിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നപ്പോഴും ഐഷ പോറ്റിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. കുട്ടിക്കാലം മുതല്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അയിഷ പോറ്റി 1991ലാണ് സിപിഐഎമ്മില്‍ അംഗത്വമെടുത്തത്. നിലവില്‍ കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ യുഡിഎഫ് മത്സരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Content Highlights: CPIM leader Aisha potty joins Congress

To advertise here,contact us