കോട്ടയം: തിരുവനന്തപുരത്ത് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ നിന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി വിട്ടുനിന്നുവെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ്. കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമര പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് വിശദീകരിച്ചു. ഇക്കാര്യം മുൻകൂട്ടി എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ഓഫീസ് വ്യക്തമാക്കി.
മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ ജയരാജുമടക്കം പാർട്ടിയുടെ എംഎൽഎമാരും സമരപരിപാടിയിൽ പങ്കെടുത്തിരുന്നു. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയിൽ വ്യാഖ്യാനിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതിന് പിന്നിൽ കേരള കോൺഗ്രസ് എമ്മിനെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണുള്ളതെന്നും ജോസ് കെ മാണിയുടെ ഓഫീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഫെബ്രുവരിയില് നടക്കുന്ന എല്ഡിഎഫിന്റെ മേഖലാ ജാഥയില് മധ്യമേഖലയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് ജോസ് കെ മാണിയെയാണ്. എന്നാല് എന് ജയരാജിനെ ക്യാപ്റ്റന് സ്ഥാനം എല്പ്പിക്കുന്നതു സംബന്ധിച്ചുള്ള ചര്ച്ചകളും നടക്കുന്നുണ്ട്. ഫെബ്രുവരി 6ന് അങ്കമാലിയില് ആരംഭിച്ച് 13ന് ആറന്മുളയില് സമാപിക്കുന്ന തരത്തിലാണ് മധ്യമേഖലാ ജാഥ നിശ്ചയിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റു ജാഥകളെ നയിക്കുന്നത്.
Content Highlight : News that Kerala Congress M Chairman Jose K Mani did not participate in the Satyagraha strike is untrue