ലൈംഗിക പീഡനത്തിനും അഴിമതിക്കും കൂട്ടുനിൽക്കുന്ന നേതൃത്വം; BJP- RSS പ്രവർത്തകരുടെ ജീവന് ഭീഷണി: വി ശിവൻകുട്ടി

മാഫിയ സംഘങ്ങളെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കുന്നതെന്നും കോര്‍പ്പറേഷനിലെ ജനങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ശിവന്‍കുട്ടി

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബിജെപി, ആര്‍എസ്എസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും സാധാരണ മനസ്സാക്ഷിയുടെ മനസ്സിന്റെ വിങ്ങലാണ് ആനന്ദിന്റേതെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ലൈംഗിക പീഡനങ്ങളും മണ്ണ് മാഫിയ ബന്ധവും സാമ്പത്തിക തിരിമറിയും വെളിപ്പെടുകയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

'ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പരിശോധിക്കും. ആരൊക്കെ ഭീഷണിപ്പെടുത്തിയെന്നത് അന്വേഷിക്കും. ജില്ലാ നേതാക്കള്‍ ഭീഷണിപ്പെടുത്തിയോ എന്ന് കണ്ടെത്തണം. ഇതില്‍ രാഷ്ട്രീയം കാണേണ്ട. കിട്ടിയ അവസരം മുതലെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല. ജീവന്‍ നഷ്ടപ്പെട്ടതിന്റെ കാരണങ്ങള്‍ കണ്ടെത്തണം. മറുപടിയില്ലാതെ വരുമ്പോള്‍ തടിയൂരാനാണ് ശ്രമം. നിരന്തരമായി കേരളത്തില്‍ ഇങ്ങനെയുണ്ടാവുന്നു. ലൈംഗിക പീഡനത്തിനും അഴിമതിക്കും കൂട്ടുനില്‍ക്കുന്ന നേതൃത്വമാണ് ബിജെപിക്കുള്ളത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത നഷ്ടമുണ്ടാകും', വി ശിവന്‍കുട്ടി പറഞ്ഞു.

പാലത്തായി കേസില്‍ മരണം വരെ ജീവപര്യന്തം ലഭിച്ച അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കോടതിവിധി ഉചിതമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് സംസ്‌കാരമാണ് അധ്യാപകനിലൂടെ കണ്ടത്. ആര്‍എസ്എസിന്റെ മുഖമാണ് പത്മരാജനിലൂടെ കണ്ടത്. വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ അഭിപ്രായമറിയാന്‍ ആഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിജെപി മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയുടെ ആത്മഹത്യാശ്രമത്തിലും വി ശിവന്‍കുട്ടി പ്രതികരിച്ചു. അഭിപ്രായം പറയുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. സമൂഹത്തില്‍ അപമാനിക്കുന്നത് ആര്‍എസ്എസിന്റെ മുഖമുദ്ര. മാഫിയ സംഘങ്ങളെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കുന്നതെന്നും കോര്‍പ്പറേഷനിലെ ജനങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാനസെക്രട്ടറി രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി സംസാരിച്ചു. 'ഞാന്‍ രാജീവ് ചന്ദ്രശേഖറിനെപ്പോലെ വിദ്വാനല്ല. എനിക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയാം. രാജീവിന്റെ ജീവിത നിലവാരം അങ്ങനെയാണ്. രാജീവ് ദന്തഗോപുരത്തില്‍ നിന്ന് വന്നയാളാണ് സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ രാജീവിന് കോഴ്‌സ് കൊടുക്കണം. ഞങ്ങള്‍ ആ കോഴ്‌സ് കഴിഞ്ഞവരാണ്', മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എംപി ശശി തരൂരിനെക്കുറിച്ചും വി ശിവന്‍കുട്ടി പ്രതികരിച്ചു. തരൂര്‍ പൊതുവില്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും തരൂരിന്റെ ശബ്ദം ബിജെപിയുടെ ശബ്ദം പോലെയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. തരൂര്‍ ന്യായീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും മനുഷ്യത്വമുള്ളവര്‍ ഇങ്ങനെ പറയില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ ഭാര്യ തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞെന്നും അവ പുറത്തുപറയാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പുറത്തുപറഞ്ഞാല്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ അകത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ ആര്യാ രാജേന്ദ്രനെ പുകഴ്ത്തിയും മന്ത്രി സംസാരിച്ചു. ആര്യാ രാജേന്ദ്രന്‍ ഒരു രൂപയുടെ അഴിമതി കാണിച്ചിട്ടില്ല. താന്‍ മേയര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഇങ്ങനെയാരും ചോദിച്ചിട്ടില്ല. ആര്യയെ എംഎല്‍എയായി കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടിയെ എട്ടാം ക്ലാസിലിരുത്താന്‍ കഴിയുമോ എന്ന മറുപടിയായിരുന്നു മന്ത്രി നല്‍കിയത്. വലിയ പദവിയാണ് പാര്‍ട്ടി ആലോചിക്കുന്നത്. എംഎല്‍എയേക്കാള്‍ വലിയ പദവി ചിലപ്പോള്‍ ആര്യയ്ക്ക് ലഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Content Highlights: V Sivankutty about RSS worker Anand K Thambi

To advertise here,contact us