
May 21, 2025
10:23 AM
തൃശൂർ : തൃശൂരിൽ വേനല്മഴയ്ക്ക് പിന്നാലെ റോഡുകളും പറമ്പുകളും പതകൊണ്ട് നിറഞ്ഞു, അമ്മാടം, കോടന്നൂർ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് വൈകിട്ടോടെ പതമഴ എന്നറിയപ്പെടുന്ന ഫോം റെയ്ൻ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റൽ മഴക്കൊപ്പം പതയും പെയ്യുകയായിരുന്നു.
വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ. സാധാരണഗതിയില് രണ്ടു സാഹചര്യങ്ങളിലാണ് പത മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര് പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
അല്ലെങ്കിൽ വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത സൃഷ്ടിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര് വ്യക്തമാക്കുന്നു. നിലവിൽ ഫാക്ടറികളൊന്നും ഇവിടെ പ്രവർത്തിക്കുന്നില്ല. പത മഴയിൽ ആശങ്ക വേണ്ടെന്നും പതമഴ പെയ്യാനുള്ള കാരണം അന്വേഷിക്കുമെന്നും കാലാവസ്ഥാ വിദഗ്ദർ വ്യക്തമാക്കി.
content highlights : foam rain in thrissur