അങ്കാറ: ലോകം നോക്കിനില്‍ക്കെ ഗസയില്‍ ദിവസേന കൂട്ടക്കൊലകളും വധശിക്ഷകളും കടുത്ത പട്ടിണിയും വിവേചനങ്ങളും തുടരുകയാണെന്നും ഇസ്രയേല്‍ ഭരണകൂടം ഗസയെ ''ലോകത്തിലെ ഏറ്റവും വലിയ കോണ്സെന്ട്രേഷന് ക്യാമ്പാക്കി'' മാറ്റിയിരിക്കുകയാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന്. അങ്കാറയില്‍ തന്റെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് (എകെ) പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈത്യകാലം വന്നെത്തുന്നതോടെ ഇസ്രയേലിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം ഗസയില്‍ വന്‍ മാനുഷിക ദുരന്തമാണ് വരാന്‍ പോകുന്നതെന്ന് എര്ദോഗന് പറഞ്ഞു. കടുത്ത തണുപ്പില്‍ നിന്നും സംരക്ഷണമില്ലാതെ, വെള്ളപ്പൊക്കത്തിലും ചെളി നിറഞ്ഞ അന്തരീക്ഷത്തിലും കഴിയുന്ന പലസ്തീന് കുടുംബങ്ങളുടെയും കുട്ടികളുടെയും ദുരിതത്തില്‍ അദ്ദേഹം കടുത്ത ആകുലത പ്രകടിപ്പിച്ചു. ഗസയിലുള്ളവര്ക്കായി കണ്ടെയ്നറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാനുഷിക സഹായങ്ങളും എത്തിക്കാന്‍ തുര്‍ക്കി സജ്ജമാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന രാജ്യങ്ങളുടെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ വെളിവാക്കപ്പെട്ടിരിക്കുന്നതെന്ന് എര്ദോഗന് ചൂണ്ടിക്കാട്ടി. ഗസയിലെ അവസ്ഥയോടുള്ള പ്രതികരണത്തെക്കുറിച്ച് ഇസ്ലാമിക രാജ്യങ്ങള്‍ സ്വയം വിമര്‍ശനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'മറ്റുള്ളവരെ മാത്രം ആശ്രയിക്കുന്നതിന് പകരം, മുസ്ലിങ്ങള്‍ എന്ന നിലയില്‍ നമ്മള് തന്നെ മുന്‍കൈയെടുക്കുകയും ഇസ്രയേലിന്മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് ഉറപ്പാക്കുകയും വേണം,' അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ കണ്ണടച്ചാലും ചെവിപൊത്തിയാലും അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തുര്‍ക്കി നിശ്ശബ്ദമായിരിക്കില്ലെന്നും, ഒറ്റപ്പെടേണ്ടി വന്നാലും മാനുഷിക ഉത്തരവാദിത്തങ്ങള്‍ തുര്‍ക്കി തുടര്‍ന്നും നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര തലത്തില്‍ വര്‍ധിച്ചുവരുന്ന അനിശ്ചിതത്വത്തെക്കുറിച്ചും ഭൗമരാഷ്ട്രീയ മത്സരങ്ങളെക്കുറിച്ചും എര്ദോഗന് സംസാരിച്ചു. പഴയ ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുന്ന വേദനാജനകമായ ഒരു ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും, ഇതിന് പകരം എന്ത് വരുമെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മാധ്യമങ്ങളിലും സ്ക്രീനുകളിലും കാണുന്നതിനേക്കാള്‍ തീവ്രവും വിനാശകരവുമായ മത്സരമാണ് തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുവശത്തും വലിയ നാശനഷ്ടങ്ങളോടെ തുടരുന്ന റഷ്യ-യുക്രെയ്ന് യുദ്ധവും, എയര്‍ക്രാഫ്റ്റ് കാരിയറുകള്‍ വിന്യസിച്ചുകൊണ്ട് പേര്‍ഷ്യന്‍ ഗള്‍ഫില്‍ വീണ്ടും ഉയരുന്ന സംഘര്‍ഷങ്ങളും ഈ ആഗോള അസ്ഥിരതയുടെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content highlight: Turkish President Recep Tayyip Erdogan accused Israel of turning Gaza into the world's largest concentration camp, citing ongoing killings, starvation and discrimination. Warning of an impending humanitarian catastrophe as winter approaches, he called on Muslim countries to take greater responsibility and increase pressure on Israel. Erdogan also criticised the double standards of countries claiming to defend democracy and human rights, while highlighting growing geopolitical instability, including the Russia-Ukraine war and rising tensions in the Persian Gulf.