ഫുട്ബോള്‍ ലോകകപ്പിലെ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോള്‍, ഈ മത്സരം തനിക്ക് ഏറെ സവിശേഷതകള്‍ നിറഞ്ഞതാണെന്ന് വ്യക്തമാക്കി നോര്‍വേയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട്. താന്‍ ജനിച്ചതും നിലവില്‍ ക്ലബ്ബ് ഫുട്ബോള്‍ കളിക്കുന്നതുമായ ഒരു രാജ്യത്തെ ലോകകപ്പ് വേദിയില്‍ നേരിടേണ്ടി വരുന്നത് വേറിട്ടൊരു അനുഭവമാണെന്ന് ഹാളണ്ട് അഭിപ്രായപ്പെട്ടു.
ടീം വലിയ അവകാശവാദങ്ങളില്ലാതെ വിനയത്തോടെ മുന്നേറണമെന്നും, എന്നാല്‍ സ്വന്തം കഴിവില്‍ പൂര്‍ണ ആത്മവിശ്വാസം പുലര്‍ത്തണമെന്നും ഹാളണ്ട് ടീമംഗങ്ങളോട് ആവശ്യപ്പെട്ടു. പ്രീമിയര്‍ ലീഗിലെ തന്റെ പരിചിതരായ സഹതാരങ്ങള്‍ക്കെതിരെ ഒരു വലിയ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാന്‍ കഴിയുന്നതിലെ ആവേശവും താരം പങ്കുവെച്ചു. 'എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ സവിശേഷമായ ഒരു മത്സരമാണ്. കാരണം ഞാന്‍ ജനിച്ചതും നിലവില്‍ കളിക്കുന്നതും ഇംഗ്ലണ്ടിലാണ്. മാത്രവുമല്ല, എന്റെ പല ക്ലബ്ബ് സഹതാരങ്ങള്ക്കെതിരെയുമാണ് ഞാന്‍ കളിക്കാന്‍ പോകുന്നത്. ഇതൊരു വിചിത്രമായ സാഹചര്യമല്ലെങ്കിലും, വളരെ രസകരമായ ഒരു മത്സരമായിരിക്കും. മികച്ചൊരു പോരാട്ടമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,' -ഹാളണ്ട് പറഞ്ഞു. 'ഈ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ചില ടീമുകളുണ്ട്. അതിലൊന്ന് തീര്‍ച്ചയായും ഇംഗ്ലണ്ടാണ്. അതുകൊണ്ട് തന്നെ നിങ്ങളെല്ലാവരും സമ്മര്‍ദ്ദം മുഴുവന്‍ ആ ഇംഗ്ലീഷ് കുട്ടികളുടെ മേല്‍ വെക്കുന്നതാവും നല്ലത്!' - ഹാളണ്ട് തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.
ക്വാര്‍ട്ടറിലെത്തിയത് ബ്രസീലിനെ കീഴടക്കിടൂര്ണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് നടത്തിയാണ് നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് നോര്‍വേയുടെ വരവ്. അന്ന് എര്‍ലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളാണ് ബ്രസീലിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയത്. ഇംഗ്ലണ്ടാകട്ടെ തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്.
ആസ്ടെക്ക സ്റ്റേഡിയത്തില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 10 പേരുമായി ചുരുങ്ങിയിട്ടും, സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോള്‍ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മെക്സിക്കോയെ മറികടന്നാണ് ഇംഗ്ലണ്ടിന്റെ വരവ്.
ചരിത്രം നേര്‍വേയ്ക്ക് അനുകൂലംചരിത്രപരമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ നോര്‍വേയ്ക്ക് മികച്ച റെക്കോഡാണുള്ളത്. ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 1981-ല്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വേ അട്ടിമറിച്ച ചരിത്രവുമുണ്ട്. അതുകൊണ്ട് തന്നെ ഫ്ലോറിഡയില്‍ നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം കടുത്തതായിരിക്കുമെന്ന് ഉറപ്പാണ്.
content highlights: Quarterfinal clash against England is 'very special'; Erling Haaland shares his excitement