'ആദ്യ പന്ത് മുതല്‍ സിക്‌സര്‍ അടിക്കാന്‍ എനിക്കറിയാം, ഞാന്‍ കളിക്കുന്നത് ടീമിന് വേണ്ടി' -തിലക് വര്‍മ

സിംബാബ്വേ പര്യടനത്തിന് മുന്നോടിയായാണ് തിലക് വര്‍മ പ്രതികരിച്ചത്, മോശം ഫോമിനെത്തുടര്‍ന്ന് തിലക് വലിയ വിമര്‍ശനങ്ങളേറ്റിരുന്നു

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തന്റെ ബാറ്റിങ് രീതിയെയും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിനെയും ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക് മറുപടിയുമായി ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ല, മറിച്ച് മത്സര സാഹചര്യങ്ങള്‍ക്കും ടീമിന്റെ ആവശ്യങ്ങള്‍ക്കുമാണ് താന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്ന് തിലക് വര്‍മ വ്യക്തമാക്കി. സാഹചര്യത്തിനനുസരിച്ച് ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാനും അതുപോലെ ഇന്നിങ്‌സ് സങ്കീര്‍ണമായ അവസ്ഥയിലാണെങ്കില്‍ ക്രീസില്‍ ക്ഷമയോടെ നിലയുറപ്പിക്കാനും തനിക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു പര്യടനങ്ങളിലും ആദ്യ 10 ഓവറുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയ്ക്ക് നാലോ അഞ്ചോ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിയുന്നത് യുക്തിസഹമല്ലെന്ന് തിലക് വര്‍മ പറഞ്ഞു. ടീം മാനേജ്മെന്റ് ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ടീമിന്റെ പ്ലാനുകള്‍ക്കനുസരിച്ച് കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിംബാബ്‌വേക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിലക് വര്‍മ.

'ഈ ഫോര്‍മാറ്റില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ വിവിധ ബാറ്റിംഗ് പൊസിഷനുകളില്‍ കളിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ടീമിന് എന്താണോ ആവശ്യം, അത് ചെയ്യുക എന്നതാണ് എന്റെ ശൈലി. ക്രീസില്‍ ക്ഷമയോടെ പിടിച്ച് നില്‍ക്കേണ്ട സാഹചര്യമാണെങ്കില്‍ ഞാന്‍ അത് ചെയ്യും. ആദ്യ പന്ത് മുതല്‍ അടിച്ചുകളിക്കണമെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ എടുത്തുനോക്കിയാല്‍ പവര്‍പ്ലേയിലോ ആദ്യ 10 ഓവറിലോ തന്നെ നമുക്ക് 4-5 വിക്കറ്റുകള്‍ നഷ്ടമായിരുന്നു,' -തിലക് പറഞ്ഞു. 'അത്തരം സാഹചര്യങ്ങളില്‍ വേഗത്തില്‍ റണ്‍സടിക്കാന്‍ ശ്രമിച്ച് വിക്കറ്റ് കളയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ആദ്യ പന്ത് മുതല്‍ എനിക്ക് അടിച്ചുകളിക്കാന്‍ കഴിയും, എന്നാല്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്നതിനാല്‍ വലിയ ഉത്തരവാദിത്തമുണ്ട്. വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീം മാനേജ്മെന്റ് കൃത്യമായ പദ്ധതികളോടെയാണ് ഓരോ ചുമതലയും ഏല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത്,' -അദ്ദേഹം വ്യക്തമാക്കി.

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി ഏഴ് ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 178 റണ്‍സാണ് തിലക് നേടിയത്. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. ബെല്‍ഫാസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ നേടിയ 55 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശ്രേയസ് അയ്യരുടെ നായകത്വത്തിലിറങ്ങിയ ഇന്ത്യ അയര്‍ലന്‍ഡിനോട് 2-0നും ഇംഗ്ലണ്ടിനോട് 4-0നും ട്വന്റി-20 പരമ്പരകള്‍ പരാജയപ്പെട്ടിരുന്നു. ജൂലൈ 23 മുതല്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ സിംബാബ്വേയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, വിജയം നേടി ഫോമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.

content highlights: "I Know How to Hit Sixes From the Very First Ball, But I Play For the Team": Tilak Varma

To advertise here,contact us