
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റായ ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഉയർത്തിയ 374 റൺസ് എന്ന രണ്ടാം ഇന്നിങ്‌സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 76.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടി. ഒരു ദിനം ബാക്കി നിൽക്കെ വിജയത്തിന് ആതിഥേയർക്ക് വേണ്ടത് നാല് വിക്കറ്റ് കയ്യിലിരിക്കെ 35 റൺസാണ്. ഇന്ത്യയ്ക്ക് വേണ്ടത് നാല് വിക്കറ്റുകളും.
അതേസമയം അഞ്ചാം ദിനം ഇംഗ്ലണ്ടിന് വേണ്ടി ബാറ്റുചെയ്യാൻ പേസര്‍ ക്രിസ് വോക്‌സ് ഇറങ്ങുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഓവൽ ടെസ്റ്റിന്റെ ആദ്യദിനം ഫീൽഡിങ്ങിനിടെ തോളിന് പരിക്കേറ്റ് പുറത്തുപോയ പേസർ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ നിർണായകമായ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി വോക്സ് ബാറ്റുചെയ്യുമോയെന്ന വെളിപ്പെടുത്തിയിരിക്കുകയാണ് ടീമംഗമായ ജോ റൂട്ട്.
ടീമിന് വേണ്ടി മുഴുവൻ ശരീരവും സമർപ്പിച്ചിട്ടുള്ളയാളാണ് വോക്സെന്നും ആവശ്യമെങ്കില്‍ ബാറ്റിങിനു ഇറങ്ങാന്‍ തന്നെയാണ് വോക്‌സിന്റെ തീരുമാനമെന്നും റൂട്ട് വ്യക്തമാക്കി. കാലിന് പരിക്കേറ്റിട്ടും ഇന്ത്യയ്ക്ക് വേണ്ടി റിഷഭ് പന്ത് ബാറ്റിങ്ങിനിറങ്ങുന്നതു നമ്മൾ കണ്ടിട്ടുണ്ടെന്നും റൂട്ട് ചൂണ്ടിക്കാട്ടി. മാഞ്ചസ്റ്റർ ടെസ്റ്റിൽ പരിക്കേറ്റ റിഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ ബാറ്റുചെയ്യാനെത്തിയിരുന്നു.
'ടീമിന് ആവശ്യമുണ്ടെങ്കില്‍ ബാറ്റിങ്ങിന് ഇറങ്ങാന്‍ വോക്‌സ് തയ്യാറാണ്. ക്രിസ് വോക്സ് വലിയ വേദനയിലാണ്. ഈ പരമ്പരയിൽ റിഷഭ് പന്ത് കാലൊടിഞ്ഞിട്ടും ബാറ്റ് ചെയ്യുന്നത് നമ്മൾ കണ്ടു. ഇംഗ്ലണ്ടിനായി വോക്സ് തന്റെ ശരീരം മുഴുവൻ സമർപ്പിക്കാൻ തയ്യാറാണ്' നാലാംദിനത്തിലെ മത്സരശേഷം സംസാരിക്കവേ റൂട്ട് പറഞ്ഞു.
ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ അവസാനത്തെ സെഷനിലാണ് ക്രിസ് വോക്സിന് പരിക്കേൽക്കുന്നത്. ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ 57-ാം ഓവറിലാണ് വോക്‌സിന് പരിക്കേല്‍ക്കുന്നത്. കരുണിന്റെ ഷോട്ട് ബൗണ്ടറി പോകുന്നത് തടയാന്‍ ഡൈവ് ചെയ്യുന്നതിനിടെ വോക്‌സിന് തോളില്‍ പരിക്കേറ്റു. കടുത്ത വേദന കാരണം ബുദ്ധിമുട്ടിയ വോക്‌സിന് ബോള്‍ തിരികെ എറിഞ്ഞ് കൊടുക്കാനുമായില്ല. പിന്നാലെ വോക്സ് കളംവിടുകയും ചെയ്തു.
Content Highlights: IND vs ENG: 'Like Rishabh Pant' Joe Root confirms Chris Woakes will bat despite pain on Day 5