ഓവലില്‍ ഇന്ത്യന്‍ വീരേതിഹാസം; ഇംഗ്ലണ്ടിനെ 6 റണ്‍സിന് തകര്‍ത്തു, പരമ്പര സമനിലയില്‍

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശവിജയം. ഓവല്‍ ടെസ്റ്റില്‍ 6 റണ്‍സിനാണ് ശുഭ്മന്‍ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 367 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. അഞ്ചാം ദിവസം ആദ്യ സെഷനില്‍ തകര്‍പ്പന്‍ ബോളിങ്ങിലൂടെയാണ് ഇന്ത്യ ആവേശവിജയം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് സ്വന്തമാക്കിയ പ്രസീദ്ധ് കൃഷ്ണയുമാണ് ഇന്ത്യയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിന് അവസാന ദിവസമായ ഇന്ന് വിജയിക്കാന്‍ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റണ്‍സെന്ന നിലയില്‍ ബാറ്റിം​ഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ തുടക്കമാണ് ജാമി ഓവർടൺ സമ്മാനിച്ചത്. പ്രസീദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ ജാമി ഓവര്‍ട്ടണ്‍ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റി.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജാമി സ്മിത്തിനെ (2) കീപ്പർ ജുറേലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി. പിന്നാലെ 80-ാം ഓവറില്‍ ഓവര്‍ട്ടണിനെ (9) വിക്കറ്റിന് മുന്നില്‍ കുടുക്കി സിറാജ് വീണ്ടും ഇന്ത്യന്‍ പ്രതീക്ഷകളെ ഉയർത്തി. 12-ാം പന്തില്‍ ജോഷ് ടങ്ങിനെ ക്ലീൻ ബൗൾഡാക്കി പ്രസീദ്ധ് മത്സരത്തെ അത്യാവേശകരമാക്കി.

എന്നാൽ അതിലും ആവേശകരമായ നിമിഷത്തിനാണ് ഓവൽ സാക്ഷിയായത്. ടങ്ങിന് പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്‌സ് ക്രീസിലേക്ക്. വോക്‌സിനെ ഒരറ്റത്ത് നിര്‍ത്തി ഗസ് അറ്റ്കിന്‍സണ്‍ തകർത്തടിച്ചത് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ 86-ാം ഓവറില്‍ അറ്റ്കിന്‍സന്റെ ക്ലീൻ ബൗൾഡാക്കി സിറാജ് ഇന്ത്യയ്ക്ക് ആവേശവിജയം സമ്മാനിച്ചു.

Content Highlights: IND vs ENG, 5th Test: India beats England, series draw

dot image
To advertise here,contact us
dot image