ആഫ്രിക്കയുടെ ഹൃദയമിടിപ്പ് ഒളിഞ്ഞിരിക്കുന്ന രണ്ട് 'Z' രാജ്യങ്ങൾ; പ്രകൃതിഭംഗിയും വന്യജീവി സമ്പത്തും നേരിട്ടറിയാം

ആഫ്രിക്കയുടെ യഥാർത്ഥ സൗന്ദര്യം അടങ്ങിയിരിക്കുന്ന രണ്ട് രാജ്യങ്ങളാണ് സാംബിയ, സിംബാബ്‌വെ രാജ്യങ്ങൾ

'Z' വെച്ച് തുടങ്ങുന്ന ഒരു വാക്ക് ചോദിച്ചാൽ മിക്കവരുടെയും മനസ്സിൽ ആദ്യം വരുന്നത് 'Zebra' ആയിരിക്കും. എന്നാൽ ലോക ഭൂപടത്തിൽ 'Z' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഏതെങ്കിലും രാജ്യങ്ങൾ ഉണ്ടോ?

ആകെ രണ്ട് രാജ്യങ്ങൾ മാത്രമാണ് 'Z' എന്ന അക്ഷരത്തിൽ തുടങ്ങുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സാംബിയയും (Zambia) സിംബാബ്‌വെയും (Zimbabwe) ആണത്. വിനോദസഞ്ചാരികൾ ഏറെ ആവേശത്തോടെ പോകാൻ ആഗ്രഹിക്കുന്ന, മിക്കവരുടെയും ബക്കറ്റ് ലിസ്റ്റിൽ ഉള്ള രണ്ട് രാജ്യങ്ങളാണ് സാംബിയയും സിംബാബ്‌വെയും.

മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വിസ്മയിപ്പിക്കുന്ന ദേശീയോദ്യാനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ, യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ രണ്ട് രാജ്യങ്ങളും. സാഹസിക വിനോദ സഞ്ചാരത്തിന് പേരുകേട്ട ഇടങ്ങൾ കൂടിയാണ് സാംബിയയും സിംബാബ്‌വെയും. ഇരു രാജ്യങ്ങളുടെയും വശ്യ മനോഹരമായ പ്രകൃതി ഭംഗിയെ കുറിച്ച് ഒന്ന് അന്വേഷിച്ചാലോ?

സാംബിയ (Zambia)ആഫ്രിക്കയുടെ യഥാർത്ഥ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് സാംബിയയിൽ ആണെന്ന് പറയാം. പ്രകൃതിഭംഗി തുളുമ്പുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ മുൻപന്തിയിലാണ് സാംബിയ. വൈവിധ്യമാർന്ന വന്യജീവി സമ്പത്ത് കൊണ്ടും സാംബേസി (Zambezi) നദിയുടെ സാന്നിധ്യം കൊണ്ടും ഫലഭൂയിഷ്ഠമായ ഭൂമി. നടന്നുകൊണ്ടുള്ള സഫാരികൾക്ക് (Walking Safaris) ഏറെ പ്രശസ്തമാണ് സാംബിയ. അങ്ങനെ പല വിശേഷണങ്ങൾ ഉള്ള സാംബിയ സന്ദർശിക്കുമ്പോൾ ഒരിക്കൽ മിസ് ചെയ്യരുതാത്ത ചില സ്ഥലങ്ങളുണ്ട്.

1. വിക്ടോറിയ വെള്ളച്ചാട്ടം (Victoria Falls)ലോകത്തിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നായ വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് സാംബിയയുടെയും സിംബാബ്‌വെയുടെയും മധ്യത്തിലാണ്. വിക്ടോറിയ വെള്ളച്ചാട്ടം കാണാതെയുള്ള സാംബിയ-സിംബാബ്‌വെ യാത്ര അതിനാൽ തന്നെ അപൂർണ്ണമാണ്‌. വെള്ളച്ചാട്ടത്തിന്റെ വശ്യ ഭംഗി ആസ്വദിക്കാൻ ഹെലികോപ്റ്റർ യാത്രകളും ലഭ്യമാണ്. കൂടാതെ വൈറ്റ്-വാട്ടർ റാഫ്റ്റിംഗ്, ബംഗി ജമ്പിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാവുന്നതാണ്.

2. സൗത്ത് ലുവാങ്‌വ നാഷണൽ പാർക്ക് (South Luangwa National Park)ആദ്യമായി നടന്നുകൊണ്ടുള്ള സഫാരികൾ (Walking Safaris) ആരംഭിച്ചത് ഈ ദേശീയോദ്യാനത്തിൽ നിന്നാണ് എന്നാണ് കരുതുന്നത്. ആനകൾ, പുള്ളിപ്പുലികൾ, കാട്ടുപോത്തുകൾ, ഹിപ്പോ, ജിറാഫുകൾ കൂടാതെ നൂറുകണക്കിന് അപൂർവ്വ ഇനം പക്ഷികളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. പ്രകൃതി സ്നേഹികളും വന്യജീവി ഗവേഷകരും പഠനത്തിനായി ഓപ്റ്റ് ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ഈ ദേശീയോദ്യാനം. വന്യ ജീവികളെ അടുത്ത് കാണാനും അവയുടെ സ്വഭാവ സവിശേഷതകളും അടുത്ത് കാണാനും മനസിലാക്കാനും ഈ ദേശീയോദ്യാനത്തിൽ സാധ്യമാണ്.

3. ലോവർ സാംബേസി നാഷണൽ പാർക്ക് (Lower Zambezi National Park)സാംബേസി നദിക്കരയിലുള്ള ഈ ദേശീയോദ്യാനം സഞ്ചാരികൾക്ക് ഏറ്റവും സവിശേഷമായ സഫാരി അനുഭവം സമ്മാനിക്കുന്നു. നദിയിലൂടെ കനോയിംഗ് (Canoeing) ചെയ്യുമ്പോൾ മുതലകളെയും ഹിപ്പോകളെയും തൊട്ടടുത്ത് കാണാൻ സാധിക്കും. വ്യത്യസ്തമായ ഒരു സഫാരി അനുഭവമാണ് സഞ്ചാരികൾക്ക് ലോവർ സാംബേസി നാഷണൽ പാർക്ക് സമ്മാനിക്കുന്നത്.

4. കാഫ്യൂ നാഷണൽ പാർക്ക് (Kafue National Park)ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിൽ ഒന്നാണിത്. സിംഹങ്ങൾ, ചീറ്റപ്പുലികൾ, മ്ലാവുകൾ എന്നിവയുടെ ആവാസകേന്ദ്രമായ ഇവിടം തിരക്കുകളിൽ നിന്ന് മാറി കാടിന്റെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ്.

സിംബാബ്‌വെ (Zimbabwe)സാംബിയയുടെ അയൽരാജ്യമായ സിംബാബ്‌വെ പുരാതന പൈതൃകത്തിന്റെയും പ്രകൃതി വിസ്മയങ്ങളുടെയും ഒരു കൂടിച്ചേരലാണ്. അതുകൊണ്ടുതന്നെ സഞ്ചാരികൾ ഈ പ്രദേശത്തെ 'അത്ഭുതങ്ങളുടെ ലോകം' (World of Wonders) എന്നാണ് വിശേഷിപ്പിക്കുന്നത്. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും മലനിരകളും യുനെസ്കോ പൈതൃക കേന്ദ്രങ്ങളും നിറഞ്ഞ ഇവിടുത്തെ ചില പ്രധാന കാഴ്ചകൾ പരിചയപ്പെടാം.

1. വിക്ടോറിയ വെള്ളച്ചാട്ടം (Victoria Falls)വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് സാംബിയയുടെയും സിംബാബ്‌വെയുടെയും മധ്യത്തിലാണ്. എങ്കിലും വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ സമ്മാനിക്കുന്നത് സിംബാബ്‌വെയാണ്. വെള്ളച്ചാട്ടത്തിന് സമീപമുള്ള ആഡംബര റിസോർട്ടുകളിലെ താമസം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സാംബേസി നദിയിലൂടെയുള്ള സൂര്യാസ്തമയ ക്രൂയിസ് യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക.

2. ഹ്വാങ്കെ നാഷണൽ പാർക്ക് (Hwange National Park)സിംബാബ്‌വെയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. വലിയ കൂട്ടത്തോടെയെത്തുന്ന ആനകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ സിംഹങ്ങൾ, കാട്ടുപോത്തുകൾ, സീബ്രകൾ, ജിറാഫുകൾ എന്നിവയെയും ഇവിടെ ധാരാളമായി കാണാൻ സാധിക്കും.

3. ഗ്രേറ്റ് സിംബാബ്‌വെ (Great Zimbabwe)ചരിത്രപ്രേമികളെ ആകർഷിക്കുന്ന ഒരു യുനെസ്കോ ലോക പൈതൃക കേന്ദ്രമാണ് Great Zimbabwe. 11-ാംനൂറ്റാണ്ടിനും 15-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ഒരു പുരാതന ശിലാ നഗരമാണിത്. ആഫ്രിക്കൻ സംസ്കാരത്തിന്റെ വേരുകൾ തിരയുന്ന വിദ്യാർത്ഥികളും ഗവേഷകരും തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് Great Zimbabwe.

4. മനാ പൂൾസ് നാഷണൽ പാർക്ക് (Mana Pools National Park)സാംബേസി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ യുനെസ്കോ പൈതൃക കേന്ദ്രമാണ് മനാ പൂൾസ് നാഷണൽ പാർക്ക്. കനോയിംഗ് സഫാരികൾക്ക് ഏറെ പ്രശസ്തമാണിവിടം. ആനകൾ, നീർക്കുതിരകൾ, മുതലകൾ എന്നിവ നിറഞ്ഞ ഇവിടം സാഹസിക സഞ്ചാരികൾക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്കും ഏറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരു സ്വർഗ്ഗമാണ് ഇവിടം.

'Z' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഈ രണ്ട് രാജ്യങ്ങളും വെറുമൊരു വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമല്ല, മറിച്ച് പ്രകൃതിയുടെ വന്യതയും പൈതൃകവും ഒത്തുചേരുന്ന അത്ഭുത ലോകങ്ങൾ കൂടിയാണ്. പ്രകൃതിദത്തവും വ്യത്യസ്തവും എന്നാൽ സാഹസികവും ഒരുപോലെ ഇഷ്ടപ്പെടുന്ന യാത്രപ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട രണ്ട് രാജ്യങ്ങളാണ് സാംബിയയും സിംബാബ്‌വെയും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. അങ്ങനെയെങ്കിൽ അടുത്ത അന്താരാഷ്ട്ര യാത്ര ഈ രാജ്യങ്ങളിലേക്ക് ആവട്ടെ!

Content Highlight: Zambia and Zimbabwe, the only two countries starting with letter 'Z'; the diverse wildlife, natural wonders, and iconic landscapes attract travellers.

To advertise here,contact us