
എല്ലാ മാസവും സോഷ്യല് മീഡിയയില് നിരവധി വീഡിയോകളാണ് ട്രെന്ഡിങ്ങ് ലിസ്റ്റിലെത്തുന്നത്. അത്തരത്തില് ഈ ജൂണ് മാസവും സോഷ്യല് മീഡിയ കീഴടക്കാന് ഒരുപറ്റം വീഡിയോകളെത്തി വൈറലായത്. നൊസ്റ്റാള്ജിയ ഉണര്ത്തുന്ന ഗാനങ്ങള് മുതല് മഞ്ഞള്പ്പൊടി വെള്ളം വരെ ഈ വൈറല് ലിസ്റ്റിലുണ്ട്. കണ്ടാല് പേടിയും ക്യൂട്ട്നെസും ഒരുമിച്ച് തോന്നുന്ന ലബൂബു പാവകള് വരെ ഇക്കൂട്ടത്തിലുണ്ട്. ഏതൊക്കെയാണ് ഈ മാസത്തെ വൈറല് വീഡിയോകളെന്ന് നോക്കാം.
ലബുബു പാവകള്
അഗ്ലിക്യൂട്ട് എന്ന് വിളിക്കുന്ന ഈ പാവകളായിരുന്നു ഈ മാസം സോഷ്യല് മീഡിയയില് ട്രെന്ഡിങ്ങില് ലിസ്റ്റിലുണ്ടായിരുന്ന ഒരു ഐറ്റം. വിടര്ന്ന ചെവികളും വെളുത്ത് പുറത്തേക്ക് തള്ളിനില്ക്കുന്ന പല്ലുകളും വലിയ കണ്ണുകളും ഉള്ള ഈ പാവയെ കണ്ടാല് ആരായാലും ഒന്ന് ഭയക്കും. ഹോങ്കോങ്ങില് ജനിച്ച കാസിങ് ലങ് എന്ന കലാകാരന്റെ ദി മോണ്സ്റ്റേഴ്സ് എന്ന പുസ്തക പരമ്പരയിലെ ഒരു കഥാപാത്രമാണ് ലബുബു. വാങ് നിങ്ങിന്റെ ചൈന കമ്പനിയായ പോപ്പ് മാര്ട്ടാണ് പിന്നീട് ഈ കഥാപാത്രത്തിന് ജീവന് നല്കിയത്. കണ്ടാല് ആണായി തോന്നുമെങ്കിലും ലബുബു ഒരു സ്ത്രീയാണ്.
'മാഫ് കര്ണ്ണ ജാംന'
1968-ല് പുറത്തിറങ്ങിയ ദോ കാളിയന് എന്ന ചിത്രത്തിലെ ഐക്കോണിക് ഡയലോഗുകളായിരുന്നു കഴിഞ്ഞ മാസം സോഷ്യല് മീഡിയയില് വൈറലായ മറ്റൊരു ട്രെന്ഡ്. 'മാഫ് കര്നാ ജംന, മേം നെ തുജെ പഗ്ലി കഹാ എന്ന് ഒരു കഥാപാത്രം പറയുമ്പോള് ' നഹി, മേം ഹൂ ഭി തോഡി സി, കുച്ച് ഭീ ബോള് ജാതി ഹൂം' എന്ന് അടുത്ത കഥാപാത്രം തിരിച്ചുപറയുന്നതാണ് ഡയലോഗ്. നിരവധി പേരാണ് ഈ ഡയലോഗ് പറഞ്ഞ് വൈറലായത്.
'മാച്ച ചായ'
കഴിഞ്ഞ മാസം ട്രെന്ഡിങ് ലിസ്റ്റില് വന്ന മറ്റൊരു ഐറ്റമായിരുന്നു 'മാച്ച ചായ'. മാച്ചാ ടീയുടെ ഉത്ഭവം ജപ്പാനില് നിന്നാണ് . ഇതില് ഉയര്ന്ന അളവില് ക്ലോറോഫില് അടങ്ങിയിട്ടുണ്ട്. ജാപ്പനീസ് കുടുംബങ്ങള് മാത്രമായിരുന്നു മാച്ച കുടിച്ചിരുന്നത്. പിന്നീട് പാശ്ചാത്യ രാജ്യങ്ങളില് ആരോഗ്യ പ്രേമികള്ക്കിടയിലേക്കും മാച്ച ചായയെത്തി. ഇപ്പോള് ലോകത്തിന്റെ വിവിധ കോണുകളില് മാച്ച ചായ പ്രേമികളെ കാണാം.
മഞ്ഞപ്പൊടി ട്രെന്ഡ്
മഞ്ഞള്പൊടി വെള്ളത്തിലിടുന്ന റീലുകളാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ട്രെന്ഡിങ്ങായ സോഷ്യല് മീഡിയ റീല്. നിരവധി പേരാണ് ഈ റീലിന്റെ ഭാഗമായത്. വെള്ളം നിറച്ച ഗ്ലാസ് ഫ്ളാഷ് ലൈറ്റ് തെളിയിച്ച മൊബൈല് ഫോണിന് മുകളില് വെച്ച ശേഷം അതിലേക്ക് മഞ്ഞള് പൊടി ഇടുന്നതും ഈ കാഴ്ച കാണുന്ന കുട്ടികളുടെയും മറ്റും റിയാക്ഷനുമാണ് വീഡിയോയായി സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നത്. നിരവധി വെറൈറ്റി വീഡിയോകളും ഈ ട്രെന്ഡിന്റെ ഭാഗമായി എത്തിയിരുന്നു. എഐ ഉപയോഗിച്ച് ഒരു വലിയ ചില്ലുപാത്രത്തിലേക്ക് ജെസിബി പോലെയുള്ള മണ്ണുമാന്തി യന്ത്രം മഞ്ഞള്പ്പൊടി ഇടുന്നതും ഇത് കണ്ട് ആസ്വദിക്കുന്ന ഒരുകൂട്ടം ആളുകളുമുള്ള വീഡിയോയും വൈറലായിരുന്നു. കടയിലെയും വീട്ടിലെയും മഞ്ഞള്പ്പൊടിയെല്ലാം തീര്ന്നു പോയെന്ന് പറയുന്ന റീലുകളും പിന്നാലെ ഇറങ്ങിയിരുന്നു.
Content Highlights: labubu dolls matcha mania to glowing haldi viral trends that ruled june 2025