
2012ൽ ബഹിരാകാശത്ത് നിന്നും സൂപ്പർസോണിക് വേഗതയിൽ താഴേയ്ക്ക് ചാടിയ ഓസ്ട്രിയക്കാരൻ ഫെലിക്സ് ബോംഗാർട്ട്നറുടെ വീഡിയോ വൈറലാകുന്നു. ബഹിരാകാശത്ത് നിന്നുള്ള സൂപ്പർഡൈവിന് വേണ്ടി അഞ്ച് വർഷം നടത്തിയ തീവ്രപരിശീലനത്തെക്കുറിച്ചാണ് വീഡിയോയിൽ ഫെലിക്സ് ബോംഗാർട്ട്നർ സൂചിപ്പിക്കുന്നത്. നിർഭയമായ സമീപനത്തിന് പേരുകേട്ട ഫെലിക്സ് ബോംഗാർട്ട്നർ സ്കൈഡൈവിംഗ് ചരിത്രത്തിലെ അതികായനാണ്. ഭൂമിയിൽ നിന്നും 39 കിലോമീറ്റർ ദൂരെ, സ്ട്രാറ്റോസ്ഫിയറിൽ നിന്നായിരുന്നു ഫെലിക്സിൻ്റെ ആ ചാട്ടം. റെഡ് ബുൾ സ്ട്രാറ്റോസ് പ്രോജക്ടിന്റെ ഭാഗമായി ചാടിയ ഫെലിക്സ് തിരിച്ച് ലാൻഡ് ചെയ്തത് മെക്സിക്കോയിലായിരുന്നു.
"ഞാൻ ബഹിരാകാശത്ത് നിന്ന് ചാടിയ മനുഷ്യനാണ്. 50 സെക്കൻഡിനുള്ളിൽ, ഞാൻ മണിക്കൂറിൽ 1355 കിലോമീറ്റർ വേഗത കൂട്ടി. ഏറ്റവും ഉയരത്തിൽ നിന്നുള്ള സ്കൈ ഡൈവിംഗിൻ്റെ റെക്കോർഡ് ഞാൻ തകർത്തു. ഫ്രീഫാളിലെ ഏറ്റവും വേഗത, ഏറ്റവും ദൈർഘ്യമേറിയ ഫ്രീഫാൾ എന്നിവയുടെ റെക്കോർഡുകൾ ഞാൻ തകർത്തു എന്ന് ഫെലിക്സ് വീഡിയോയിൽ പറയുന്നുണ്ട്. 'ഈ ലക്ഷ്യം സാധ്യമാക്കാൻ ഞങ്ങൾക്ക് ഏകദേശം അഞ്ച് വർഷം പരിശീലിക്കേണ്ടി വന്നു. അത് കഠിനമായിരുന്നു. എന്താണ് വേണ്ടതെന്ന് തുടക്കത്തിൽ ഞങ്ങൾക്ക് അറിയില്ലായിരുന്നു. കഠിനമായ പരിശീലന പ്രക്രിയകാലത്ത് 'ജയിലിൽ' ആയിരുന്നതായാണ് തോന്നിയത്. എന്നാൽ താഴേയ്ക്ക് കുതിച്ച നിമിഷത്തിൽ അതെല്ലാം മറന്ന് പോയി.' ഫെലിക്സ് പറയുന്നു.
'ഞങ്ങൾ വിൻഡ് ടണൽ ടെസ്റ്റുകൾ നടത്തി. ധാരാളം കാർഡിയോ, മസിൽ വർക്കൗട്ടുകൾ, വ്യത്യസ്ത ഉയരങ്ങളിൽ നിന്നുള്ള സ്കൈഡൈവുകൾ, സ്യൂട്ടിൽ ബഞ്ചി ജമ്പിങുകൾ എന്നിവ നടത്തിയെന്നും' ഫെലിക്സ് അനുസ്മരിച്ചു. 'എനിക്ക് അറിയാത്ത ഒരുപാട് ആളുകളുമായി ചേർന്നായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. വളരെ ഉയരത്തിൽ ആയതിനാൽ ആശയവിനിമയം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ ഘട്ടത്തിൽ ഫോർമുല വണ്ണിലെ ഒരു വിദഗ്ധനുമായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു'വെന്നും ഫെലിക്സ് പറഞ്ഞു.
സൂപ്പർസോണിക് വേഗതയിൽ ഭൂമിയിലേക്ക് കുതിക്കുമ്പോൾ മനസ്സിൽ വന്ന ആദ്യത്തെ ചിന്ത എന്തായിരുന്നു എന്നതിന് 'സ്വാതന്ത്ര്യം' എന്നായിരുന്നു ഫെലിക്സ് ഉത്തരം പറഞ്ഞത്. വർഷങ്ങളോളം നീണ്ട നിരന്തരമായ തയ്യാറെടുപ്പിൻ്റെയും ടീം വർക്കിൻ്റെയും വ്യത്യസ്തരായ ഒരു കൂട്ടം വിദഗ്ധരിലുള്ള വിശ്വാസത്തിൻ്റെയും പരിസമാപ്തിയാണ് നേട്ടമെന്നും ഒപ്പം പ്രവർത്തിച്ചവരിൽ ചിലരെ വ്യക്തിപരമായി പോലും അറിയില്ലെന്നും ഫെലിക്സ് വ്യക്തമാക്കി.
'എൻ്റെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു. വാതിൽ തുറന്നപ്പോൾ എൻ്റെ ഓക്സിജൻ വിച്ഛേദിക്കപ്പെട്ടു. ഞാൻ ചാടി, എൻ്റെ പാരച്യൂട്ട് തുറന്നു, ഞാൻ ലാൻഡ് ചെയ്തു.' ഫെലിക്സ് ബോംഗാർട്ട്നർ വീഡിയോയിൽ തന്റെ ചാട്ടത്തെക്കുറിച്ച് പരാമർശിക്കുന്നത് ഇങ്ങനെ.
ഇതുവരെ എട്ട് ദശലക്ഷത്തിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് വീഡിയോ കണ്ടിരിക്കുന്നത്. 1969-ൽ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ ജനിച്ച ഫെലിക്സ് ബോംഗാർട്ട്നർ 16-ാം വയസ്സിലാണ് സ്കൈഡൈവിംഗ് ആരംഭിച്ചത്. 1988-ൽ റെഡ് ബുള്ളിനായി എക്സിബിഷനുകൾ നടത്താൻ തുടങ്ങി. താമസിയാതെ ലോകത്തിലെ ഏറ്റവും അംഗീകൃത റെഡ്ബുൾ അത്ലറ്റുകളിൽ ഒരാളായി പേരെടുക്കുകയും ചെയ്തു.