കട്ട കലിപ്പില്‍ ഇന്‍ഫ്‌ളുവന്‍സര്‍; ഡാര്‍ക് ഫാന്റസിയുടെ പുതിയ പരസ്യം 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ച് കമ്പനി

സ്‌കൂള്‍ കുട്ടികളെയും മാതാപിതാക്കളെയും ടാര്‍ഗറ്റ് ചെയ്ത് എത്തിയ പരസ്യത്തിലെ പ്രശ്‌നങ്ങള്‍ ഇന്‍ഫ്‌ളുവന്‍സര്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു

കട്ട കലിപ്പില്‍ ഇന്‍ഫ്‌ളുവന്‍സര്‍; ഡാര്‍ക് ഫാന്റസിയുടെ പുതിയ പരസ്യം 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ച് കമ്പനി
dot image

വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാര്‍ക്ക് ഫാന്റസിയുടെ ഒരു പരസ്യം പിന്‍വലിച്ചിരിക്കുകയാണ് സണ്‍ഫീസ്റ്റ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് എല്ലാ ദിവസവും ഉച്ചയ്‌ക്കോ ഇടനേരമോ കഴിക്കാനുള്ള ഭക്ഷണമായി ഡാര്‍ക് ഫാന്റസിയെ ചിത്രീകരിച്ചിരിക്കുന്ന നിലയിലുള്ള പരസ്യമാണ് പിന്‍വലിച്ചിരിക്കുന്നത്.

പച്ചക്കറി കഷ്ണങ്ങള്‍ക്ക് പകരം ഡാര്‍ക് ഫാന്റസി നല്‍കൂ എന്ന് പറയുന്ന രീതിയിലായിരുന്നു പരസ്യം. ഇതിനെതിരെ ഇന്‍ഫ്‌ളുവന്‍സറായ രേവന്ത് ഹിമാന്ത്‌സിംഗ രംഗത്തുവരികയായിരുന്നു. ജങ്ക് ഫുഡിന് താന്‍ എതിരല്ലെന്നും എന്നാല്‍ അവ കുട്ടികള്‍ ദിവസേന കഴിക്കേണ്ട ഭക്ഷണമാണെന്ന് രീതിയില്‍ അവതരിപ്പിക്കുന്നത് തെറ്റാണെന്നുമാണ് രേവന്ത് വിമര്‍ശിച്ചത്.

Dark Fantasy cookie ad
ഡാര്‍ക് ഫാന്‍റസിയുടെ വിവാദമായ പരസ്യം

പച്ചക്കറിയ്ക്ക് പകരമായി അവതരിപ്പിക്കപ്പെടുന്ന ഡാര്‍ക് ഫാന്റസിയില്‍ ആകെയുള്ള പച്ചക്കറിയുടെ അംശം ഒരല്‍പം വെജിറ്റിബിള്‍ ഓയില്‍ മാത്രമാണെന്നും രേവന്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഇന്‍ഗ്രീഡിയന്റ് ലിസ്റ്റിന്റെ ചിത്രവും രേവന്ത് പോസ്റ്റ് ചെയ്തിരുന്നു. മിസ്‌ലീഡിങ്ങായ രീതിയില്‍ പരസ്യങ്ങള്‍ നല്‍കുന്ന ബ്രാന്‍ഡുകള്‍ക്കും ആരോഗ്യകരമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും എതിരെ കണ്ടന്റുകള്‍ ചെയ്യുന്ന രേവന്തിന്റെ ഫുഡ് ഫാര്‍മര്‍ എന്ന പേജിലൂടെയായിരുന്നു പ്രതികരണം.

പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ താന്‍ വീഡിയോ കണ്ടന്റുമായി എത്തുമെന്നും രേവന്ത് പറഞ്ഞിരുന്നു. പിന്നാലെയാണ് സണ്‍ഫീസ്റ്റ് പരസ്യം പിന്‍വലിച്ച് പ്രതികരണവുമായി എത്തിയത്. പുറത്തുവിട്ട് 24 മണിക്കൂറാവുമ്പോഴേക്കും സണ്‍ഫീസ്റ്റിന് പരസ്യം പിന്‍വലിക്കേണ്ടി വരികയായിരുന്നു.

'പച്ചക്കറികള്‍ വെറുതെ അരിഞ്ഞുവെക്കാതെ, അവയെ ആകര്‍ഷണീയമായ രീതിയില്‍ കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കാം എന്നായിരുന്നു ആ പരസ്യത്തിലെ സാന്‍ഡ്‌വിച്ചിലൂടെ ഉദ്ദേശിച്ചത്. അല്ലാതെ പച്ചക്കറിയ്ക്ക് പകരമുള്ളത് എന്ന് ഉദ്ദേശിച്ചില്ലായിരുന്നു. എന്നാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെ പറയുന്ന രീതിയില്‍ തോന്നുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അതുകൊണ്ട് പരസ്യം ഞങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും പിന്‍വലിക്കുകയാണ്,' സണ്‍ഫീസ്റ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സണ്‍ഫീസ്റ്റിന്റെ സമയബന്ധിതമായ ഇടപെടലിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി ഉയരുന്നുണ്ട്. രേവന്തും സണ്‍ഫീസ്റ്റിനെ അഭിനന്ദിച്ചിച്ചിരുന്നു. സണ്‍ഫീസ്റ്റിന്റെ ഈ പ്രതികരണം ചെയിന്‍ റിയാക്ഷന്‍ പോലെ പടരുമെന്നും മറ്റ് കമ്പനികളും മിസ്‌ലീഡിങ്ങായ പരസ്യങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് രേവന്തിന്റെ പ്രതികരണം.

Content Highlights: Sunfeast withdraws a Dark Fanstasy ad after Influencer raises concerns

dot image
To advertise here,contact us
dot image