പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ ഇങ്ങനെ ഒരു അടയാളം കണ്ടാൽ? എന്താണ് ഇതിന്റെ അർഥം എന്നല്ലേ?

ചിപ്സ്, ശീതളപാനീയങ്ങള്‍ തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ ഇനിമുതല്‍ ചുവന്ന നിറത്തിലുള്ള മുന്നറിയിപ്പ് അടയാളം പ്രദര്‍ശിപ്പിക്കും

ചിപ്‌സ്, ബിസ്‌കറ്റ്, ശീതളപാനീയങ്ങള്‍ തുടങ്ങി പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ നമ്മള്‍ സാധാരണയായി നോക്കുന്നത് അതിന്റെ ബ്രാന്‍ഡും വിലയും കാലഹരണ തീയതിയുമൊക്കെയാണ്. പാക്കറ്റിന്റെ പുറകിലുള്ള ചെറിയ അക്ഷരങ്ങളിലുള്ള ചേരുവകളുടെ പട്ടിക പലപ്പോഴും ശ്രദ്ധിക്കാറുമില്ല. എന്നാല്‍ ഇനി ഭക്ഷണ പായ്ക്കറ്റിന്റെ മുന്‍വശത്ത് തന്നെ ഒരു ചുവന്ന മുന്നറിയിപ്പ് അടയാളം കണ്ടേക്കാം. ഭക്ഷണത്തില്‍ എന്ത് ചേരുവയാണ് കൂടുതലുള്ളതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഉപഭോക്താവിനെ അറിയിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

എന്താണ് ഈ ചുവന്ന അടയാളം?

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ അമിതമായ അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള മുന്നറിയിപ്പ് ലേബലാണ് ഇത്. സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന് പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ പാക്കറ്റിന്റെ മുന്‍വശത്ത് മുന്നറിയിപ്പ് ലേബലുകള്‍ ഒട്ടിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിര്‍ദ്ദേശിച്ചു.

ചുവന്ന ( Hexagonal shape )ഷഡ്ഭുജാകൃതിയിലാണ് ഈ മുന്നറിയിപ്പ് അടയാളം ഉള്ളത്. ഒരു ഉല്‍പ്പന്നത്തില്‍ നിര്‍ദ്ദിഷ്ട പരിധിയേക്കാള്‍ കൂടുതലായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയോ ഇവയില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഉണ്ടെങ്കിലോ മുന്നറിയിപ്പ് നല്‍കുന്ന രീതിയിലാണ് നിര്‍ദ്ദേശം. അതിനാല്‍, ഇനി പാക്കറ്റ് വാങ്ങുന്നതിന് മുമ്പ് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്ന പരസ്യവാചകങ്ങള്‍ക്കൊപ്പം മുന്‍വശത്തെ മുന്നറിയിപ്പ് അടയാളവും ശ്രദ്ധിക്കുക.

എന്തിനാണ് ഇത്തരമൊരു മുന്നറിയിപ്പ്?

സാധാരണയായി ഒരു ഭക്ഷണപ്പാക്കറ്റിന്റെ പുറകിലുള്ള ചേരുവകളുടെ പട്ടിക വായിച്ചാല്‍ മാത്രമേ അതില്‍ എത്ര പഞ്ചസാരയോ ഉപ്പോ കൊഴുപ്പോ ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയൂ. എല്ലാവരും അത് വായിക്കണമെന്നില്ല. മാത്രമല്ല, ചെറിയ അക്ഷരങ്ങളില്‍ നല്‍കിയിരിക്കുന്ന പോഷക വിവരങ്ങള്‍ സാധാരണ ഉപഭോക്താവിന് പെട്ടെന്ന് മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്.ഇവിടെയാണ് Front-of-Pack Warning Label എന്ന ആശയം പ്രസക്തമാകുന്നത്.

പാക്കറ്റിന്റെ മുന്‍വശത്ത് തന്നെ മുന്നറിയിപ്പ് നല്‍കിയാല്‍ ഉല്‍പ്പന്നം വാങ്ങുന്നതിന് മുമ്പ് ഉപഭോക്താവിന് ഒരു നിമിഷം കൊണ്ട് അത് ശ്രദ്ധിക്കാനാകും. ഉദാഹരണത്തിന് നിങ്ങള്‍ ഒരു ചിപ്‌സ് പാക്കറ്റ് എടുത്തു. അമിതമായ ഉപ്പ് അല്ലെങ്കില്‍ കൊഴുപ്പ് സംബന്ധിച്ച മുന്നറിയിപ്പ് വ്യക്തമായി കാണുന്നു. അപ്പോള്‍ അത് പതിവായി കഴിക്കണോ, കുറച്ച് മാത്രം വാങ്ങണോ, മറ്റൊരു ഉല്‍പ്പന്നം തിരഞ്ഞെടുക്കണോ എന്ന തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്ക് എളുപ്പമാകും.

സുപ്രീം കോടതി ഇടപെടാന്‍ കാരണം?

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെ മുന്‍വശത്ത് ആരോഗ്യ മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി എത്തിയിരുന്നു. വാദത്തിനിടെ, ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ പൊതുജനാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കോടതി ഗൗരവമായി പരിഗണിച്ചു.ഭക്ഷണപ്പാക്കറ്റുകളില്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നിലപാടില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

FSSAI പറഞ്ഞത് എന്ത്?

മുന്നറിയിപ്പ് ലേബലുകള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ FSSAI ചില ആശങ്കകളും കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ നിരവധി പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണങ്ങളും ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ്, ഉപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളുടെ വിഭാഗത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രധാന വാദങ്ങളിലൊന്ന്. എന്നാല്‍ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്തരം കാരണങ്ങള്‍ പറഞ്ഞ് മുന്നറിയിപ്പ് ലേബലുകള്‍ ഒഴിവാക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് എന്താണ് ഗുണം?

ഒരു ഭക്ഷണപ്പാക്കറ്റ് വാങ്ങുമ്പോള്‍ മുന്‍വശത്തെ മുന്നറിയിപ്പ് അടയാളം നോക്കിയാല്‍ തന്നെ ആ ഭക്ഷണത്തില്‍ ആരോഗ്യത്തിന് ആശങ്കയുണ്ടാക്കാവുന്ന അളവില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുണ്ടോ എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്കായി ചിപ്‌സ്, പാക്കറ്റ് സ്‌നാക്‌സ്, ശീതളപാനീയങ്ങള്‍ തുടങ്ങിയവ വാങ്ങുന്ന മാതാപിതാക്കള്‍ക്ക് ഇത് സഹായകരമായേക്കാം.പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാരണം ഭക്ഷണത്തിലെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് ശ്രദ്ധിക്കേണ്ടവര്‍ക്കും ഈ വിവരങ്ങള്‍ പ്രയോജനപ്പെടും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പാക്കറ്റില്‍ ചുവന്ന മുന്നറിയിപ്പ് അടയാളമുണ്ടെന്ന് കരുതി ആ ഭക്ഷണം വിഷമാണെന്നോ ഒരിക്കലും കഴിക്കാന്‍ പാടില്ലെന്നോ അര്‍ഥമില്ല. ആ ഭക്ഷണത്തില്‍ ചില ഘടകങ്ങള്‍ നിര്‍ദ്ദിഷ്ട പരിധിയേക്കാള്‍ കൂടുതലാണെന്ന കാര്യം ഉപഭോക്താവിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സംവിധാനമാണ്.

ഭക്ഷണ പാക്കറ്റ് വാങ്ങുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ നോക്കാം

മുന്‍വശത്തെ മുന്നറിയിപ്പ് ലേബല്‍.ചുവന്ന അടയാളമുണ്ടോ എന്ന് ആദ്യം നോക്കാം.

പോഷക വിവരങ്ങള്‍.പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് പരിശോധിക്കാം.

ചേരുവകളുടെ പട്ടിക.എന്തൊക്കെയാണ് ഭക്ഷണത്തില്‍ ചേര്‍ത്തിരിക്കുന്നതെന്ന് നോക്കാം.

Content Highlights: Packaged foods such as chips and soft drinks will henceforth display a red, hexagonal warning symbol

To advertise here,contact us