
May 28, 2025
09:53 AM
ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചും ഉത്തരേന്ത്യക്കാർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമായിരിക്കും പാനി പൂരി. ജോലി കഴിഞ്ഞ് വരുന്ന വഴിയും, അല്ലാതെയുമായി നിരവധി പേരാണ് പാനി പൂരി കഴിക്കുക. ഇപ്പോൾ നമ്മുടെ നാട്ടിലും ഇവ സുലഭമായി ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മുക്കിലും മൂലയിലും ചാറ്റ് കടകൾ പൊന്തിവന്നതോടെ വൈകുന്നേരങ്ങളിൽ പാനി പൂരിയും മറ്റും കഴിക്കാൻ വലിയ തിരക്ക് തന്നെ അനുഭവപ്പെടാറുണ്ട്.
എന്നാൽ നമ്മുടെ സങ്കല്പങ്ങളിലെ പാനി പൂരിയെ തകർത്തെറിയുന്നതാണ് ഇന്റർനെറ്റിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വീഡിയോ. സാധാരണയായി സവാളയും തക്കാളിയും മിച്ചറും നമ്മൾ പാനി പൂരിയുടെ കൂടെ കഴിക്കാൻ ഉപയോഗിക്കുമ്പോൾ, മുംബൈയിലെ ഒരു ഷെഫ് പാനി പൂരിക്ക് 'ടോപ്പിങ്സ്' ആയി വെച്ചത് പുളിയുറുമ്പുകളെയാണ് !
മുംബൈയിലെ മസ്ക്യൂ റെസ്റ്ററന്റിലെ ഹെഡ് ഷെഫായ വരുൺ ടോട്ലാനിയാണ് ഈ 'പരീക്ഷണം' നടത്തിയത്. ബാങ്കോക്കിലെ ചില ഷെഫുകളുമായി വരുൺ നടത്തിയ ഒരു കൊളാബറേഷനായിരുന്നു ഈ 'പുളിയുറുമ്പ് പാനി പൂരി'യിലേക്ക് നയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വരുണും തായ് ഷെഫുകളും പാനി പൂരി ഉണ്ടാക്കുന്നത് കാണാം. തായ് ശൈലിയിലെ തക്കാളി, ബീൻസ് വിഭവങ്ങളും ഇന്ത്യൻ സ്റ്റൈൽ തേങ്ങാപ്പാലും, പുളിയുറുമ്പ് ടോപ്പിങ്സുമായിരുന്നു ഈ കൊളാബറേഷന്റെ 'ഹൈലൈറ്റ്' !
വീഡിയോ വൈറലായതോടെ നെറ്റിസൻസും ആകെ രോഷത്തിലാണ്. ചിലർ സേവ് പാനി പൂരി എന്നുപറഞ്ഞ് ഒരു ക്യാമ്പയിൻ തന്നെ തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ പാനി പൂരിയെ ഇങ്ങനെ വികൃതമാക്കിയതിന് ഇയാളെ ജയിലിലടയ്ക്കണം എന്നാണ് മറ്റൊരു കമന്റ്. ചിലർ ഒരു പടി കൂടി കടന്ന് വരുണിനെ ജയിലിൽ അടയ്ക്കണമെന്നുവരെ പറയുന്നുണ്ട്. തങ്ങളുടെ ഇഷ്ട വിഭവത്തിൽ പുളിയുറുമ്പുകളെ കൊണ്ടുവെച്ച പരീക്ഷണം ആർക്കും ഇഷ്ടമായിട്ടില്ല എന്ന് സാരം !
Content Highlights: pani puri with ants trending