ലോകസമാധാനത്തിന് വേണ്ടി നിലകൊണ്ട നെഹ്റുവീയൻ കാലം; ഇന്ന് ഇന്ത്യൻ നയം എവിടെയെത്തി നിൽക്കുന്നു?

ചേരിചേരാ നയത്തിലൂടെയും സാര്‍വ്വലൗകീകതയുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചും ഇന്ത്യ എന്ന രാജ്യത്തെ ലോകസമാധാനത്തിൻ്റെ വക്താക്കളായി പ്രതിഷ്ഠിച്ച നേതാവായിരുന്നു നെഹ്റു. എന്നാൽ 61 വർഷങ്ങൾ‌ക്കിപ്പുറം നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ വിദേശ നയങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.

അതുല്യ മുരളി
1 min read|27 May 2025, 05:09 pm
dot image

ആധുനിക ഇന്ത്യയെ വാർത്തെടുത്ത ജവഹർലാൽ നെഹ്‌റുവിന്റെ 61-ാമത് ചരമവാർഷികമാണ് ഇന്ന്. നൂറ്റാണ്ടുകളോളം കോളനിഭരണത്തിന് കീഴിലായിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്റുവിന് മറികടക്കേണ്ടിയിരുന്നത് വലിയ കടമ്പകളായിരുന്നു. സാമൂഹ്യവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികളാണ് 1947 ആഗസ്റ്റ്15ന് ശേഷം രാജ്യത്തിന് മുന്നിൽ ഉയർന്ന് വന്നിരുന്നത്. അനാചാരങ്ങൾ കൊടികുത്തി വാഴുകയും, ജാതീയത ഏറ്റവും തീവ്രമായി നിലനിൽക്കുകയും ചെയ്തിരുന്ന രാജ്യത്ത്, വികസനം ഏറ്റവും അവസാനത്തെയാളെ പോലും സ്പർശിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു.

'സമയത്തിന്റെ കടന്ന് പോക്കിലല്ല, ഒരു മനുഷ്യനുണ്ടായ നേട്ടങ്ങളിലൂടെയാണ് അയാളുടെ കാലത്തെ അടയാളപ്പെടുത്തേണ്ടത്' എന്ന നെഹ്‌റുവിന്റെ വാക്കുകൾ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൻ്റെ കൂടി പ്രതിഫലനമായിരുന്നു. ഭരണാധികാരി എന്ന നിലയിലും നെഹ്റുവിനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ തന്നെയാണ്. നെഹ്‌റു തന്റെ ഭരണകാലത്ത് ഇന്ത്യയിൽ കൊണ്ടുവന്ന മാറ്റങ്ങളും, പുതിയ ആശയങ്ങളും എടുത്ത് പറയാൻ കഴിയുന്നതായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നെഹ്‌റു കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചത് ഒരു മതേതര, ജനാധിപത്യ രാജ്യത്തെയായിരുന്നു. മിശ്ര സമ്പദ് വ്യവസ്ഥയെയും സോഷ്യലിസത്തിൽ അധിഷ്ഠിതമായ പൊതുമേഖല വ്യവസായ വികസനത്തെയും അദ്ദേഹം മുന്നോട്ടുവെച്ചു. അതിന് വേണ്ടിയാണ് അദ്ദേഹം രാജ്യത്ത് പഞ്ചവത്സര പദ്ധതികൾ അവതരിപ്പിച്ചത്. ബ്രിട്ടൺ കോളനിയാക്കി ഭരിച്ചിരുന്ന രാജ്യത്ത്, ലോകത്തിന്റെ സഹായത്തോടെ പല പുതിയ മുന്നേറ്റങ്ങളും നടപ്പിലാക്കാൻ നെഹ്‌റുവിന് സാധിച്ചു.

Nehru addressing Indian's after Independence
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന നെഹ്റു

പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയെ കെട്ടിപ്പെടുക്കാനുള്ള നിരവധി പദ്ധതികൾ നെഹ്‌റു വിഭാവനം ചെയ്തു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ നവീകരണ പദ്ധതികൾ നടപ്പിലാക്കുകയും, ദീർഘവീക്ഷണത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയോടൊപ്പം കോളനി ഭരണത്തിൽ നിന്ന് മോചിതരായ രാജ്യങ്ങൾ സ്വേച്ഛാധിപത്യത്തിന്റെയും, പട്ടാളഭരണത്തിന്റെയും പിടിയിലായപ്പോൾ ഇന്ത്യ ജനാധിപത്യ രാജ്യമായി തലയുയർത്തി നിന്നു. അന്ന് ലോകരാജ്യങ്ങൾക്ക് മുൻപിൽ ശക്തമായ നിലപാടെടുത്ത് തലയെടുപ്പോടെ നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. തകർന്ന് നാല് കഷ്ണമാകുമെന്ന് വിലയിരുത്തപ്പെട്ട ഒരു ജനതയെ ജനാധിപത്യത്തിൻ്റെ ചരടിൽ കോർത്ത് വൈവിധ്യങ്ങളുടെ ഒരു മാലയാക്കി മാറ്റാൻ സഹായിച്ചത് നെഹ്റുവിൻ്റെ ദീർഘവീക്ഷണങ്ങൾ തന്നെയായിരുന്നു.

1961ലെ ചേരിചേരാ നയത്തിലൂടെയും സാര്‍വ്വലൗകീകതയുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചും ഇന്ത്യ എന്ന രാജ്യത്തെ ലോകസമാധാനത്തിൻ്റെ വക്താക്കളായി പ്രതിഷ്ഠിച്ച നേതാവായിരുന്നു നെഹ്റു. എന്നാൽ 61 വർഷങ്ങൾ‌ക്കിപ്പുറം നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ വിദേശ നയങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ശീതസമര കാലത്ത് ലോകം രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ ഇന്ത്യ സ്വീകരിച്ച നിലപാട് ശക്തമായിരുന്നു. ഇന്ത്യയെ വരുതിയിൽ നിർത്താൻ അമേരിക്ക പഠിച്ച പണിപതിനെട്ടും നോക്കിയിരുന്നു. എന്നാൽ അന്ന് ലോകം ഉറ്റുനോക്കിയ ശക്തമായ നിലപാടുണ്ടായിരുന്നു ഇന്ത്യയ്ക്ക്. എന്നാൽ ഇന്ത്യയിപ്പോൾ ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുമായി കൂടുതൽ അടുക്കുകയും അമേരിക്കൻ പക്ഷത്താണെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന വിമർശനം ശക്തമാണ്.

കഴിഞ്ഞ കാലങ്ങളിലായി മോദിയും ബിജെപി സർക്കാരും നെഹറുവിനെതിരെ തൊടുത്തുവിടുന്ന അമ്പാണ് വിദേശ ബന്ധങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തിയില്ല എന്നത്. കഴിഞ്ഞ വർഷത്തെ പോളണ്ട് സന്ദർശനത്തിനിടെ 'പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയം എല്ലാ രാജ്യങ്ങളിൽ നിന്നും അകലം പാലിക്കുക എന്നതായിരുന്നു.' എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. എന്നാൽ സ്വാതന്ത്ര്യസമരകാലം മുതൽ തന്നെ ലോകത്തിന്റെ പലഭാഗങ്ങളുമായി ദൃഢമായ ബന്ധങ്ങൾ സൂക്ഷിക്കുകയും, സ്വാതന്ത്ര്യത്തിന് ശേഷം വിദേശ ബന്ധങ്ങളിൽ ദീർഘവീക്ഷണമുള്ള നിരീക്ഷണങ്ങൾ നടത്തുകയും ചെയ്ത നേതാക്കളായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നതെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാക്കാം. ഇന്ത്യയുടെ മുൻവിദേശനയത്തെക്കുറിച്ചുള്ള മോദിയുടെ ഈ പ്രസ്താവന രാജ്യത്തിന്റെ ചരിത്രം, നയതന്ത്ര ദിശാബോധം എന്നിവയെ വളച്ചൊടിക്കുന്നതായിരുന്നു. ചേരിചേരാ നയവുമായി ശീതയുദ്ധകാലത്ത് ലോകത്തിൻ്റെ ബഹുമാനം നേടിയ ഒരു വിദേശ നയത്തെക്കുറിച്ചായിരുന്നു മോദിയുടെ ഈ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് എന്നതാണ് എടുത്ത് പറയേണ്ടത്.

Also Read:

ലോകസമാധാനമായിരുന്നു നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ചേരി ചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ആശയങ്ങളിലൊന്ന്. 1961ൽ ലോകം സോവിയറ്റ് യൂണിയൻ്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരി, അമേരിക്ക നയിക്കുന്ന മുതലാളിത്ത ചേരി എന്നിങ്ങനെ രണ്ട് ചേരികളായി തിരിഞ്ഞപ്പോൾ ഇരു ചേരികളിലും പെടാതെ, മൂന്നാം ലോകരാജ്യങ്ങളെ ചേർത്ത് ചേരി ചേരാ പ്രസ്ഥാനം എന്ന പുതിയ ആശയത്തിന് രൂപം നൽകാൻ അന്ന് നെഹ്റുവിന് കഴിഞ്ഞു. ലോകസമാധാനത്തിന് വേണ്ടി നിലകൊണ്ടിരുന്ന ഈ പ്രസ്ഥാനം ഇരുചേരികൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചുകൊണ്ട് പ്രശ്നപരിഹാരത്തിന് മുൻ​ഗണന നൽ‌കി.

after non alignment movement, nehru with world leaders
ചേരി ചേരാ പ്രസ്ഥാന രൂപീകരണത്തിന് ശേഷം നെഹ്റു ലോക നേതാക്കൾക്കൊപ്പം

1947ൽ സ്വാതന്ത്ര്യ ലബ്ധി മുതൽ ഇന്ത്യ മുറുകെ പിടിച്ചിരുന്നതും, എന്നാൽ ഏതോ ഘട്ടത്തിൽ ഇന്ത്യ കൈവിട്ട് കളഞ്ഞതുമായ നിലപാടാണ് ലോകസമാധാനത്തിന് വേണ്ടിയുള്ള പരസ്പര സഹകരണം എന്നത്. കോളനിവത്കരണം അവസാനിപ്പിക്കുക, രാജ്യങ്ങൾ ആണവായുധങ്ങൾ സംഭരിക്കുന്നത് നിർത്തുക, തുടങ്ങിയ ആശയങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞിരുന്ന കാലം ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് പലസ്തീനിൽ പിഞ്ച് കുഞ്ഞുങ്ങളെ പോലും കൊന്ന് തള്ളുന്നത് പോലുള്ള മനുഷ്യത്വ രഹിതമായ നടപടികൾ ഇസ്രയേൽ സ്വീകരിക്കുമ്പോഴും ഇന്ത്യ അവർക്ക് നിശബ്ദ പിന്തുണ നൽകുകയാണ്.

ഈ നിലയിൽ ലോകസമാധാനത്തിന് വേണ്ടി, മനുഷ്യ ജീവന് വേണ്ടി, മതേതരത്വത്തിന് വേണ്ടി നിലകൊണ്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന്‍റെ പ്രതിച്ഛായ തകർക്കാനാണ് നി​ഗൂഢ കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ചരിത്രത്തെ മാറ്റി മറിക്കാൻ ആര് ശ്രമിച്ചാലും അതിനെയെല്ലാം മറികടന്ന് നെഹ്റുവിൻ്റെ പ്രതിച്ഛായയും, ആശയങ്ങളും, നിലപാടുകളും ഇന്ത്യക്കാരുടെ മനസിൽ‌ ജീവിക്കുക തന്നെ ചെയ്യും.

Content Highlight; India's foreign policy, from Nehru to Modi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us