ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നത് 15000 ഛിന്നഗ്രഹങ്ങള്‍; തടയാന്‍ മാര്‍ഗമില്ല; വലിയ അപകടമുണ്ടായേക്കാമെന്ന് നാസ

ഒരു നഗരത്തെത്തന്നെ തുടച്ചുനീക്കാന്‍ ശേഷിയുള്ള ഛിന്നഗ്രഹങ്ങളാണിവ

വലിയ ആക്രമണ ശേഷിയുളള ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി നാസ ശാസ്ത്രജ്ഞര്‍. ഇവയെ തടയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നും ഒരു നഗരത്തെത്തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇവയെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അരിസോണയിലെ ഫീനിക്‌സില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് (AAAS) സമ്മേളനത്തില്‍ നാസയുടെ ആക്ടിംഗ് പ്ലാനറ്ററി ഡിഫെന്‍സ് ഓഫീസര്‍ ഡോ.കെല്ലി ഫാസ്റ്റാണ് ഈ വിവരം നല്‍കിയത്.

ഭൂമിയില്‍ പതിച്ചാല്‍ ഒരു നഗരത്തെത്തന്നെ തുടച്ചുനീക്കാന്‍ കാരണമാകുന്ന ഏകദേശം 25,000 ഛിന്നഗ്രഹങ്ങളെ(ഏകദേശം 140 മീറ്ററോ അതില്‍ കൂടുതലോ) ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവയില്‍ 40 ശതമാനം മാത്രമേ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ.

ആശങ്ക സൃഷ്ടിക്കുന്ന ഛിന്നഗ്രഹങ്ങള്‍

'സിറ്റി കില്ലേഴ്‌സ്' എന്നുവിളിക്കുന്ന ഇവ ഏകദേശം 140 മീറ്റര്‍ (460 അടി) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലിപ്പമുള്ളതും മികച്ച ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കാണാന്‍ കഴിയാത്തത്ര ചെറുതും എന്നാല്‍ ഒരു വലിയ നഗരത്തെ നശിപ്പിക്കാനും, തീപിടുത്തം, വ്യാപകമായ നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് കാരണമാകാനും ശേഷിയുള്ളവയാണ്.

ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് തടയാന്‍ യാതൊരു വഴിയുമില്ല

നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതുവരെ ഇവയെ തടയാനുള്ള മാര്‍ഗ്ഗങ്ങളില്ല. ഇടത്തരം വലിപ്പമുള്ള ഛിന്നഗ്രഹങ്ങളാണ് ആശങ്കയ്ക്ക് കാരണം. ഇവയെ വഴിതിരിച്ച് വിടാനും സാധ്യതയില്ലെന്നാണ് നാസയുടെ ഡാര്‍ട്ട്(DART)മേധാവി നാന്‍സി ചാബോര്‍ട്ട് പറയുന്നത്. 2022ല്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ഒരു ബഹിരാകാശ പേടകം 14,000 മൈല്‍ വേഗതയില്‍ ഡൈമോര്‍ഫോസിന്റെ മിനി ചന്ദ്രനില്‍ ഇടിച്ചിറക്കി അതുവഴി അതിന്റെ സഞ്ചാരപാതയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നാസ തെളിയിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേഛിന്നഗ്രഹത്തെ കണ്ടെത്തുകയും ലക്ഷ്യസ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ മാത്രമേ അതിനെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ. വഴികണ്ടുപിടിക്കാന്‍ സാധിക്കാത്ത ഛിന്ന ഗ്രഹങ്ങളുടെ കാര്യത്തില്‍ ഈ മാര്‍ഗ്ഗം പ്രായോഗികമല്ല. അത് മാത്രമല്ല ഫണ്ടിങ്ങിലുള്ള അഭാവംകാരണം ഇത്തരത്തിലുള്ള ഒരു പ്രതിരോധ മാര്‍ഗ്ഗം തയ്യാറാക്കി വയ്ക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് ബഹിരാകാശ ഏജന്‍സികള്‍ കടക്കാറില്ലെന്ന് നാന്‍സി ചാബോട്ട് വ്യക്തമാക്കി.

സാധാരണ പ്രകൃതിദുരന്തങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമീപ ഭാവിയില്‍ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത ഇപ്പോഴും കുറവാണ്. എങ്കിലും കാണാത്ത രീതിയിലുള്ള ഇത്തരം വസ്തുക്കളുടെ അപകടസാധ്യത തള്ളിക്കളയാനാവില്ല. ഇത് ഗ്രഹ പ്രതിരോധം, അന്താരാഷ്ട്ര സഹകരണം, സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ സുസ്ഥിരമായ നിക്ഷേപത്തിന്റെ ആവശ്യകതയെക്കൂടി കാണിക്കുന്നതാണ്.

Content Highlights :Scientists have identified about 25,000 asteroids (about 140 meters or larger) that could wipe out a city if they hit Earth.

To advertise here,contact us