ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായിരിക്കുകയാണ്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നതിനെക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 243 സീറ്റുകളിൽ 121 സീറ്റുകളിലേയ്ക്കാണ് ആദ്യഘട്ടത്തിൽ വോട്ടിംഗ് നടന്നത്. ഇത്തവണ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ ആകെ സീറ്റുകളുടെ എണ്ണത്തിൽ 2020 മഹാഖഡ്ബന്ധന് മുൻതൂക്കം ലഭിച്ചിരുന്നു. അതിനാൽ തന്നെ ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ഇരുമുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട്. ആദ്യഘട്ട വോട്ടെടുപ്പിൻ്റെ തലേന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ മൂന്നാമത്തെ വാർത്താ സമ്മേളനം ബിഹാറിലെ വോട്ടർമാരെ സ്വാധീനിച്ചോ എന്നത് നിർണ്ണായകമാണ്. അതോ എസ്ഐആറിന് ശേഷം വോട്ടർമാരുടെ എണ്ണത്തിൽ സംഭവിച്ച കുറവാണോ പോളിംഗ് ശതമാനം ഉയർത്തിയതെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.
എന്തായാലും വോട്ട്ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉയർത്തിയ വിഷയങ്ങൾ ബിഹാർ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ മഹാഗഡ്ബന്ധൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു. തേജസ്വി യാദവുമായി ചേർന്ന് രാഹുൽ ഗാന്ധി നടത്തിയ 'വോട്ടർ അധികാർ യാത്ര' ബിഹാറിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചിരുന്നു. രണ്ടുമാസം മുൻപ്, കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 17-ന് ബിഹാറിലെ സാസാറാമിൽ നിന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാത്ര ആരംഭിച്ചത്. 2022-ലെ ഭാരത് ജോഡോ യാത്രയെയും 2024 ജനുവരിയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയെയും അനുസ്മരിപ്പിക്കുംവിധം ഒരു യാത്ര.
'വോട്ടർ അധികാർ യാത്ര' പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ രാജ്യത്തെ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയാണ്. ബിജെപി നടത്തിയ വോട്ട് മോഷണവും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും തുറന്നുകാട്ടി, ആ കുറ്റകൃത്യങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. ആർജെഡി നേതാവ് തേജസ്വി യാദവും സിപിഐ എംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യയും വിഐപി നേതാവ് മുകേഷ് സാഹ്നിയും രാഹുലിനൊപ്പം യാത്രയിൽ അണിനിരന്നു. മഹാസഖ്യത്തിലെ നേതാക്കൾക്കൊപ്പം തുറന്ന ജീപ്പിലായിരുന്നു രാഹുൽ യാത്ര നടത്തിയത്.
ഇത് ബിഹാറിലെ മഹാസഖ്യത്തിന്റെ ശക്തിയും സൗഹൃദവും പ്രകടമാക്കുന്ന നീക്കമായിരുന്നു. യാത്രയുടെ വിവിധ ഘട്ടങ്ങളിലായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിദ്ധരാമയ്യ, പ്രിയങ്കാ ഗാന്ധി, ദീപീന്ദർ ഹൂഢ, ഹേമന്ദ് സോറൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ഇൻഡ്യാ സഖ്യം ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ദേശീയ നേതാക്കളുടെ ബിഹാറിലേയ്ക്കുള്ള വരവും രാഹുലിന്റെ റാലിയിലെ സാന്നിധ്യവും വ്യക്തമാക്കിയത്.
രണ്ടാഴ്ച്ചയോളം ബിഹാറിൽ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിലെ ഉന്നത നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു. ഇത് സംസ്ഥാനത്തെ പ്രാദേശിക നേതാക്കൾക്കും അണികൾക്കും ഉണ്ടാക്കിയ ഊർജം ചെറുതല്ല. റാലിക്ക് പിന്തുണയുമായി എത്തിയ കാണികളിൽ ഭൂരിഭാഗവും ആർജെഡി, വിഐപി, സിപിഐഎംഎൽ സഖ്യത്തിന്റെ പ്രവർത്തകരായിരുന്നു. വോട്ട് ചോർ, ഗഡ്ഡി ഛോഡ് പോലുളള മുദ്രാവാക്യങ്ങൾ യാത്രയെ കൂടുതൽ ഊർജ്ജസ്വലമാക്കി. ഗ്രാമീണ ജനതയുമായുള്ള രാഹുൽ ഗാന്ധിയുടെ ഇടപെടലുകളും ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന സമീപനവും യാത്രയ്ക്ക് ബിഹാറിൻ്റെ ഗ്രാമീണ-നഗര മേഖലകളിൽ വലിയ സ്വീകാര്യത നൽകിയിരുന്നു.
മാത്രമല്ല, ബിഹാറിൽ ഭൂരിപക്ഷവും പിന്നാക്ക ഒബിസി വിഭാഗത്തിൽ നിന്നുളളവരാണ്. അവരുടെ വോട്ടാണ് ബിഹാർ രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകം. ദളിതരും ആദിവാസികളും ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തുന്നയാളാണ് രാഹുൽ ഗാന്ധി. അദ്ദേഹം തങ്ങളുടെ സംസ്ഥാനത്ത് എത്തി തങ്ങൾക്കുവേണ്ടി സംസാരിക്കുന്നു എന്നത് ബിഹാറിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആവേശവും പ്രതീക്ഷയും നൽകിയിരുന്നു.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 മണ്ഡലങ്ങളിൽ ആകെ 19 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. വോട്ടർ അധികാർ യാത്ര കടന്നുപോയതാകട്ടെ പ്രധാനമായും കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ കൂടിയായിരുന്നു. ബിഹാറിൽ സാധാരണയായി ആർജെഡിയുടെ നിഴലിൽ നിൽക്കുന്ന പാർട്ടി എന്ന ഇമേജാണ് കോൺഗ്രസിന് കഴിഞ്ഞ കാലങ്ങളിൽ ഉള്ളത്. എന്നാൽ അങ്ങനെയല്ല, കോൺഗ്രസ് ശക്തമായ ആശയങ്ങളും നേതാക്കളുമുളള പാർട്ടിയാണ് എന്ന് ബിഹാറിലെ ജനങ്ങളെ, പ്രത്യേകിച്ച് കോൺഗ്രസിൽ ഇപ്പോഴും പ്രതീക്ഷയുളള, കോൺഗ്രസിന് വോട്ട് ചെയ്യുന്ന ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിലാണ് വോട്ടർ അധികാർ യാത്ര കടന്നുപോയത്.
ബിഹാറിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുളള രാഹുൽ ഗാന്ധിയുടെ ശ്രമം കൂടിയാണ് വോട്ടർ അധികാർ യാത്ര. ഒരിക്കൽ ആധിപത്യം പുലർത്തിയിരുന്ന സംസ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ പ്രസക്തി പുനർനിർമിക്കാനുളള ശ്രമമായിരുന്നു ആ യാത്ര. ഈ തെരഞ്ഞെടുപ്പിൽ എത്രകണ്ട് രാഹുലിന്റെ ഈ നീക്കം വിജയം കാണുമെന്ന് കണ്ടറിയുക തന്നെ വേണം. എന്നാൽ വോട്ടർ അധികാർ യാത്രയോടെ ബിഹാറിലെ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പുതിയൊരു ഊർജ്ജം ലഭിച്ചിച്ചുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
Content Hghlights: Will Vote Chori affect Bihar? Voter Adhikar Yaathra Influence First Phase of Polling