15 വർഷം നീണ്ടുനിന്ന കേസിനൊടുവിൽ ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ ഡോളർ പിഴ നൽകാൻ വിധി. ജോൺസൺ ആൻഡ് ജോൺസണിൻ്റെ ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതാണ് കാൻസർ ബാധയ്ക്ക് കാരണമെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 മില്യൺ ഡോളർ നൽകാൻ കോടതി ഉത്തരവിട്ടത്. ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
ആസ്ബറ്റോസ് എക്സ്പോഷറുമായി ബന്ധപ്പെട്ട ഒരു കാൻസറായ മെസോതെലിയോമ മേ മൂറിന് ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ ഉത്തരവാദികളാണ് എന്നാണ് കോടതി കണ്ടെത്തിയത്. അപകടത്തിന്റെ നഷ്ടപരിഹാരമായി 16 മില്യൺ ഡോളറും പിഴയായി 950 മില്യൺ ഡോളറുമാണ് കേടതി ശിക്ഷവിധിച്ചത്. മേ മൂറിൻ്റെ കുടുംബത്തിനാണ് ഈ തുക ലഭിക്കുക. പൗഡർ ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ അപകടങ്ങൾ ജോൺസൺ ആൻഡ് ജോൺസൺ മറച്ചുവെച്ചുവെന്നാരോപിച്ചായിരുന്നു കേസ്. 2021ൽ 88 വയസ്സുള്ളപ്പോൾ മേ മൂർ മരിച്ചിരുന്നു.
കമ്പനി നേരത്തെ ടാൽക്കം പൗഡറുമായി ബന്ധപ്പെട്ട് വിജയിച്ച മറ്റ് കേസുകൾ ചൂണ്ടിക്കാണിച്ച് ഈ വിധി ഭരണഘടനാവിരുദ്ധമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ പ്രതികരിച്ചിരിക്കുന്നത്. വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് ജെ&ജെയുടെ ആഗോള വ്യവഹാര വൈസ് പ്രസിഡന്റ് എറിക് ഹാസ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ടാൽക് അധിഷ്ഠിത ബേബി പൗഡറിനെതിരെ നിരവധി കേസുകൾ വിചാരണഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് ഈ വിധി എന്നാതാണ് ശ്രദ്ധേയം. 2023 ജോൺസൺ ആൻഡ് ജോൺസൺ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറുകൾ ലോക വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. പാപ്പരത്ത കോടതികളെ ഉപയോഗിച്ച് പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ കമ്പനി നേരത്തെ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ബേബി പൗഡറിലെ ആസ്ബറ്റോസ് ഉപയോക്താക്കളെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ചുള്ള നിരവധി കേസുകളാണ് ജോൺസൺ ആൻഡ് ജോൺസണെതിരെ നിലനിൽക്കുന്നത്. ഈ കേസുകൾ പരിഹരിക്കുന്നതിന് 3 ബില്യൺ ഡോളറിലധികം കമ്പനി ചെലവഴിച്ചതായാണ് റിപ്പോർട്ട്. മെസോതെലിയോമയ്ക്കും അണ്ഡാശയ കാൻസറിനും കാരണമാകുമെന്ന് ആരോപിച്ചുള്ള 70,000-ത്തിലധികം പരാതികൾ ജോൺസൺ ആൻഡ് ജോൺസണെതിരെ ഇപ്പോഴും നിലനിൽക്കുകയാണ്. പ്രീ-ട്രയൽ ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾക്കായി ന്യൂജേഴ്സിയിലെ ഒരു ഫെഡറൽ ജഡ്ജിയുടെ മുമ്പാകെ ആ കേസുകളിൽ പലതും ഒരുമിച്ചാക്കിയിട്ടുണ്ട്.
നേരത്തെയും സമാനമായ കേസുകളിൽ കമ്പനിക്കെതിരെ ഒരു ഡസനോളം കേസുകളിൽ കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് വിധികൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതും പിന്നീട് അപ്പീൽ ഘട്ടങ്ങളിൽ തുക കുറയ്ക്കപ്പെടുകയോ അപ്പീൽ തള്ളുകയോ ആയിരുന്നു. 2018 ൽ മിസോറിയിലെ ഒരു കോടതിയി 20 സ്ത്രീകൾക്ക് 4.7 ബില്യൺ ഡോളർ പിഴശിക്ഷ വിധിച്ചതായിരുന്നു ഇതുവരെ ജോൺസൺ ആൻഡ് ജോൺസണെതിരെ ഉണ്ടായ ഏറ്റവും ഉയർന്ന പിഴത്തുകയുള്ള കോടതി വിധി. പിന്നീട് അപ്പീൽ കോടതി ഇത് 2.1 ബില്യൺ ഡോളറായി കുറച്ചിരുന്നു. ജോൺസൺ ആൻഡ് ജോൺസൺ പീന്നീട് പലിശ സഹിതം 2.5 ബില്യൺ ഡോളർ നൽകിയിരുന്നു.
ഇതിനിടെ ടാൽക്ക് കാൻസറിന് കാരണമാകുന്നില്ലെന്നും ഉൽപ്പന്നത്തിൽ ഒരിക്കലും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമുള്ള വാദങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ജോൺസൺ ആൻഡ് ജോൺസൺ. 100 വർഷത്തിലേറെയായി തങ്ങളുടെ ബേബി പൗഡർ ഉചിതമായി രീതിയിൽ വിപണനം ചെയ്യുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. 1970 കളുടെ തുടക്കത്തിലെങ്കിലും കമ്പനിക്ക് തങ്ങളുടെ ടാൽക്കിൽ ആസ്ബറ്റോസിന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് കാണിക്കുന്ന ആന്തരിക രേഖകൾ ഉദ്ധരിച്ചായിരുന്നു പക്ഷെ പരാതിക്കാരുടെ വാദം.
പരാതിക്കാരിയായ മൂർ ജെ & ജെ യുടെ ജോൺസൺ ആൻഡ് ജോൺസണിൻ്റെ ഷവർ-ടു-ഷവർ പൗഡറിനൊപ്പം അവരുടെ ബേബി പൗഡറും ഏകദേശം 80 വർഷത്തോളം ഉപയോഗിച്ചുവെന്നാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത്. നേരത്തെ 2012 ൽ ഏകദേശം 150 മില്യൺ ഡോളറിന് ഷവർ-ടു-ഷവർ വാലന്റ് ഫാർമസ്യൂട്ടിക്കൽസിന് ജോൺസൺ ആൻഡ് ജോൺസൺ വിറ്റിരുന്നു.
Content Highlights: Johnson & Johnson Must Pay Record 966 Million dollar in Talc Baby Powder Cancer Case