യുഎഇ-കേരള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനസ്ഥാപിക്കും; ആശങ്കകൾ പരിഹരിച്ചതായി അധികൃതർ

തിരുവനന്തപുരം എംപി ഡോ ശശി തരൂരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്

യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവീസുകളിലെ ആശങ്കകൾ പരിഹരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സപ്രസിന്റെ തുടർച്ചയായുള്ള സർവീസുകൾ യാത്രക്കാർക്ക് പ്രതീക്ഷിക്കാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിന്റർ ഷെഡ്യൂളിനെ ചൊല്ലി നിലനിന്നിരുന്ന ആശങ്കകളാണ് പരിഹരിച്ചത്.

നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ്, വരാനിരിക്കുന്ന വിന്റർ സീസണിൽ (ഒക്ടോബർ 2025 – മാർച്ച് 2026) കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും നടത്തിക്കൊണ്ടിരുന്ന കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകളുടെ എണ്ണം വെട്ടിച്ചുരുക്കാൻ പദ്ധതിയിട്ടിരുന്നു. പിന്നാലെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി യുഎഇയിൽ ഇന്ത്യൻ പ്രവാസികൾ രം​ഗത്തെത്തിയിരുന്നു. ഗൾഫ് മേഖലയിൽ കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും കുടുംബങ്ങളെയും ഈ നീക്കം ദുരിതത്തിലാക്കുമെന്ന് പ്രവാസികൾ കത്തിൽ അറിയിച്ചു.

തിരുവനന്തപുരം എംപി ഡോ ശശി തരൂരാണ് എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്നുള്ള പ്രധാനപ്പെട്ട ഗൾഫ് റൂട്ടുകൾ പുനസ്ഥാപിക്കുമെന്ന് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു തരൂരിന്റെ വാക്കുകൾ. ഒക്ടോബർ 28 മുതൽ ദുബായിൽ നിന്നും ഡിസംബർ മൂന്ന് മുതൽ അബുദാബിയിൽ നിന്നുമുള്ള സർവീസുകൾ പുനസ്ഥാപിക്കുമെന്നാണ് തരൂർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Content Highlights: Air India Express to reinstate UAE flights from Kerala's Thiruvananthapuram

To advertise here,contact us