
ദുബായ്: ഒരുമാസത്തെ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ഇന്ന് ദുബായില് റണ്ണില് പങ്കെടുത്തവര്ക്ക് നന്ദി അറിയിച്ച് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്സില് ചെയര്മാനുമായ ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം. 2,26,000 പേരാണ് ദുബായ് റണ്ണിൽ പങ്കാളികളായത്. ഷെയ്ഖ് ഹംദാനാണ് ദുബായ് റണ്ണിന് നേത്വം നൽകിയത്. സോഷ്യല് മീഡിയ അക്കൗണ്ടില് ദൃശ്യങ്ങള് പങ്കുവെച്ചാണ് അദ്ദേഹം നന്ദി അറിയിച്ചത്.
'ഇന്നത്തെ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. ലോകത്തിലെ ഏറ്റവും ആക്ടീവായ നഗരങ്ങളിലൊന്നായി ദുബായിയെ ഉയർത്താൻ നിങ്ങളാണ് പ്രചോദനം. ദുബായ് റണ്ണിൽ പങ്കെടുത്ത 226,000 പേർക്കും വലിയ നന്ദി! സജീവമായിരിക്കുക! ദുബായ്, ഓടുന്നത് തുടരുക'. ഷെയ്ഖ് ഹംദാൻ ചിത്രത്തോടൊപ്പം കുറിച്ചു. #dubai30x30ഷെയ്ഖ് ഹംദാൻ ചിത്രത്തോടൊപ്പം കുറിച്ചു.
ഒരുമാസം നീണ്ടു നിന്ന ഫിറ്റ്നസ് ചലഞ്ച് ദുബായ് റണ്ണോടെ ഇന്ന് സമാപിച്ചു. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്. കഴിഞ്ഞ മാസം 28നാണ് ഫിറ്റ്നസ് ചലഞ്ച് തുടങ്ങിയത്. ഒരു മാസക്കാലം, ദിവസവും മുപ്പത് മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് എല്ലാ വര്ഷവും ദുബായ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്. പ്രതീക്ഷിച്ചതിലധികം ജനപങ്കാളിത്തമാണ് ഇത്തവണ ഫിറ്റ്നസ് ചലഞ്ചിന് ലഭിച്ചത്.
ദുബായ് റണ്ണിൻ്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളില് രാവിലെ ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. അഞ്ച് കിലോമീറ്റര്, പത്ത് കിലോമീറ്റര് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടായിരുന്നു റണ് സംഘടിപ്പിച്ചത്. കുടുംബങ്ങള് ഉള്പ്പെടെയുളളവര്ക്ക് അഞ്ച് കിലോമീറ്ററും കൂടുതല് വൈദഗ്ധ്യമുള്ള ഓട്ടക്കാര്ക്ക് 10 കിലോമീറ്ററുമായി ക്രമീകരിച്ചിരുന്നു.