അറേബ്യയിലെ കേരളം എന്നറിയപ്പെടുന്ന ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ് (മൺസൂൺ) സീസണ് ഔദ്യോഗികമായി തുടക്കമായി. പുതുമഴ കാത്തിരിക്കുന്ന സലാലയിലേക്ക് ഈ വർഷവും സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരികളെ വരവേൽക്കുന്നതിനും ആഘോഷങ്ങൾക്കുമായി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായി ദോഫാർ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
കേരളത്തിലേതിന് സമാനമായി ദോഫാറിലും ജൂൺ, ജൂലൈ മാസങ്ങൾ മഴക്കാലമാണ്. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെ മൂന്നുമാസക്കാലമാണ് ഖരീഫ് സീസൺ നീണ്ടുനിൽക്കുക. പച്ചപ്പണിഞ്ഞ മലനിരകളും കോടമഞ്ഞും ചാറ്റൽമഴയും ആസ്വദിക്കാനാണ് ഓരോ വർഷവും ഇവിടേക്ക് പ്രകൃതിസ്നേഹികൾ ഒഴുകിയെത്തുന്നത്. ഈ സമയത്ത് ദോഫാർ പൂർണ്ണമായും ഒരു മൺസൂൺ വിനോദസഞ്ചാര കേന്ദ്രമായി മാറും.
കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ പത്ത് ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ദോഫാർ സന്ദർശിച്ചത് എന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഒരു സർവ്വകാല റെക്കോർഡായിരുന്നു. ഈ വർഷവും സഞ്ചാരികളുടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ മാസങ്ങൾക്ക് മുൻപുതന്നെ അധികൃതർ ആവശ്യമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു.
ദോഫാർ മുനിസിപ്പാലിറ്റി, പൈതൃക-ടൂറിസം മന്ത്രാലയം, റോയൽ ഒമാൻ പൊലീസ് (ആർഒപി), സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ), പരിസ്ഥിതി അതോറിറ്റി തുടങ്ങിയ സർക്കാർ വകുപ്പുകളും വിവിധ സ്വകാര്യ ഏജൻസികളും സംയുക്തമായാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന സന്ദർശകർക്ക് സുരക്ഷിതവും സുഗമവുമായ വിനോദസഞ്ചാര സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Salalah has ushered in the much-awaited Khareef season, transforming the region with cooler weather and lush greenery. Authorities say all arrangements are in place to receive visitors and ensure a smooth tourism experience throughout the season.