"തള്ളേ ഇവൻ കൊള്ളാം…" തിയേറ്റർ വിട്ടിറങ്ങുന്ന ഓരോ മലയാളിയുടെയും നാവിലിപ്പോൾ ഈ ഡയലോഗ് മാത്രമായിരിക്കും! അനിരുദ്ധിന്റെ ചെവി തുളയ്ക്കുന്ന മാസ് ബി.ജി.എമ്മും, തമിഴകത്തെ വിറപ്പിക്കാൻ സുരാജ് വെഞ്ഞാറമൂട് തീർക്കുന്ന അമ്പരപ്പിക്കുന്ന പ്രകടനവും കാണുമ്പോൾ ആരും പറഞ്ഞുപോകും—ഇത് വേറെ ലെവൽ പടം! മലയാളത്തിന്റെ സ്വന്തം ദേശീയ അവാർഡ് ജേതാവ്… തമിഴകത്തെ നടുക്കാൻ പുതിയ വില്ലൻ മുഖമായി സുരാജിന്റെ 'ദിലീപ്' എത്തുമ്പോൾ, സാക്ഷാൽ സൂപ്പർസ്റ്റാർ രജനീകാന്ത് പോലും എഴുന്നേറ്റുനിന്ന് കയ്യടിച്ചതിൽ അതിശയപ്പെടാൻ ഇല്ല! ജയിലർ 2ൽ സുരാജ് വെഞ്ഞാറമൂട് തീർക്കുന്നത് ഒരു പാൻ-ഇന്ത്യൻ തരംഗമാണ്…
ആദ്യഭാഗത്തിൽ വിനായകൻ ചെയ്ത 'വർമൻ' എന്ന കഥാപാത്രത്തിന് സമാനമായി, രജനീകാന്തിന്റെ 'ടൈഗർ മുത്തുവേൽ പാണ്ഡ്യന്' കടുത്ത വെല്ലുവിളി ജയിലർ 2വിലും രജിനിയുടെ കഥാപാത്രം നേരിടുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ സുരാജിന്റെ അടുത്ത് രജിനി അൽപം വിയർത്തു…അങ്ങനെയൊരു മാസ് വില്ലൻ വേഷമാണ് സുരാജ് ചെയ്ത വെച്ചിരിക്കുന്നത്. സുരാജിന്റെ ലുക്കും ക്യാരക്ടർ ഗ്ലിംപ്സിലെ പ്രകടനവും വലിയ രീതിയിൽ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൂട്ടിംഗ് സെറ്റിൽ സുരാജിന്റെ പ്രകടനം കണ്ട് സാക്ഷാൽ സൂപ്പർസ്റ്റാർ രജനീകാന്ത് എഴുന്നേറ്റുനിന്ന് കയ്യടിച്ച ആ നിമിഷം വെറുതെയല്ലെന്ന് തിയേറ്ററിലെ ഓരോ സീനും കാണിച്ചുതരുന്നു.
തമിഴ് സിനിമയിൽ സജീവമാകുന്ന സുരാജിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊക്കും ജയ്ലറിലെ പ്രകടനമെന്ന നിസംശയം പറയാൻ ആകും. അതുപോലെ, ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ 'മാത്യു' എന്ന കഥാപാത്രം തിയേറ്ററുകളിൽ വലിയ തരംഗവും കൈയടിയും നേടുന്നുണ്ട്. രജനീകാന്തുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷൻ സീനുകൾ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. ലാലേട്ടന്റെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ തിയേറ്ററുകളിൽ ആരാധകർ അർമാദിക്കുകയായിരുന്നു. അതെ പണ്ട് ആരോ പറഞ്ഞത് പോലെ തിയേറ്റർ കുലുങ്ങി!
കേരളത്തിലെ മിക്ക തിയേറ്ററുകളും ഇതിനോടകം തന്നെ ഹൗസ് ഫുള്ളായി കഴിഞ്ഞു. 8 കോടിക്കടുത്ത് അഡ്വാന്സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില് മോഹന്ലാലിന് മാത്രമുള്ള ഒരു റെക്കോഡില് രജിനിയും ഇടംപിടിച്ചിരിക്കുകയാണ്. കേരളത്തില് ഒന്നിലധികം ഏഴ് കോടി ഓപ്പണിങ്ങുള്ള രണ്ടാമത്തെ നടനായാണ് രജിനി മാറിയത്. രജിനിയുടെ മുന് ചിത്രമായ കൂലി കേരളത്തില് നിന്ന് മാത്രം ആദ്യദിനം 9.3 കോടി നേടിയിരുന്നു.
കൂലിയെക്കാള് ഹൈപ്പുള്ളതിനാല് ലിയോയുടെ ഫസ്റ്റ് ഡേ റെക്കോഡ് ജയിലര് 2 തകര്ക്കാന് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്. 12 കോടിയായിരുന്നു ലിയോ ആദ്യദിനം കേരളത്തില് നിന്ന് നേടിയത്. ലിയോയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജയിലര് 2 രണ്ടാം സ്ഥാനം സ്വന്തമാക്കിയേക്കും. വന് പോസിറ്റീവ് റിപ്പോര്ട്ട് ലഭിക്കുകയാണെങ്കില് ഫൈനല് റണ്ണില് കേരളത്തില് നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറാനും ജയിലര് 2ന് സാധ്യതകളുണ്ട്. ആഗോള തലത്തിൽ 600 കോടി നേടിയ ചിത്രത്തിന്റെ ആദ്യഭാഗം കേരളത്തില് നിന്ന് മാത്രം 60 കോടിക്കടുത്ത് നേടിയിരുന്നു. രണ്ടാം ഭാഗം ഏത് ലെവലാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്.
ആദ്യഭാഗമായ 'ജയിലർ' പോലെ തന്നെ ഡാർക്ക് ഹ്യൂമറും, മാസ് ആക്ഷൻ രംഗങ്ങളും, മികച്ച വില്ലൻ കഥാപാത്രങ്ങളും കോർത്തിണക്കി നെൽസൺ വീണ്ടും തീയേറ്ററുകളിൽ പൂരപ്പറമ്പ് തീർത്തിരിക്കുകയാണ്. ആദ്യഭാഗത്തെ വെല്ലുന്ന കിടിലൻ പശ്ചാത്തല സംഗീതവുമായി അനിരുദ്ധ് രവിചന്ദർ എത്തുമ്പോൾ സ്ക്രീനിൽ അടിയുടെ ഇടിയുടെ വെടിപൂരമാണ്! സുരാജിനും മോഹൻലാലിനും പുറമെ ഹക്കീം ഷാജഹാൻ, കോട്ടയം നസിർ, സുനിൽ സുഗത തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ കൊണ്ട് ചിത്രത്തെ സമ്പന്നമാക്കുന്നുണ്ട്. ഇത്രയും മലയാള സിനിമ താരങ്ങൾ ഒരു തമിഴ് സിനിമയിൽ അണിനിരക്കുമ്പോൾ ജയിലർ മലയാളികൾക്ക് അന്യഭാഷാ ചിത്രമല്ല, മറിച്ച് നമ്മുടെ സ്വന്തം സിനിമയായി മാറുന്നു.
Content Highlights: Jailer 2 is creating a buzz in Kerala, with Suraj's performance and the on-screen presence of Rajinikanth and Mohanlal drawing attention. The film has generated excitement among audiences, highlighting the appeal of its star cast.