മോഹൻലാലിന് മാത്രം സ്വന്തമായ റെക്കോർഡുകൾ

മലയാളത്തിന്റെ മോഹൻലാൽ ഒരു നല്ല സിനിമയുമായി എത്തിയാൽ തകർന്നു വീഴാവുന്ന റെക്കോർഡുകളെ ഇന്ന് മോളിവുഡിൽ ഉള്ളു

1 min read|02 Jun 2026, 02:47 pm

റെക്കോർഡുകൾ ഒന്നും തകർക്കാൻ ഇനി ബാക്കിയില്ല, എല്ലാം അവസാനിച്ചു എന്ന് കരുതിന്നിടത്ത് തൊട്ടടുത്ത സിനിമയുമായി എത്തി ആ റെക്കോർഡുകൾ തകർക്കും. സ്വന്തം റെക്കോർഡുകളോട് തന്നെ മത്സരിച്ച് അവയെ പിന്നിലാക്കുക. പറയുന്നത് മലയാളത്തിന്റെ മോഹൻലാലിനെ പറ്റിയാണ്. ഇനിയത് മോഹൻലാലിന്റെ മോളിവുഡ് എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം കേട്ടുകേൾവി മാത്രമായിരുന്ന, എന്നെങ്കിലും ഒരു നാൾ മലയാളത്തിനും സാധ്യമാകുമോ എന്ന് കരുതിയ റെക്കോർഡുകളിലേക്ക് മലയാള സിനിമയെ കൈപിടിച്ച് കയറ്റിയത് മോഹൻലാൽ ആണ്. ദി കംപ്ലീറ്റ് ആക്ടർ എന്ന് അദ്ദേഹത്തിലെ അഭിനേതാവിനെ വിശേഷിപ്പിക്കുമ്പോൾ അതിനൊപ്പം മോളിവുഡ്സ് ബോക്സ് ഓഫീസ് കിംഗ് എന്ന് കൂടി ലാലേട്ടനെ വിളിക്കേണ്ടി വരും- മലയാളത്തിന്റെ കിരീടം വെക്കാത്ത രാജാവ്.

2013 ൽ ദൃശ്യം എന്ന കൊച്ചു ഫാമിലി ഡ്രാമയായി മോഹൻലാൽ എത്തിയപ്പോൾ മികച്ച സിനിമയെന്ന ലേബലിനൊപ്പം മലയാളത്തിന്റെ ആദ്യ 50 കോടി അവിടെ പിറന്നു. മാസങ്ങൾ നീണ്ടു നിന്ന ടിക്കറ്റ് പ്രഷർ, വാർത്തകളിൽ ഉൾപ്പെടെ ചർച്ചകൾ, തകർന്നുവീണ റെക്കോർഡുകൾ. ദൃശ്യം ഒരു തുടക്കം മാത്രമായിരുന്നു. ഒരു മോഹൻലാൽ സിനിമയ്ക്ക് പോസിറ്റീവ് റെസ്പോൺസ് വന്നാൽ എന്താണ് സംഭവിക്കുക എന്ന് പിന്നീട് മോളിവുഡ് അറിഞ്ഞു.

2016 ഒക്ടോബർ ഏഴിന് ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കാൻ മറ്റൊരാൾ അവതരിച്ചു. പുലിയൂരുകാരുടെ സ്വന്തം പുലിമുരുകൻ. വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ 50 കോടിയെയെല്ലാം ഒന്നുമല്ലാതാക്കി. മോഹൻലാൽ തീർത്ത റെക്കോർഡിനെ മോഹൻലാൽ തന്നെ തകർത്ത കാഴ്ച. കൃത്യം 30 ദിവസത്തിനുള്ളിൽ തമിഴിനും തെലുങ്കിനും ബോളിവുഡിനും മാത്രം അവകാശപ്പെട്ടിരുന്ന 100 കോടിയിലേക്ക് രാജകീയമായി മോഹൻലാൽ എൻട്രി നടത്തി. മലയാള സിനിമയുടെ വാണിജ്യ സാധ്യകൾ എത്രത്തോളം വലുതാണെന്ന് കാണിച്ചുകൂടി കൊടുക്കുകയായിരുന്നു അവിടെ മോഹൻലാൽ.

തൊട്ടുപിന്നാലെ പൃഥ്വിരാജിന്റെ സംവിധാനത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയപ്പോൾ വെറും എട്ടു ദിവസം മതിയായിരുന്നു ലൂസിഫറിന് 100 കോടിയിലേക്ക് എത്താൻ. 100 കോടിയിൽ ഒതുങ്ങേണ്ടതല്ല മോളിവുഡിന്റെ സാദ്ധ്യതകൾ എന്ന് മോഹൻലാൽ വീണ്ടും ഓർമിപ്പിച്ച സിനിമ ആയിരുന്നു എമ്പുരാൻ. അഡ്വാൻസ് സെയിൽ മുതൽ ഫൈനൽ കളക്ഷൻ റെക്കോർഡുകൾ കൊണ്ട് അമ്മാനമാടിയ സിനിമ. 344k ടിക്കറ്റുകൾ ആയിരുന്നു ആദ്യ 24 മണിക്കൂറിൽ എമ്പുരാൻ വിറ്റത്. ഒപ്പം മലയാളത്തിൽ ഒരു സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി. അത് വരെ ദളപതി വിജയ് കയ്യടക്കി വെച്ചിരുന്ന റെക്കോർഡ് 14 കോടിയുമായി മോഹൻലാൽ അങ്ങ് തൂക്കി.

പിന്നാലെ വെറും രണ്ടു ദിവസം കൊണ്ട് 100 കോടി ക്ളബിലെത്തി അവിടെയും മോഹൻലാലും എമ്പുരാനും ചരിത്രം രചിച്ചു. നൂറും കടന്നു 200 കോടി വരെ എമ്പുരാൻ്റെ യാത്ര നീണ്ടു. എന്നാൽ എമ്പുരാന്റെ റെക്കോർഡിനെ വെറും രണ്ടു മാസങ്ങൾക്ക് ഇപ്പുറം മോഹൻലാൽ തന്നെ തിരുത്തി. കേരളത്തിൽ നിന്ന് ഒരു സിനിമ എന്നെങ്കിലും 100 കോടി ഷെയർ നേടുമോ എന്ന ചോദ്യങ്ങൾ പലയാവർത്തി ഉയർന്നപ്പോൾ അവിടെയും മറുപടി നൽകാൻ മോഹൻലാൽ തന്നെ അവതരിക്കേണ്ടി വന്നു. തരുൺ മൂർത്തി മോഹൻലാൽ ചിത്രം തുടരും. ആറു ദിവസം കൊണ്ട് 100 കോടിയിലേക്ക് എത്തിയപ്പോൾ കേരളത്തിൽ നിന്ന് മാത്രം 100 കോടി ഷെയർ നേടുന്ന സിനിമ കൂടിയായി തുടരും. ഒപ്പം തുടരെ 200 കോടിയിലേക്ക് എത്തുന്ന മോഹൻലാൽ സിനിമ കൂടി ആയി തുടരും.

റെക്കോർഡുകൾ അവിടെ അവസാനിച്ചെന്ന് കരുതാൻ വരട്ടെ. ദൃശ്യം മൂന്നാം ഭാഗവുമായി മോഹൻലാൽ എത്തിയപ്പോൾ പ്രതീക്ഷകളും വാനോളമായിരുന്നു. ആ പ്രതീക്ഷകൾക്ക് ഒരു കോട്ടവും തട്ടാതെ മോഹൻലാൽ കാത്തുസൂക്ഷിച്ചു എന്ന് വേണം കരുതാൻ. കാരണം പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ കൊണ്ട് 100 കോടിയിൽ എത്തിയ ദൃശ്യം 3 യ്ക്ക് 200 കോടിയിൽ എത്താൻ എടുത്തത് വെറും ഏഴ് ദിവസം മാത്രമാണ്. തിയേറ്ററുകളിൽ എങ്ങും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സിനിമ വൈകാതെ 300 കോടിയിലേക്ക് കടക്കുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഇതോടെ മൂന്ന് 200 കോടി സിനിമകൾ സ്വന്തം പേരിലുള്ള മലയാളത്തിലെ ഏക നടനായി മോഹൻലാൽ മാറി.

സിനിമയും കഥപറച്ചിൽ രീതിയുമെല്ലാം മാറി. പുതിയ താരോദയങ്ങൾ ഉണ്ടായി. എന്നാലും മലയാളത്തിന്റെ മോഹൻലാൽ ഒരു നല്ല സിനിമയുമായി എത്തിയാൽ തകർന്നു വീഴാവുന്ന റെക്കോർഡുകളെ ഇന്ന് മോളിവുഡിൽ ഉള്ളു. തരുൺ മൂർത്തി പറഞ്ഞത് പോലെ ആ പഴയ ആർജവത്തോടെ ലാലേട്ടന്റെ സ്ലീപ്പർ സെല്ലുകൾ ഉണർന്നിരിക്കുകയാണ്. ഇനിയും റെക്കോർഡുകൾ മലയാളത്തിന് തകർക്കാൻ ഏറെ ബാക്കിയുണ്ട്. അവയുടെ എല്ലാം മുൻപിൽ നെഞ്ചും വിരിച്ച് മോഹൻലാൽ ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം.

Content Highlights: Mohanlal has built an extraordinary legacy with numerous records across acting, box office success, longevity, and audience popularity. Over the decades, the superstar has achieved several milestones that remain exclusive to him, further cementing his status as one of the greatest icons of Malayalam cinema.

To advertise here,contact us