'യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയിൽ ആദ്യം ടൊവിനോയെ മാറ്റണമെന്ന് ഒരു നിർമാതാവ് പറഞ്ഞിരുന്നുവെന്ന് സംവിധായകൻ രൂപേഷ് പീതാംബരൻ. ഈ സിനിമ നിർമ്മിക്കാൻ ആരും തയ്യാറായിരുന്നില്ലെന്നും സ്റ്റാര് കാസ്റ്റ് ഇല്ലെന്ന് പറഞ്ഞെന്നും രൂപേഷ് പറഞ്ഞു. ശേഷം സിനിമ വേറോരാള് നിര്മിക്കുകയും ടൊവിനോയുടെ പ്രകടനത്തിന് മികച്ച പ്രശംസ ലഭിക്കുകയും ചെയ്തുവെന്നും രൂപേഷ് പറഞ്ഞു. പിന്നീട് ടൊവിയെ നായകനാക്കി ഈ പറഞ്ഞ നിര്മാതാവ് മൂന്ന് സിനിമകള് ചെയ്തുവെന്നും രൂപേഷ് കൂട്ടിച്ചേര്ത്തു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപേഷ് ഇക്കാര്യം പറഞ്ഞത്.
'യൂ ടൂ ബ്രൂട്ടസ് ഒന്നര കോടിക്ക് ചെയ്ത സിനിമയാണ്…ആ സിനിമ നിർമിക്കാൻ ആരും തയ്യാറായിരുന്നില്ല എല്ലാവർക്കും പേടി. സ്റ്റാർ കാസറ്റ് ഇല്ല, ടൊവിനോ ABCD, 7th ഡേ ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമാണ് അവൻ വലിയ പടങ്ങൾ ഒന്നും ചെയ്തിട്ടില്ല. മലയാള സിനിമയിൽ ഇപ്പോൾ കത്തിനിൽക്കുന്ന പ്രൊഡ്യൂസർ ഉണ്ട് പേര് പറയാൻ പറ്റില്ല. അവർ പറഞ്ഞു ടൊവിനോയെ മാറ്റണമെന്ന് എന്തിന് എന്ന് ചോദിച്ചപ്പോൾ അയാൾക്ക് ഫ്ലെക്സിബിലിറ്റി ഇല്ലെന്ന് പറഞ്ഞു. അത് ഞാൻ ഉണ്ടാക്കിക്കോളാം മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞു'.
'ശ്രീനിയേട്ടൻ എന്നെ ചീത്ത വിളിച്ചു നീ എന്തിനാണ് ഒരാൾക്ക് വേണ്ടി ഇങ്ങനെ വാശിപിടിക്കുന്നത് പടം തീർക്കണ്ടെന്ന്…ഞാൻ പറഞ്ഞു ശ്രീനിയേട്ടാ നിങ്ങളാണ് നായകൻ അത് പ്രൊഡ്യൂസ് ചെയ്യാൻ താത്പര്യയില്ലെന്ന് അവർ പറയട്ടെ ഇതിന്റെ ഇടയിൽ നിന്ന് എന്തിന് മാറ്റണമെന്ന് ചോദിച്ചു. ലോകയിൽ ടൊവിനോ അത്യുഗ്രനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. സിനിമ കണ്ട ഒരാൾ എന്നോട് പറഞ്ഞു ലോകയിൽ ടൊവിയെ കണ്ടപ്പോൾ ബ്രൂട്ടസിന്റെ ചെറിയ സാമ്യങ്ങൾ കണ്ടെന്ന്. എന്നിട്ട് ബ്രൂട്ടസ് ഇറങ്ങിയപ്പോൾ ടൊവിനോയ്ക്ക് ഒരുപാട് പ്രശംസകൾ കിട്ടി അതിന് ശേഷം മൊയ്തീനും റിലീസായി അപ്പോൾ അവന്റെ ഗ്രാഫ് അങ് കയറി. ഇതിന് ശേഷം ആ പഴയ പ്രൊഡ്യൂസഴ്സ് ടൊവിനോയെ നായകനാക്കി മൂന്ന് പടങ്ങൾ നിർമിച്ചു', രൂപേഷ് പറഞ്ഞു.
Content Highlights: Roopesh Peethambaran opens up about his first movie