'കഷ്ടപ്പാട് ഞങ്ങളുടെ,ക്രെഡിറ്റ് AI യ്ക്ക്'; പ്രകാശ് മാത്യുവിന്റെ രണ്ടാം വരവിൽ AI ഇല്ലെന്ന് DJ SIX EIGHT

ദി വീക്കെന്‍ഡിന്റെ സ്റ്റാര്‍ ബോയ് പാട്ടുമായി മിക്സ് ചെയ്തിറക്കിയ വീഡിയോയ്ക്ക് രണ്ടര മില്യൺ കാഴ്ചക്കാരാണ് ഉണ്ടായത്

dot image

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ മ്യൂസിക് വീഡിയോയായിരുന്നു സിക്‌സ് എയ്റ്റ് എന്ന യുട്യൂബ് ചാനൽ പുറത്തിറക്കിയ 'നിറം' സിനിമയിലെ 'പ്രായം നമ്മിൽ മോഹം നല്‍കി' എന്ന പാട്ടിന്റെ മിക്സ്. ദി വീക്കെന്‍ഡിന്റെ സ്റ്റാര്‍ ബോയ് പാട്ടുമായി മിക്സ് ചെയ്തിറക്കിയ വീഡിയോയ്ക്ക് രണ്ടര മില്യൺ കാഴ്ചക്കാരാണ് ഉണ്ടായത്.

വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഇതിന്റെ മേക്കിങ്ങിനെ കുറിച്ച് വ്യാപക ചർച്ചകൾ ഉയർന്നിരുന്നു. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചതെന്നായിരുന്നു പ്രധാന വാദം. എന്നാൽ ഈ വാദത്തെ തള്ളുകയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഡിജെ സിക്സ്എയ്റ്റ് എന്നറിയപ്പെടുന്ന റൊമിനിക് സ്റ്റീഫൻ. പ്രകാശിന്റെ മുഖം സൃഷ്ടിച്ച് പല ആങ്കിളുകളിൽ ബ്ലെൻഡ് ചെയ്താണ് ഇവ നിർമിച്ചതെന്നും ഇതിന് വേണ്ടി 6500 ഫ്രെയിമുകൾ വരെ ട്രാക്ക് ചെയ്യേണ്ടി വന്നെന്നും ഡിജെ സിക്സ്എയ്റ്റ് ദി ഹിന്ദുവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

'എഐ ആണ് ഇതെന്ന് പറയുന്നവരുണ്ട്. ഞങ്ങൾ കഷ്ടപെട്ടെടുത്ത വർക്കിന്‌ എ ഐയ്ക്ക് ക്രെഡിറ്റ് കൊടുക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്, ഒന്നര വർഷം പഠനത്തിനായും മൂന്ന് മാസം ഇതിന്റെ എഡിറ്റിങ്ങിനായും ഞങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിറത്തിൽ പ്രകാശ് മാത്യു എന്ന കഥാപാത്രം കോളേജിൽ ആലപിക്കുന്ന ഗാനമായിരുന്നു 'പ്രായം നമ്മിൽ മോഹം നല്‍കി' എന്നത്. പ്രകാശ് മാത്യു എന്ന കഥാപാത്രം സോന എന്ന കഥാപാത്രവുമായി വിവാഹമുറപ്പിക്കുന്നതും പിന്നീട് ആ വിവാഹം നടക്കാതെ പോകുന്നതും സോന കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച കഥാപാത്രത്തെ വിവാഹം കഴിക്കുന്നതുമൊക്കെയാണ് 'നിറം' ചിത്രത്തിന്റെ ഇതിവൃത്തം.

ശേഷം നിരാശനായ പ്രകാശ് മാത്യു എന്ത് ചെയ്തിട്ടുണ്ടാകുമെന്നാണ് ഈ മ്യൂസിക് ആൽബത്തിൽ അതിന്റെ നിർമാതാക്കൾ പറയാൻ ശ്രമിക്കുന്നത്. അന്ന് കോളജിനെ ആവേശം കൊള്ളിച്ച ഗായകന്‍ ഇന്ന് ലോകമെമ്പാടും ആരാധകരുള്ള പാട്ടുകാരനാണെന്നാണ് വീഡിയോയില്‍ പറയുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയ വേദികളെ ആവേശം കൊള്ളിക്കുന്ന , സെലിബ്രിറ്റികളുടെ കൂടെ കറങ്ങി നടക്കുന്ന ലോകോത്തര ബ്രാന്റുകളുടെ അംബാസിഡറും അതിസമ്പന്നനുമൊക്കെയായ പ്രകാശ് മാത്യുവിനെ സിനിമയെ വെല്ലുന്ന രീതിയിലാണ് മിനുറ്റുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ സോന ഇതൊക്കെ അറിയുന്നുണ്ടാകുമോ എന്ന പോലെയുള്ള കമന്റുകളുമുണ്ടായിരുന്നു. ഇത് പ്രകാശ് മാത്യുവിന്റെ രണ്ടാം വരവെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.

Content Highlights: 'not used AI in the video’DJ SixEight on the viral ‘Starboy’ X ‘Praayam nammil’ mix 

dot image
To advertise here,contact us
dot image