തമിഴ് സിനിമ ലോകത്തെ മുടിചൂടാമന്നനായി വിലസുന്നതിന് മുമ്പ് ബംഗളൂരുവിലെ കെഎസ്ആർടിസി ബസ്സിൽ കണ്ടക്ടർ ജോലി ചെയ്തിരുന്ന ഒരു ഭൂതകാലം രജനീകാന്തിന് ഉണ്ടായിരുന്നുവെന്നത് മിക്കവർക്ക് അറിയാവുന്ന കഥയാണ്. ശിവാജി റാവു ഗെയ്ക്വാദ് എന്ന ആ പഴയ ബസ് കണ്ടക്ടറെ ഇന്ന് ലോകം മുഴുവന്‍ 'തലൈവർ' എന്നും രജനീകാന്ത് എന്നും വിളിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ കഠിനാധ്വാനത്തിന്റേയും ആത്മസമർപ്പണത്തിന്റേയും വലിയ കഥയുണ്ട്.
75-ാം വയസ്സിലും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്ന രജനീകാന്തിന്റെ പഴയൊരു തിരിച്ചറിയൽ കാർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. അതേസമയം, ഇത്തരം ഒരു ഐഡി കാർഡ് അന്ന് ഇല്ലായിരുന്നുവെന്നും ഇത് എഐ നിർമ്മിത ഐഡി കാർഡാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്ത് തന്നെയായാലും കാർഡില്‍ രജനീകാന്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ എല്ലാം തന്നെ ശരിയാണ്.
1971-ൽ ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസ് (BTS) നൽകിയ ഈ ഐഡി കാർഡിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പേരായ ശിവാജി റാവു ഗെയ്ക്വാദ് എന്ന് കാണാം. എന്നാൽ ഇതിൽ ആരാധകരുടെ കണ്ണുടക്കിയത് മറ്റൊരു വിവരത്തിലാണ്. അന്ന് ഒരു ബസ് കണ്ടക്ടറായി രജനീകാന്തിന് ലഭിച്ചിരുന്ന പ്രതിമാസ ശമ്പളം വെറും 275 രൂപ മാത്രമായിരുന്നു. അതേ ഇന്ന് ഒരു സിനിമക്ക് 200 കോടിയിലേറെ പ്രതിഫലം വാങ്ങുന്ന രജനീകാന്തിന്റെ അന്നത്തെ ശമ്പളം 275 രൂപ.
സിനിമയിലേക്ക് കടന്ന് വരുന്നത് മുമ്പ് ബംഗളൂരുവിലെ 10A റൂട്ട് ബസ്സിലായിരുന്നു രജനീകാന്ത് ജോലി ചെയ്തിരുന്നത്. എന്തായാലും. ഈ ഐഡി കാർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങള്‍ വരെ യഥാർത്ഥ ഐഡി കാർഡ് എന്ന രീതിയില്‍ വാർത്തയും നല്കി. ഒരു സാധാരണക്കാരന്റെ കഠിനാധ്വാനത്തിന്റെ കഥ പറയുന്നതാണ് ഈ ചിത്രമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
സിനിമയോടുള്ള ലഹരി കാരണം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതാണ് രജനീകാന്തിന്റെ ജീവിതം മാറ്റിമറിച്ചത്. അവിടെവെച്ച് പ്രശസ്ത സംവിധായകൻ കെ ബാലചന്ദർ അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയുകയും 1975-ൽ പുറത്തിറങ്ങിയ 'അപൂർവ രാഗങ്ങൾ' എന്ന ചിത്രത്തിൽ ചെറിയൊരു വേഷം നൽകുകയും ചെയ്തു. അവിടുന്ന് അങ്ങോട്ട് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഒരു സിനിമാ സാമ്രാജ്യത്തിന്റെ തുടക്കമായിരുന്നു അത്.
വില്ലൻ വേഷങ്ങളിൽ നിന്ന് തുടങ്ങി പിന്നീട് തന്റെ തനതായ ശൈലി കൊണ്ടും സ്ക്രീൻ പ്രെസൻസ് കൊണ്ടും അദ്ദേഹം ഇന്ത്യൻ സിനിമയിലെ തരംഗമായി മാറി. 1971-ൽ 275 രൂപ ശമ്പളം വാങ്ങിയിരുന്ന ആ കണ്ടക്ടർ, 2018-ൽ ഫോർബ്സ് ഇന്ത്യയുടെ ഏറ്റവും ധനികരായ 100 പ്രമുഖരുടെ പട്ടികയിലും ഇടംപിടിച്ചു.
Content Highlights: An old ID card from Rajinikanth’s time as a bus conductor has gone viral on social media. The document has sparked renewed interest in the superstar’s humble beginnings and reportedly reveals details about his first salary before he entered the film industry and became one of India’s biggest stars.