ഓൺലൈൻ ബോണ്ട് പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങൾക്കും പ്രമോഷനുകൾക്കും കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ SEBI നിർദേശം. നിക്ഷേപകരെ ആകർഷിക്കാൻ FOMO (Fear of Missing Out) സൃഷ്ടിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾക്കും ഉറപ്പുള്ള റിട്ടേൺ എന്ന പ്രതീതി നൽകുന്ന അവകാശവാദങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം.
ഓൺലൈൻ ബോണ്ട് പ്ലാറ്റ്ഫോമുകൾ വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് SEBIയുടെ പുതിയ നീക്കം. ഉയർന്ന റിട്ടേൺ, പരിമിത സമയത്തേക്കുള്ള അവസരം തുടങ്ങിയ രീതിയിൽ നിക്ഷേപകരിൽ അടിയന്തരമായി നിക്ഷേപിക്കണമെന്ന സമ്മർദ്ദം സൃഷ്ടിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കണമെന്നാണ് നിർദേശത്തിലെ പ്രധാന ലക്ഷ്യം.
ബോണ്ട് നിക്ഷേപങ്ങളിൽ ലഭിക്കാവുന്ന പലിശയെയോ റിട്ടേണിനെയോ ഉറപ്പായ വരുമാനം എന്ന രീതിയിൽ അവതരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും SEBI നിയന്ത്രണം നിർദേശിക്കുന്നു. ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ തിരിച്ചടവ് സാധ്യത, ക്രെഡിറ്റ് റിസ്ക്, പലിശനിരക്ക്, കാലാവധി തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ഒരു നിക്ഷേപത്തിൽ ലഭിക്കുന്ന പലിശ നിരക്ക് ഉയർന്നതാണെന്നത് മാത്രം സുരക്ഷിത നിക്ഷേപമാണെന്നർഥമല്ല. കൂടുതൽ റിട്ടേണിനൊപ്പം കൂടുതൽ റിസ്കും ഉണ്ടായേക്കാം എന്ന കാര്യം നിക്ഷേപകർ വ്യക്തമായി മനസ്സിലാക്കണമെന്നാണ് SEBI നിർദേശിക്കുന്നത്. ഓൺലൈൻ ബോണ്ട് പ്ലാറ്റ്ഫോമുകളുടെ പരസ്യങ്ങളിലും പ്രമോഷണൽ ഉള്ളടക്കങ്ങളിലും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഒഴിവാക്കുന്നതിന് കൂടുതൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ആലോചന.
SEBIയുടെ നിർദേശങ്ങൾ നടപ്പിലായാൽ ഓൺലൈൻ ബോണ്ട് പ്ലാറ്റ്ഫോമുകളുടെ പരസ്യങ്ങളിൽ റിട്ടേണിനൊപ്പം റിസ്കും കൃത്യമായി വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടാകും. നിക്ഷേപകർ പരസ്യം മാത്രം കണ്ട് തീരുമാനമെടുക്കാതെ, ബോണ്ടിന്റെ ക്രെഡിറ്റ് നിലവാരം, ഇഷ്യുവറുടെ സാമ്പത്തിക സ്ഥിതി, പലിശ, മെച്യൂരിറ്റി, റിസ്ക് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമേ നിക്ഷേപിക്കാവൂ. ഉയർന്ന റിട്ടേൺ എന്ന് കണ്ടാൽ ഉടൻ നിക്ഷേപിക്കേണ്ടതില്ല. ഉയർന്ന റിസ്ക് എത്രയെന്ന് കൂടി നോക്കണം.
Content Highlights: Sebi proposes tighter ad rules for online bond platforms; seeks curbs on FOMO, ‘fixed returns’ claims