2025ല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം 44% ഉയര്‍ന്നു; രാജ്യം പ്രധാന നിക്ഷേപ കേന്ദ്രമെന്ന് UN റിപ്പോര്‍ട്ട്

യൂറോപ്പിലെ പ്രധാന ധനകാര്യ കേന്ദ്രങ്ങളിലൂടെയുള്ള ഇടപാടുകള്‍ ഒഴിവാക്കിയാല്‍ ആഗോള എഫ്ഡിഐ 4 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

2025ല്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 44 ശതമാനം വര്‍ധിച്ച് 39 ബില്യണ്‍ ഡോളറിലെത്തിയതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യ പ്രധാന നിക്ഷേപ കേന്ദ്രമെന്ന നില കൂടുതല്‍ ശക്തിപ്പെടുത്തി.

യുണൈറ്റഡ് നേഷന്‍സ് ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് പുറത്തിറക്കിയ 2026 വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍. 2025ല്‍ ആഗോള തലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഒഴുക്ക് 6 ശതമാനം വര്‍ധിച്ച് 1.6 ട്രില്യണ്‍ ഡോളറിലെത്തി. വികസിത രാജ്യങ്ങളിലേക്കുള്ള നിക്ഷേപം 11 ശതമാനവും വികസ്വര രാജ്യങ്ങളിലേക്കുള്ളത് 2 ശതമാനവും ഉയര്‍ന്നു. യൂറോപ്പിലെ പ്രധാന ധനകാര്യ കേന്ദ്രങ്ങളിലൂടെയുള്ള ഇടപാടുകള്‍ ഒഴിവാക്കിയാല്‍ ആഗോള എഫ്ഡിഐ 4 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണേഷ്യയിലേക്കുള്ള മൊത്തം 34 ബില്യണ്‍ ഡോളറില്‍ നിന്ന് 46 ബില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്. ഇതിന് പ്രധാന കാരണം ഇന്ത്യയിലേക്കുള്ള നിക്ഷേപ വര്‍ധനയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിക്ഷേപ വളര്‍ച്ചയ്ക്ക് പിന്നില്‍ സര്‍ക്കാര്‍ പദ്ധതികള്‍

സേവനമേഖലയ്ക്ക് പുറമെ ഉല്‍പ്പാദനമേഖലയിലേക്കും നിക്ഷേപം വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് ഇന്ത്യയുടെ നേട്ടത്തിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതി, മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങിയ പദ്ധതികള്‍ ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍, അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതോടൊപ്പം നാഷണല്‍ സിംഗിള്‍ വിന്‍ഡോ സിസ്റ്റം, ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് ബാങ്ക്, നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ എന്നിവയും നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സഹായിച്ചു.

എഫ്ഡിഐ ഒഴുക്ക് വര്‍ധിച്ചെങ്കിലും പുതിയ നിക്ഷേപ പദ്ധതികളില്‍ കൂടുതല്‍ ജാഗ്രത പ്രകടമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024ല്‍ 111 ബില്യണ്‍ ഡോളറിലേറെ മൂല്യമുണ്ടായിരുന്ന പ്രഖ്യാപിത ഗ്രീന്‍ഫീല്‍ഡ് നിക്ഷേപങ്ങള്‍ 2025ല്‍ 74 ബില്യണ്‍ ഡോളറായി കുറഞ്ഞു. പദ്ധതികളുടെ എണ്ണത്തിലും നേരിയ ഇടിവുണ്ടായി. പ്രത്യേകിച്ച് നിര്‍മ്മാണമേഖലയില്‍ പ്രഖ്യാപിച്ച നിക്ഷേപ മൂല്യം 65 ബില്യണ്‍ ഡോളറില്‍ നിന്ന് 27 ബില്യണ്‍ ഡോളറിലേക്കാണ് ഇടിഞ്ഞത്. വലിയ മൂലധന നിക്ഷേപം ആവശ്യമായ മേഖലകളിലാണ് ഇടിവ് കൂടുതല്‍ പ്രകടമായത്.

ഐടി, ഡിജിറ്റല്‍ മേഖലയില്‍ മുന്നേറ്റം

നിര്‍മ്മാണമേഖലയില്‍ ഇടിവുണ്ടായെങ്കിലും സേവനമേഖലയിലേക്കുള്ള നിക്ഷേപം ശക്തമായി തുടര്‍ന്നു. 2025ല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്ററുകളിലേക്ക് നിക്ഷേപം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ആഗോള വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വിതരണ ശൃംഖലയിലെ മാറ്റങ്ങള്‍ എന്നിവ 2026ലെ നിക്ഷേപ സാധ്യതകളെ ബാധിക്കാമെന്നും യുഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: India attracted USD 39 billion in FDI in 2025, a 44% year-on-year increase, reinforcing its status as a key global investment destination despite growing uncertainty in the global economy

To advertise here,contact us