ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിവാഹം. അതുകൊണ്ട് തന്നെ വിവാഹം നടത്തുന്നത് വലിയ ആഘോഷങ്ങളോടെയാണ്. ഇന്നത്തെ കാലത്ത് മിക്കവരും വായ്പ എടുത്തും വിവാഹം നടത്തുന്നുണ്ട്. എന്നാല്‍ ഇത് ശരിയായ ഒരു സാമ്പത്തിക തീരുമാനമാണോ? വിവാഹ ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കണം.
എപ്പോഴാണ് വായ്പ എടുക്കേണ്ടത്?
വിവാഹത്തിന് ആവശ്യമായ പണത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ കൈവശമുണ്ടാവുകയും, ചെറിയൊരു തുക മാത്രം കുറവുണ്ടാവുകയും ചെയ്യുമ്പോള്‍ ഒരു വായ്പ പരിഗണിക്കാം. വലിയ തുക ഒഴിവാക്കി കുറഞ്ഞ കാലയളവിലെ ലോണുകളെ ആശ്രയിക്കുന്നതാണ് നല്ലത്.
തിരിച്ചടവ് ശേഷി: പ്രതിമാസ വരുമാനത്തിന്റെ വലിയൊരു ഭാഗം ഇഎംഐ ആയി പോകുന്നില്ല എന്ന് ഉറപ്പുവരുത്തുക. മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിച്ചേക്കാം. ലോണ്‍ എടുക്കുമ്പോഴുള്ള അപകടങ്ങള്‍ പലതാണ്.
ഉയര്‍ന്ന പലിശ നിരക്ക്: പേഴ്സണല്‍ ലോണുകള്‍ക്ക് സാധാരണയായി 10% മുതല്‍ 24% വരെ ഉയര്‍ന്ന പലിശയാണ് ഈടാക്കുന്നത്. ഇത് നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ (ഉദാഹരണത്തിന് വീട് വാങ്ങുക) പിന്നോട്ടടിക്കാം.
കടക്കെണി: വിവാഹം കഴിഞ്ഞാലുടന്‍ വലിയൊരു കടബാധ്യതയുമായി ജീവിതം തുടങ്ങുന്നത് ദമ്പതികള്‍ക്കിടയില്‍ മാനസിക സമ്മര്ദ്ദമുണ്ടാക്കാനിടയാക്കും
എങ്ങനെ ലോണ്‍ ഒഴിവാക്കാം
കൃത്യമായ ബജറ്റ് പ്ലാനിങ് ആദ്യമേ ഉണ്ടായിരിക്കണം. കയ്യിലുള്ള തുകയ്ക്കനുസരിച്ച് വിവാഹ ചെലവുകള്‍ ക്രമീകരിക്കുക. അനാവശ്യമായ ആഡംബരങ്ങള്‍ ഒഴിവാക്കുന്നത് കടബാധ്യത കുറയ്ക്കാന്‍ സഹായിക്കും.വിവാഹത്തിനായി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് എസ്ഐപി വഴിയോ മറ്റോ പണം നിക്ഷേപിച്ചു തുടങ്ങുന്നത് ലോണ്‍ എടുക്കേണ്ട സാഹചര്യം ഒഴിവാക്കും. ചിട്ടികള്‍ പോലുള്ളവയും പരിഗണിക്കാം. ഇവയൊന്നും ഇല്ലായെങ്കില്‍ സ്വര്‍ണ പണയം പോലുള്ള ഓപ്ഷനുകള്‍ പേഴ്സണല്‍ ലോണിനെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാകും. എന്നാല്‍ ഇതും ഒരു ബാധ്യത തന്നെയാണെന്ന് ഓര്‍ക്കണം. കൃത്യമായി ചെറിയ തുകയെങ്കിലും അടച്ച് സ്വര്‍ണം വീണ്ടെടുക്കണം.
വിവാഹം ഒരു ദിവസത്തെ ആഘോഷമാണ്, എന്നാല്‍ ഒരു വായ്പ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ബാധ്യതയാണ്. അതിനാല്‍, ലോണ്‍ എടുക്കുന്നതിന് മുന്‍പ് അത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കില്ലെന്ന് ഉറപ്പുവരുത്തുക. ആഡംബരത്തേക്കാള്‍ പ്രാധാന്യം സമാധാനപരമായ ദാമ്പത്യ ജീവിതത്തിന് നല്‍കുന്നതാണ് ബുദ്ധി. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് കൃത്യമായി ആലോചിച്ച് നടപ്പാക്കാം.
Content Highlights: A wedding loan may ease immediate expenses, but the long-term cost of debt should be carefully considered before borrowing.