നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമോ? അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതെങ്ങനെ?

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടുന്നു? അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം? വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണം? അറിയാം

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമോ? അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതെങ്ങനെ?
dot image

വാട്ട്‌സ്ആപ്പ് വഴിയുളള തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. എന്‍ഡ്-ടു എന്‍ഡ് എന്‍ക്രിപ്ഷനും മറ്റ് സുരക്ഷാ സവിശേഷതകളും ഉണ്ടായിരുന്നിട്ടും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന് കാരണങ്ങള്‍ പലതാണ്. ആ കാരണങ്ങളെക്കുറിച്ചും വാട്ട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമായി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും അറിയാം.

സിം സ്വാപ്പിംഗ് അല്ലെങ്കില്‍ പോര്‍ട്ട് - ഔട്ട് തട്ടിപ്പ്

ലോകമെമ്പാടും നടന്നുവരുന്ന സാധാരണമായ തട്ടിപ്പ് രീതികളില്‍ ഒന്നാണ് സിം സ്വാപ്പിംഗ്. ടെലികോം ജീവനക്കാരായി ആള്‍മാറാട്ടം നടത്തുക, വ്യാജരേഖകള്‍ ഉപയോഗിച്ച് ഇരകളാക്കേണ്ടവരുടെ ഫോണ്‍നമ്പര്‍ പുതിയൊരു സിം നമ്പറിലേക്ക് മാറ്റുക എന്നിവയൊക്കെയാണ് ഇതിലൂടെ ചെയ്യുന്നത്. ഇങ്ങനെ ഫോണ്‍നമ്പര്‍ മാറ്റുന്നതിലൂടെ അവര്‍ക്ക് നിങ്ങളുടെ ഫോണ്‍നമ്പറിന്മേല്‍ നിയന്ത്രണം ലഭിക്കുകയും എല്ലാ മെസേജുകളും വോയിസ് വേരിഫിക്കേഷന്‍ കോഡുകളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ചെയ്യും.

ഈ തട്ടിപ്പില്‍നിന്ന് രക്ഷപെടാന്‍ -ഫോണില്‍ ഒരു സിംകാര്‍ഡ് പിന്‍ അല്ലെങ്കില്‍ പോര്‍ട്ട് -ഔട്ട് പാസ്‌വേഡ് സജ്ജമാക്കുക.

വാട്‌സ്ആപ്പ് വേരിഫിക്കേഷന്‍ കോഡ് ഹാക്ക് ചെയ്യുക

ഫോണിലേക്ക് വരുന്ന എസ് എം എസ് വേരിഫിക്കേഷന്‍ കോഡുകള്‍ ഉപയോക്താക്കളെ കബളിപ്പിച്ച് തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിക്കുന്നു. അത്യാവശ്യമുള്ള കാര്യങ്ങളാണെന്നോ, അല്ലെങ്കില്‍ വൈകാരികമായ അഭ്യര്‍ഥനകള്‍ നടത്തിയോ നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ സ്വാധീനിച്ച് വേരിഫിക്കേഷന്‍ കോഡുകള്‍ തട്ടിയെടുക്കുകയോ, ബാങ്ക് ജീവനക്കാരായി ചമഞ്ഞ് വിവരങ്ങള്‍ തട്ടിയെടുക്കുകയോ ചെയ്യും.

എങ്ങനെ സുരക്ഷിതമായിരിക്കാം- ഒരിക്കലും നിങ്ങള്‍ക്ക് ലഭിക്കുന്ന വേരിഫിക്കേഷന്‍ കോഡുകള്‍ ആരുമായും പങ്കിടരുത്. അക്കൗണ്ടില്‍ ടു-സ്റ്റെപ്പ് വേരിഫിക്കേഷന്‍ ചെയ്തുവയ്ക്കുക.

ക്യുആര്‍ കോഡ് ഫിഷിംഗ് അല്ലെങ്കില്‍ ക്വിഷിംഗ്

ഹാക്കര്‍മാര്‍ വ്യാജ ക്യൂആര്‍ ലിങ്കുകള്‍ ഉപയോഗിച്ച് ദോഷകരമായ വെബ്‌സൈറ്റുകളിലേക്ക് ആളുകളെ നയിക്കും. നിങ്ങള്‍ ലിങ്കുകളില്‍ കയറി സ്‌കാന്‍ ചെയ്താല്‍ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വാട്‌സ്ആപ്പ് വെബ് സെഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

എങ്ങനെ സുരക്ഷിതമായിരിക്കാം - ഔദ്യോഗിക വാട്‌സ് ആപ്പ് വെബ്‌സൈറ്റില്‍(web.whatsapp.com) നിന്നുള്ള ക്യൂആര്‍ കോഡ് മാത്രം സ്‌കാന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

ഫോണിലെ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ്

നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകള്‍, അല്ലെങ്കില്‍ നൂതനമായ സ്‌പൈവെയറുകള്‍ എന്നിവയ്ക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ , കോഡുകള്‍ എന്നിവ മോഷ്ടിക്കാനോ മൊബൈല്‍ ഫോണ്‍ ദൂരെനിന്ന് പോലും നിയന്ത്രിക്കാനോ കഴിയും.

സുരക്ഷിതമായിരിക്കാന്‍- അജ്ഞാത ഉറവിടങ്ങളില്‍നിന്നുളള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കുക. ഫോണും വാട്‌സ്ആപ്പും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. വിശ്വസനീയമായ രീതിയിലുള്ള ആന്റിവൈറല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് എങ്ങനെ അറിയാം

  • നിങ്ങള്‍ വാട്‌സ്ആപ്പില്‍നിന്ന് ലോഗൗട്ട് ചെയ്തുവെന്നോ മറ്റേതെങ്കിലും ഡിവൈസില്‍ ഓണ്‍ ചെയ്തുവെന്നോ സന്ദേശം ലഭിക്കുക.
  • നിങ്ങള്‍ ആവശ്യപ്പെടാതെ ഫോണുകളിലേക്ക് വരുന്ന സ്ഥിരീകരണ കോഡുകള്‍.
  • നിങ്ങള്‍ ചേരാത്ത ഗ്രൂപ്പുകളില്‍ നിങ്ങളുടെ വാട്‌സ് ആപ്പ് നമ്പറുകള്‍ ചേര്‍ക്കുക. നിങ്ങളുടെ പേരില്‍ മറ്റാര്‍ക്കെങ്കിലും സന്ദേശങ്ങള്‍ ചെല്ലുക.
  • നിങ്ങളുടെ നമ്പറില്‍ നിന്ന് വിചിത്രമായ സന്ദേശങ്ങളോ പണം അഭ്യര്‍ഥിച്ചുകൊണ്ടുളള മെസേജുകളോ സുഹൃത്തുക്കള്‍ക്കോ മറ്റോ ലഭിക്കുക.
  • നിങ്ങള്‍ സന്ദേശങ്ങള്‍ വായിച്ചില്ലെങ്കിലും വായിച്ചതായി നീല ടിക്ക് വരിക.

നമ്പര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണം

  • വാട്‌സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് തോന്നിയാല്‍ നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ചുതന്നെ ഫോണില്‍ വീണ്ടും വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യുക.
  • cybercrime.gov.in എന്ന വൈബ്‌സൈറ്റില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യുക.
  • നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് മറ്റൊരു പ്ലാറ്റ്‌ഫോം വഴി മറ്റുള്ളവരെ അറിയിക്കുക.
  • ഇന്‍- ആപ്പ് സപ്പോര്‍ട്ട് വഴി വാട്‌സ് ആപ്പിനെ സംഭവം അറിയിക്കുക.
  • പാസ്‌വേഡുകള്‍ മാറ്റി നിങ്ങളുടെ ഇമെയിലിലും ക്ലൗഡ് അക്കൗണ്ടിലും മള്‍ട്ടി ഫാക്ടര്‍ ഒതന്റിഫിക്കേഷന്‍ (MFA) ഓണ്‍ ചെയ്തിടുക.

Content Highlights :How do your WhatsApp accounts get hacked? How to secure your account? What to do if your WhatsApp account gets hacked? You know

dot image
To advertise here,contact us
dot image