
സെപ്റ്റംബർ ഒമ്പതിനാണ് ആപ്പിൾ ഐഫോൺ 17 ലോഞ്ച് ചെയ്തത്. നിരവധി പേരാണ് ആപ്പിൾ ഐഫോൺ ഇതിനകം വാങ്ങിയത്. വലിയ സ്വീകാര്യത തന്നെ ഐഫോണിന് ലോകമെമ്പാടും ലഭിച്ച ദിവസങ്ങളാണ് കടന്നുപോയത്. ഇതിനിടെ വലിയ ഒരു വിവാദം ആപ്പിളിന് നാണക്കേടായി പുറത്തുവന്നിരുന്നു. ആപ്പിൾ ഐഫോൺ 17 സീരീസിന്റെ പുറംപാളിയിൽ സ്‌ക്രാച്ചുകൾ കണ്ടതായിരുന്നു ആ വിവാദം.
ഇതിൽ ആപ്പിൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഐഫോണിൽ സംഭവിച്ചത് എല്ലാ ഫോണുകളിലും കാണുന്നതുപോലെയുള്ള ചില പോറലുകളും മറ്റും മാത്രമാണ് എന്നതായിരുന്നു ആപ്പിളിന്റെ വിശദീകരണം. ചെറിയ ചില ഉരസലുകൾ മൂലം ഉണ്ടായതാകാം ഇവ എന്നും ആപ്പിൾ പറയുന്നു.
നിരവധി ഉപഭോക്താക്കളാണ് ഐഫോണിന്റെ പിൻപാളിയിൽ സ്‌ക്രാച്ചുകൾ വരുന്നതായി വെളിപ്പെടുത്തി രംഗത്തെത്തിയത്. ഐഫോൺ 17ൽ സാധാരണയായി ഉപയോഗിക്കുന്ന ടൈറ്റാനിയത്തിന് പകരം അലുമിനിയം ആണ് ഉപയോഗിച്ചിരിക്കുന്നത്. വേപ്പർ കൂളിംഗ് ചേംബർ ഉള്ളതിനാൽ ആണ് അലുമിനിയം ഉപയോഗിച്ചിട്ടുളളത്. പ്രൊ മോഡലുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെത്തന്നെ പിൻപാളികളിൽ സ്ക്രച്ചുകൾ കണ്ടുതുടങ്ങിയിരുന്നു എന്നാണ് വിവരം. ഫോൺ വാങ്ങി ദിവസങ്ങൾക്ക് ശേഷവും ഇങ്ങനെ സ്‌ക്രാച്ചുകൾ പ്രത്യക്ഷപ്പെടുന്നതായി നിരവധിപേർ പരാതി പറയുന്നുണ്ട്. സ്ക്രാച് ഗേറ്റ് എന്ന പേരിൽ ഇത്തരം പലരുടെയും അനുഭവങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്.
17 സീരീസിലെ ഹിറ്റ് വേരിയന്റായ കോസ്മിക് ഓറഞ്ച് ഐഫോണിലും നിരവധി സ്‌ക്രാച്ചുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്. ഐഫോൺ പ്രൊ മോഡലുകളിലാണ് ഇത്തരത്തിൽ കൂടുതൽ പരാതികൾ വരുന്നത്. 17 എയറിൽ അത്ര പരാതിയില്ല. ടൈറ്റാനിയം ഫ്രെയിമും ഗ്ലാസ് ബാക്കും ഉള്ളതിനാലാണ് എയർ 'എയറി'ലാകാതെ പോയത്.
Content Highlights: apple respons to iphone 17 scratch issue